
‘വസ്ത്രം വലിച്ചു കീറി; ദൃശ്യം പകർത്തി..’: നഗ്നയാക്കി മർദനം, വാട്സാപ്പിൽ പ്രചരിപ്പിക്കും: ‘സെക്സ് റാക്കറ്റിനെ’ കുടുക്കിയത് ആ പെൺകുട്ടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘അവർ നാലു പേരുണ്ടായിരുന്നു. എന്റെ വസ്ത്രങ്ങൾ അവർ വലിച്ചു കീറി. അതിന്റെ ദൃശ്യങ്ങൾ പകർത്തി. ഞാൻ നിലവിളിച്ചപ്പോൾ അവർ നടുറോഡിൽ എന്നെ ഇറക്കിവിട്ടു. കഴുത്തിലെ സ്വർണമാലയും പൊട്ടിച്ചെടുത്തു…’– രാഷ്ട്രീയത്തെ തന്നെ ഇളക്കിമറിച്ച പെൺകുട്ടിയുടെ വാക്കുകൾ ഇന്ന് പ്രതികൾക്കു നേടിക്കൊടുത്തത് മരണംവരെ ജീവപര്യന്തം ശിക്ഷ. രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ പൊള്ളാച്ചി പീഡനപരമ്പരയിലെ പ്രതികൾ ഇന്ന് ശിക്ഷിക്കപ്പെടുമ്പോൾ ചർച്ചയാകുന്നത് തനിക്കു സംഭവിച്ചതു തുറന്നു പറയാൻ ഒരു പെൺകുട്ടി കാണിച്ച അസാധാരണ ധൈര്യമാണ്.
2019 ഫെബ്രുവരിയിൽ കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്നത്തെ സർക്കാരിനെ പിടിച്ചുലച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തിയത്. പൊള്ളാച്ചി സ്വദേശികളായ എൻ.ശബരിരാജൻ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി. വസന്തകുമാർ (30), ആർ.മണി (32), പി.ബാബു (33), ടി.ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം.അരുൺകുമാർ എന്നീ പ്രതികൾക്ക് മരണംവരെ ജീവപര്യന്തം ശിക്ഷയാണ് കോയമ്പത്തൂർ കോടതി വിധിച്ചത്. ഇരകളായി കണ്ടെത്തിയ എട്ടു യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
മുൻകൂട്ടി തയാറാക്കിയ പദ്ധതി; പീഡന പരമ്പര
2016നും 2019നും ഇടയിൽ പൊള്ളാച്ചി കേന്ദ്രീകരിച്ച പെണ്‍വാണിഭ സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഇവരിൽ ശബരിരാജനാണ് പെൺകുട്ടികളെ പ്രത്യേകിച്ച് കോളജ് വിദ്യാർഥികളെ പ്രണയം നടിച്ച് കൂടെക്കൂട്ടി വിവിധ സ്ഥലങ്ങളിൽ എത്തിച്ചിരുന്നത്. ഇത്തരത്തിൽ എത്തിക്കുന്ന പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി അവരുടെ നഗ്നവിഡിയോകൾ ചിത്രീകരിക്കും. ഈ വിഡിയോകൾ ഉപയോഗിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നതായിരുന്നു രീതി.
കൂടുക്കിയത് ആ തുറന്നുപറിച്ചിൽ
പീഡനത്തിന് ഇരയായവരെല്ലാം വിവരം രഹസ്യമായി വച്ചപ്പോൾ 19കാരിയായ കോളജ് വിദ്യാർഥിനിയുടെ തുറന്നുപറച്ചിലാണ് കേസിനെ മുന്നോട്ടു നയിച്ചത്. ശബരീരാജൻ വാട്സാപ് സന്ദേശങ്ങളിലൂടെയാണ് പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. സ്കൂളിൽ പെൺകുട്ടിയുടെ സീനിയറായിരുന്നു ഇയാൾ. പെൺകുട്ടിയുടെ സഹോദരനും അടുത്തറിയാം. 2019 ഫെബ്രുവരി 12നായിരുന്നു കേസിന് ആസ്പദമായ സംഭവം. അത്യാവശ്യകാര്യമുണ്ടെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ പെൺകുട്ടിയെ പൊള്ളാച്ചിയിലെ ഒരു ബസ് സ്റ്റോപ്പിലേക്കു വിളിച്ചത്. എല്ലാവർക്കും അറിയാവുന്ന സ്ഥലമായതിനാൽ പെൺകുട്ടി പറഞ്ഞ സ്ഥലത്തെത്തി. അവിടെ ശബരീരാജൻ കാത്തുനിൽപ്പുണ്ടായിരുന്നു. കാറിൽ പോകാമെന്നും യാത്രയ്ക്കിടെ സംസാരിക്കാമെന്നും പറഞ്ഞ് പെൺകുട്ടിയെ ഒപ്പം കൂട്ടി. പരിചയമുള്ള ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാമെന്നു പറഞ്ഞാണു പോയതെങ്കിലും വണ്ടി അവിടവും കടന്നുപോയപ്പോൾ പെൺകുട്ടിക്ക് സംശയമായി. എതിർത്തപ്പോൾ മർദിച്ചു. അതിനിടെ അതുവഴി പോയ രണ്ട് ബൈക്ക് യാത്രികർ ഇതു കണ്ടതോടെ പെൺകുട്ടിയെ റോഡിലേക്കു വലിച്ചെറിയുകയായിരുന്നുവെന്നാണ് മൊഴി.