
ജീവിതത്തില്‍ എപ്പോഴെങ്കിലും മൈഗ്രേൻ തലവേദന അനുഭവപ്പെട്ടിട്ടുള്ളവര്ക്കറിയാം അത് വെറുമൊരു തലവേദനയല്ലെന്ന്. ശരീരത്തെ മുഴുവന്‍ ബാധിക്കുന്ന ഈ വേദന ഉറക്കത്തെ പോലും നഷ്ടപ്പെടുത്താം. തലവേദനയ്ക്ക് പുറമേ പല ലക്ഷണങ്ങളും മൈഗ്രേൻ ഉള്ളവരില്‍ ഉണ്ടാകാം. കഴുത്തുവേദന, മനംമറിച്ചില്‍, ഛര്‍ദ്ദി, ശരീരവേദന, തലക്കറക്കം, മാനസിക സമ്മര്‍ദ്ദം, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള സംവേദനത്വം എന്നിവയെല്ലാം മൈഗ്രേനിന്റെ പ്രധാന ലക്ഷണങ്ങളാണ്.
തീക്ഷ്ണമായ വെളിച്ചം, വലിയ ശബ്ദങ്ങള്‍, വെയില് കൊള്ളുന്നത്, ചൂട്, നിര്‍ജലീകരണം, കഫൈന്‍, ചോക്ലേറ്റ്, അച്ചാര്‍, സംസ്കരിച്ച മാംസം, ചീസ് പോലുള്ള ചില ഭക്ഷണവിഭവങ്ങള്‍ എന്നിങ്ങനെ മൈഗ്രേൻ ട്രിഗറായി പ്രവര്‍ത്തിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഗുളികകൾ കഴിക്കുന്നത് മൈഗ്രേന് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, ചിലരില്‍ ഇത് വേദനയ്ക്ക് പൂർണ്ണമായ ഒരു പരിഹാരമാകുന്നില്ല. എന്നാൽ ഗുളികകളില്ലാതെ തലവേദനയുടെ ആവൃത്തി കുറയ്ക്കാനുള്ള വഴികളുണ്ടെന്ന് നിങ്ങൾക്കറിയാമോ?
മൈഗ്രേൻ പെട്ടെന്ന് മാറാന്‍ മല്ലി ചേർത്തുള്ള ചായ കുടിക്കുന്നത് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ശ്വേത ഷാ പറയുന്നത്. മല്ലി ചായ മൈഗ്രേനിന് ആശ്വാസം നൽകുന്നതെങ്ങനെ? മല്ലി വിത്തുകൾക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് മൈഗ്രേൻ ആക്രമണങ്ങളുടെ തീവ്രതയും ആവൃത്തിയും കുറയ്ക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്. ദി മെഡിക്കൽ ജേണൽ ഓഫ് ദി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും ഇക്കാര്യം പറയുന്നുണ്ട്. മൈഗ്രേൻ തലവേദനയുള്ളപ്പോള്‍ മല്ലി ചായ കുടിക്കുന്നത് വേദനയും ആവൃത്തിയും കുറയ്ക്കുമത്രേ.
മല്ലി ചായ തയ്യാറാക്കുന്ന വിധം:
1. ഒരു ഗ്ലാസ് വെള്ളത്തിൽ 1 ടീസ്പൂൺ മല്ലിയില തിളപ്പിക്കുക.
2. നന്നായി തിളപ്പിച്ച് ഈ ചായ മൈഗ്രേൻ ഉള്ളവര്‍ക്ക് ദിവസവും കുടിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]