
ദില്ലി: ബാറ്റിംഗ് ഫോം തിരിച്ചുപിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതുകൊണ്ടാവും വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതെന്ന് മുൻ താരം മുഹമ്മദ് കൈഫ്. ഇംഗ്ലണ്ട് പര്യടനത്തിൽ കോലി കളിക്കണമെ മികച്ച പ്രകടനത്തോടെ കരിയര്‍ അവസാനിപ്പിക്കണമെന്നുമാണ് താന്‍ ആഗ്രഹിച്ചതെന്നും കൈഫ് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിൽ പോരാട്ട വീര്യത്തിന്റെ മുഖമായിരുന്നു വിരാട് കോലി. വേദികളും എതിരാളികളെയും നോക്കാതെ ജയത്തിനായി മാത്രം ബാറ്റുവീശിയ പോരാളി. റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുമെന്ന് പ്രതീക്ഷിച്ചിരിക്കെ കോലിക്ക് ബാറ്റിംഗിലെ താളം നഷ്ടമായത് അപ്രതീക്ഷിതമായി. ന്യൂസീലൻഡിന് എതിരായ ഹോം സീരീസിൽ സ്പിന്നർമാർക്ക് മുന്നിൽ പതറിയ കോലി ഓസ്ട്രേലിയൻ പര്യടനത്തിൽ പേസർമാർക്ക് മുന്നിലും കീഴടങ്ങി.
പെർത്തിൽ സെഞ്ച്വറി നേടിയെങ്കിലും ഗതിമാറുന്ന വേഗപന്തുകൾക്ക് മറുപടി നൽകാൻ കോലി പ്രയാസപ്പെട്ടു. പത്ത് ഇന്നിംഗ്സിൽ എട്ടിലും പുറത്തായത് സ്ലിപ്പിൽ ക്യാച്ച് നൽകി. റെഡ് ബോൾ ക്രിക്കറ്റിലെ ഫോം വീണ്ടെടുക്കാൻ നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫിയിൽ ബാറ്റുവീശിയെങ്കിലും രക്ഷയുണ്ടായില്ല. ഈ നിസഹായവസ്ഥയാവും കോലിയെ വിരമിക്കൽ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് കൈഫിന്റെ വിലയിരുത്തല്‍.
Virat Kohli Retires from his favourite format!💔
— Mohammad Kaif (@MohammadKaif)
ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തുകൾ വര്‍ഷങ്ങളായി കോലിക്ക് വലിയ വെല്ലുവിളിയാണ്. ഓസീസ് പര്യടനത്തിൽ ഇത് വളരെ പ്രകടമായി. ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയിട്ടും തുടന്നുളള ഇന്നിംഗ്സുകളിൽ പരാജയപ്പെട്ടത് ഇതിനുള്ള തെളിവാണ്. പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കോലി 200 ശതമാനം അത്യധ്വാനം ചെയ്തിട്ടും ഫലം കിട്ടിയില്ലെന്നും, ഇതാണ് കോലിയെ വിരമിക്കൽ പ്രഖ്യാപനത്തിലേക്ക് നയിച്ചതെന്നും മുഹമ്മദ് കൈഫ് പറഞ്ഞു.
ഓസ്ട്രേലിയയില്‍ സെഞ്ചുറി അടിച്ച് തുടങ്ങിയിട്ടും കോലി ഫോം ഔട്ടാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കാരണം അങ്ങനെയൊരു കാര്യം കോലിയുടെ കരിയറില്‍ മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല.പ്രത്യേകിച്ച് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയാല്‍ തുടര്‍ന്നുള്ള മത്സരങ്ങളിലും മികവ് കാട്ടുന്നതാണ് കോലിയുടെ ശീലം. അവനെ പിന്നീട് എളുപ്പം പുറത്താക്കാനാവില്ല. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പര്യടനത്തില്‍ കളിച്ച് മികച്ചൊരു പ്രകടനം നടത്തി കോലി ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും കൈഫ് പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]