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ തിരുനാവക്കരശും വസന്തകുമാറും ശബരീരാജനും പെൺകുട്ടിക്ക് മെസജുകൾ അയയ്ക്കാന്‍ തുടങ്ങി. ശബരീരാജനൊപ്പമുള്ള കാറിലെ ദൃശ്യങ്ങൾ ഇന്റര്‍നെറ്റിൽ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. സഹികെട്ടപ്പോൾ വിവരം സഹോദരനോടു പറയുകയായിരുന്നു. ഒരു തമിഴ് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫെബ്രുവരി 16ന് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്നു ശബരീരാജനെ പിടികൂടി മർദിച്ചതോടെയാണു തമിഴ്നാടിനെ നടുക്കിയ പെൺവാണിഭ സംഘത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ശബരീരാജന്റെ സുഹൃത്തുക്കളായ വസന്തകുമാറിനെയും സതീഷിനെയും ഫെബ്രുവരി 17ന് സഹോദരനും സംഘവും മർദിച്ചു. അന്നുതന്നെ വൈകിട്ട് തിരുനാവക്കരശും സംഘത്തിന്റെ കയ്യിലെത്തി. ഇവരുടെ മൊബൈലുകൾ പരിശോധിച്ചപ്പോഴാണു ഒട്ടേറെ പെൺകുട്ടികളെ സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
നൂറോളം വിഡിയോകൾ ഫോണിലുണ്ടായിരുന്നുവെന്നാണ് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത്. 10-12 പെൺകുട്ടികളാണ് എല്ലാ വിഡിയോയിലുമായി ഉണ്ടായിരുന്നത്. ഏതാനും വർഷങ്ങളായി സംഘം ഈ ‘ബ്ലാക്ക്മെയിൽ പീഡനം’ തുടരുകയായിരുന്നെന്നും തെളിഞ്ഞു. ഇതോടെയാണ് തങ്ങളുടെ കയ്യിലകപ്പെട്ടത് പെൺവാണിഭ സംഘത്തിലെ വൻ കണ്ണികളാണെന്നു വ്യക്തമായത്. സ്കൂൾ വിദ്യാര്‍ഥികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ കൂട്ടത്തിലുണ്ടായിരുന്നെന്നും മൊബൈൽ കൈമാറിയവർ പറഞ്ഞു. ഇവർ ഫോൺ സഹിതം പൊള്ളാച്ചി പൊലീസിൽ പരാതി നൽകി. എന്നാൽ എസ്പിയും ഡിഎസ്പിയും തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശീലനത്തിനു പോയെന്നായിരുന്നു മറുപടി. അതിനിടെ തിരുനാവക്കരശ് ബാർ നാഗരാജ് എന്ന് അറിയപ്പെടുന്ന അണ്ണാ ഡിഎംകെ പ്രവർത്തകൻ കൂട്ടാളികളെ കൂട്ടി വന്ന് പെൺകുട്ടിയുടെ സഹോദരനെ മർദിച്ചു. ശബരീരാജനോ തിരുനാവക്കരശിനോ എന്തെങ്കിലും സംഭവിച്ചാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. ഈ സംഭവത്തിൽ നാഗരാജിനൊപ്പം വസന്തകുമാർ, സെന്തിൽ, ബാബു, മണി എന്നിവർ അറസ്റ്റിലായി.
അതിക്രൂരൻ റിസ്വന്ത്
ബ്ലാക്ക്മെയിൽ സംഘത്തിൽ പ്രധാനമായും നാലു പേരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇവരുടെ ശൃംഖല വളരെ വലുതായിരുന്നു. കോയമ്പത്തൂർ, സേലം, പൊള്ളാച്ചി മേഖലയിലുള്ള സ്കൂൾ–കോളജ് വിദ്യാർഥികളും യുവ ഡോക്ടർമാരും ഉൾപ്പെടെ ഇവരുടെ പീഡനത്തിനിരയായെന്നാണ് റിപ്പോർട്ടുകൾ. പൊള്ളാച്ചി സ്വദേശിയായ ശബരീരാജൻ സിവിൽ എൻജിനീയറാണ്. റിസ്വന്ത് എന്നും പേരുണ്ട്. ഇരുപത്തിയഞ്ചുകാരനായ ഇയാളാണ് പെൺകുട്ടികളെ ആളൊഴിഞ്ഞ വീടുകളിലേക്കോ ഹോട്ടൽ മുറിയിലേക്കോ വശീകരിച്ച് എത്തിക്കുന്നത്. ഇതിനിടെ ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കും. ചിലരോടു പ്രണയം നടിച്ചും ശബരീരാജ് തട്ടിപ്പു നടത്തിയിരുന്നു. പീഡനദൃശ്യങ്ങള്‍ ഒളിക്യാമറകളിലൂടെ പകർത്താനുള്ള സംവിധാനം നേരത്തേ തയാറാക്കി വച്ചിട്ടുണ്ടാകും. ഇതിന് ഹോട്ടൽ ഉടമകൾ ഉൾപ്പെടെ ഒത്താശ നൽകിയിരുന്നതായും സൂചനയുണ്ട്.
