
കൊച്ചി: വാഹനങ്ങളിലെ നിയമവിരുദ്ധമായ കൂട്ടിച്ചേർക്കലുകൾ സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആലപ്പുഴയിൽ കാറിൽ നീന്തൽക്കുളമുണ്ടാക്കിയ യു ട്യൂബ് വ്ലോഗർ സഞ്ജു ടെക്കിയുടെ കാര്യത്തിൽ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിക്കും. വ്ലോഗർമാരടക്കം ഇത്തരത്തിൽ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടി വേണമെന്ന് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
അതേസമയം, കാനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ശിക്ഷ നടപടിയുടെ ഭാഗമായിട്ടാണ് സഞ്ജു ടെക്കിക്കും സുഹൃത്തുക്കൾക്കും സാമൂഹിക സേവനം നൽകിയത്. സാമൂഹിക സേവനത്തിന്റെ രണ്ടാം ദിനമായിരുന്നു ഇന്നലെ. രാവിലെ 8 മുതൽ 2 വരെയാണ് സേവനം ചെയ്യേണ്ടത്. 15 ദിവസത്തേക്കാണ് ഇവർക്ക് ശിക്ഷ നൽകിയിരിക്കുന്നത്. ഇനി 12 ദിവസം കൂടി ആലപ്പുഴ മെഡിക്കൽ കോളേജിൽ സേവനം ചെയ്യണം.
യൂട്യൂബിൽ നാല് ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിംഗ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്യുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടര്പോളിന് ചോര്ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Last Updated Jun 13, 2024, 1:35 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]