

കുവൈത്ത് തീപിടിത്തം: മരിച്ചവരിൽ ചങ്ങനാശ്ശേരി, പെരിന്തല്‍മണ്ണ സ്വദേശികൾ, ശ്രീഹരി കുവൈത്തിലെത്തിയത് കഴിഞ്ഞ ആഴ്ച, 13 മലയാളികളെ തിരിച്ചറിഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരിൽ 13 മലയാളികളെ തിരിച്ചറിഞ്ഞു. ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ശ്രീഹരി പി. (27), പെരിന്തൽമണ്ണ പുലാമന്തോൾ തിരുത്ത് സ്വദേശി മരക്കാടത്ത് പറമ്പിൽ ബാഹുലേയൻ (36) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകനാണ് ശ്രീഹരി. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ശ്രീഹരി കഴിഞ്ഞ ജൂൺ അഞ്ചിനാണ് ജോലിക്കായി കുവൈത്തിലെത്തിയത്.
മുന്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന മരക്കാടത്ത് പറമ്പില്‍ വേലായുധന്റെ മകനാണ് ബാഹുലേയന്. 5 വർഷത്തോളമായി ഇദ്ദേഹം കുവൈത്തിലാണ്. മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അപകടത്തിൽ ആകെ 49 പേരാണ് മരിച്ചത്. ചികിത്സയിലുള്ളവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്. തെക്കൻ കുവൈത്തിൽ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് അപകടമുണ്ടായത്.
മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനി ജീവനക്കാരുടെ ഫ്ലാറ്റിലാണ് ഇന്നലെ പുലർച്ചെ തീപിടിത്തമുണ്ടായത്. സ്വദേശി പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റു ചെയ്തു.
കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. പരുക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിൽസ ഉറപ്പു വരുത്തിയതായി ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.
തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് എൻബിടിസി കമ്പനി അറിയിച്ചു. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഇന്നത്തെ പരിപാടികൾ സംസ്ഥാന സർക്കാർ ഒഴിവാക്കി. കുവൈത്തിലുണ്ടായ തീപിടിത്തം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]