
തിരുവനന്തപുരം: തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേദൽ ജിൻസൺ രാജക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച കോടതി വിധി തൃപ്തികരമാണെന്നും കുറഞ്ഞത് 30 വര്‍ഷത്തോളം കേദലിന് ജയിലിൽ കിടക്കേണ്ടിവരുമെന്നും പബ്ലിക് പ്രോസിക്യൂട്ടവര്‍ അഡ്വ. ദിലീപ് സത്യൻ പറഞ്ഞു. ജീവപര്യന്തമാണെങ്കിലും കൂടുതൽ കാലം ജയിലിൽ കിടക്കേണ്ട ശിക്ഷാവിധിയാണ് പുറത്തിറക്കിയിരിക്കുന്നത്. 12 വർഷത്തെ ശിക്ഷ ആദ്യം അനുഭവിച്ചശേഷമേ ജീവപര്യന്തം തുടങ്ങുകയുള്ളു.
30 വർഷത്തോളം കേദലിന് ജയിലിൽ കിടക്കേണ്ടി വരും. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ട്. കോടതി വിധിച്ച 15 ലക്ഷം രൂപ പിഴ അമ്മാവൻ ജോസിനാണ് കൊടുക്കേണ്ടതെന്ന് പ്രോസിക്യൂട്ടർ അഡ്വ. ദിലീപ് സത്യൻ പറഞ്ഞു. അപൂര്‍വങ്ങളിൽ അപൂര്‍വമായ കേസായി പരിഗണിച്ചിട്ടില്ലെന്ന് പറയാനാകില്ലെന്നും കോടതി വിധി കിട്ടിയിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ജീവപര്യന്തം തടവ് പോരാതെ വരുമ്പോഴാണ് വധശിക്ഷ നൽകുന്നത്. അതിനാൽ തന്നെ വിധി തൃപ്തികരമാണ്. നഷ്ടപരിഹാരമായി ആകെ വന്നിട്ടുള്ള 15 ലക്ഷം രൂപയും കേസിലെ ഇരയായ ഒന്നാം സാക്ഷി ജോസിന് നൽകണമെന്നാണ് വിധി. പ്രതിക്ക് ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. ഇക്കാര്യങ്ങളടക്കം കോടതി പരിഗണിച്ചിരിക്കാമെന്നും അഡ്വ. ദിലീപ് സത്യൻ പറഞ്ഞു.
ഇത് പ്രോസിക്യൂഷന്റെ വിജയമാണെന്ന് നന്തൻകോട് കൂട്ടക്കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. നാലുപേരുടെ മരണമായതുകൊണ്ട് വധശിക്ഷക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. കോടതിയുടെ വിലയിരുത്തലിൽ മറ്റൊരു വിധിയിലേക്കാണ് മാറിയതെങ്കിലും ജീവപര്യന്തത്തിൽ തന്നെ കാലാവധി കൂടുതൽ കിട്ടുന്നത് പ്രോസിക്യൂഷന്റെ വിജയമാണ്. കോടതി വിലയിരുത്തുമ്പോള്‍ പ്രതിയുടെ സാഹചര്യം, പ്രായം, അപൂര്‍വങ്ങളിൽ അപൂര്‍വമായ കേസിന്റെ പരിധിയിൽ വരുന്നതാണോ തുടങ്ങിയ കാര്യങ്ങളെല്ലാമാണ് കോടതി പരിശോധിക്കുന്നതെന്നും വിധി തൃപ്തികരമാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
സെക്ഷൻ 302 ഐപിസി പ്രകാരം നാലു കൊലപാതകങ്ങൾക്കും കൂടി ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണമെന്ന് കോടതി വിധിയിലുണ്ട്.സെക്ഷൻ 201 ഐപിസി പ്രകാരം 5 വർഷം കടിനതടവും പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവും
വീട് തീവെച്ചതിന് സെക്ഷൻ 436 ഐപിസി പ്രകാരം ഏഴ് വർഷം കഠിന തടവും പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവും അനുഭവിക്കണം.
ഇതിനുപുറമെ തെളിവ് നശിപ്പിച്ചതിന് സെക്ഷൻ 201, 436 എന്നീ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾ തുടർച്ചയായി അനുഭവിക്കണം. സെക്ഷൻ 201, 436 എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷകൾ അനുഭവിച്ചശേഷം ജീവപര്യന്തം തടവുകൾ ഒരേസമയം അനുഭവിച്ചാൽ മതിയാകും. പിഴ ഈടാക്കുന്ന തുക ഒന്നാം സാക്ഷിക്ക് നൽകേണ്ടതാണെന്നും കോടതി വിധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]