
വിവാഹം ഉറപ്പിച്ച്, ഒരുക്കങ്ങളെല്ലാം പൂർത്തിയായി, വിവാഹദിവസമെത്തുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാവുകയും അവസാന നിമിഷം വിവാഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്യുന്ന അനേകം സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അതുപോലെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലും ഉണ്ടായത്. അഗ്നിക്ക് വലം വയ്ക്കുന്നതിനിടെ വരൻ ചടങ്ങ് നിർത്തുകയായിരുന്നു എന്നാണ് ഇവിടുത്തെ മാധ്യമങ്ങൾ പറയുന്നത്.
ഏഴ് തവണയാണ് അഗ്നിക്ക് വലം വയ്ക്കേണ്ടത്. എന്നാൽ, ആറാമത്തെ തവണ വലം വച്ചതിന് പിന്നാലെ വരൻ ഏഴാം തവണ അഗ്നിക്ക് വലം വയ്ക്കാൻ വിസമ്മതിക്കുകയായിരുന്നു. അതേസമയം ഒരു പെൺകുട്ടിയുടെ കോൾ വന്നതിന് ശേഷമാണ് യുവാവ് അഗ്നിക്ക് വലം വയ്ക്കാൻ വിസമ്മതിച്ചത് എന്നാണ് ഇവിടെ ഉണ്ടായിരുന്നവർ പറയുന്നത്.
രാജസ്ഥാനിലെ കരൗലി ജില്ലയിലെ നാഡോട്ടി തഹസിലിൽ ശനിയാഴ്ചയാണ് സംഭവം നടന്നതത്രെ. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത് രാത്രി വൈകിയാണ്. ആ സമയത്ത് അതിഥികളിൽ ചിലർ ഭക്ഷണം കഴിക്കുകയായിരുന്നു, ചിലർ വേദിയിൽ ഫോട്ടോ എടുക്കുന്നുമുണ്ടായിരുന്നു. വരനും വധുവും ആചാരപ്രകാരം അഗ്നിക്ക് വലം വയ്ക്കുകയായിരുന്നു.
ഏഴാമതായി വലം വയ്ക്കാൻ തുടങ്ങവെയാണ് യുവാവിന് ഒരു ഫോൺകോൾ വന്നത്. അതോടെ തനിക്ക് ഏഴാമത്തെ വലംവയ്ക്കൽ പൂർത്തിയാക്കാനാവില്ലെന്നും പറഞ്ഞ് അയാൾ തന്റെ ടർബൻ ഊരിമാറ്റി. തനിക്ക് ഈ വിവാഹം കഴിക്കാൻ സാധ്യമല്ല എന്നും യുവാവ് പറഞ്ഞു. അതോടെ വധുവും ബന്ധുക്കളും കൂടി നിന്നവരുമെല്ലാം ഞെട്ടുകയും ചെയ്തു.
ഇത് പിന്നീട് സംഘർഷത്തിലേക്ക് വഴി മാറുകയും വരന്റെ വീട്ടുകാരെയും മറ്റും വധുവിന്റെ വീട്ടുകാർ പിടിച്ചുവയ്ക്കുകയും ചെയ്തു. പൊലീസിൽ വിവരമെത്തിയപ്പോൾ തങ്ങൾ തന്നെ പ്രശ്നം പരിഹരിക്കാമെന്നാണ് ഇരുവീട്ടുകാരും പറഞ്ഞത്. വിളിച്ചത് വരന്റെ കാമുകിയാണ് എന്നാണ് കരുതുന്നത്. വധുവിന്റെ വീട്ടുകാർക്ക് വിവാഹത്തിനായി ചെലവായ തുക വരന്റെ വീട്ടുകാർ തിരികെ നൽകാമെന്ന് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]