പീഡനത്തിനിടെ കൂട്ടത്തിലൊരാൾ രക്ഷകനായി വരും. അതിനിടെ കടന്നുവരുന്ന മറ്റുള്ളവർ ചിത്രീകരണം തുടരുകയും ചെയ്യും. അതിനിടെ തമിഴ്മാധ്യമങ്ങൾ ചില വിഡിയോകൾ പുറത്തുവിട്ടിരുന്നു. എല്ലാത്തിലും പ്രതികളുടെ മുഖം വ്യക്തമാണ്. പെൺകുട്ടികളെ പിന്നീട് ബ്ലാക്ക്മെയിൽ ചെയ്യാവുന്ന വിധത്തിലുള്ള സംസാരവും ശബരീരാജന്‍ നടത്തുന്നത് പതിവായിരുന്നു. പ്രണയത്തിലെ ചതി മനസ്സിലാകുമ്പോഴേക്കും പലരും സംഘത്തിന്റെ മുതലെടുപ്പിന് കീഴടങ്ങേണ്ട അവസ്ഥയിലായിരുന്നു. പീഡനത്തിനിടെ കൂട്ടാളികൾക്കായി ശബരീരാജന്‍ മുറി തുറന്നുകൊടുക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മിക്ക വിഡിയോകളിലും പ്രതികളുടെ പേരും വിളിക്കുന്നത് വ്യക്തം. ‘അണ്ണാ…’ എന്നു വിളിച്ച് നഗ്നയായി സഹായത്തിനു കരയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. പീഡിപ്പിക്കരുതെന്നും വെറുതെവിടണമെന്നും വിഡിയോകളിൽ പെൺകുട്ടി അപേക്ഷിക്കുന്നുണ്ട്. അതിനിടെ ചുറ്റിലും നിന്ന് ചിരിക്കുന്ന പ്രതികളുടെ ദൃശ്യങ്ങളും. പെൺകുട്ടികളെ മർദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
മൂന്നോട്ടു വന്നത് 12 പേർ മാത്രം
50 മുതൽ 200 പെൺകുട്ടികൾ വരെ ഇവരുടെ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് മാധ്യമറിപ്പോർട്ടുകൾ. ഫൊറൻസിക് തെളിവുകളും ഫോൺ ഡാറ്റകളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും 8 അതിജീവിതർ മാത്രമാണ് കോടതിയിൽ തങ്ങൾ നേരിട്ട ക്രൂരതകൾ തുറന്നുപറയാനെത്തിയത്. സിബിഐ കണ്ടെത്തിയ 12 അതിജീവിതകളിലുള്ളവരാണ് ഈ 8 പേർ. പൊതുമധ്യത്തിൽ അപമാനിതരാകുമെന്നും തുടർ ജീവിതത്തെ ബാധിക്കുമെന്നും കരുതിയാണ് പലരും തുറന്നുപറയാൻ മടികാട്ടിയതെന്നാണ് വിവരം. 200 ഓളം ഡോക്യുമെന്റുകളും 400 ഓളം ഇലക്ട്രോണിക് തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
പൊലീസ് അന്ന് കേസ് പരിഗണിച്ച രീതിയിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ആദ്യ ഘട്ടത്തിൽ വളരെ ചെറിയ ചാർജുകളാണ് പ്രതികൾക്കു മേൽ ചാർത്തിയതെന്ന് ആരോപണമുണ്ട്. പരാതിക്കാരിയായ പെൺകുട്ടിയുടെ പേര് പൊള്ളാച്ചി പൊലീസ് സൂപ്രണ്ട് വാർത്താസമ്മേളനത്തിനിടെ പറഞ്ഞതും വിവാദമായിരുന്നു. പൊലീസിൽ നിന്നു വിഡിയോകൾ ചോർന്നതും വിവാദമായിരുന്നു. ഇരയായ പെൺകുട്ടിയുടെ പേരു പറഞ്ഞുകൊണ്ട് തമിഴ്നാട് ആഭ്യന്തര വകുപ്പ് പുറത്തുവിട്ട ഒരു കുറിപ്പ് കാര്യങ്ങൾ വീണ്ടും വഷളാക്കി. പൊലീസ് അനാസ്ഥ കാണിക്കുന്നെന്ന പ്രചരണം കടുത്തതോടെ ഇതിനെതിരെ പ്രതിഷേധം അരങ്ങേറി. ഇതോടേ കേസ് ആദ്യം സിബിസിഐഡിക്കും പിന്നീട് സിബിഐയ്ക്കും കൈമാറുകയായിരുന്നു.