

First Published May 13, 2024, 9:47 AM IST
കൊച്ചി: കഴിഞ്ഞ ദിവസമാണ് നടൻ ടൊവിനോ തോമസിനെതിരെ സംവിധായകൻ സനല്‍ കുമാര്‍ ശശിധരൻ ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. വഴക്ക് എന്ന സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട് ആയിരുന്നു ഇത്. സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ ടൊവിനോ സമ്മതിക്കുന്നില്ലെന്ന് ആയിരുന്നു സനൽ കുമാറിന്റെ ആരോപണം.
എന്നാൽ ഇക്കാര്യത്തിൽ തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ തോമസ് രംഗത്ത് എത്തിയിരുന്നു. ഇൻസ്റ്റാഗ്രാം ലൈവിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. ഇതിന് പുറമേ ടൊവിനോയുടെ ഓഫ് ബീറ്റ് ചിത്രം അദൃശ്യ ജാലകങ്ങളുടെ സംവിധായകന് ഡോ.ബിജുവും ടൊവിനോയെ പിന്തുണച്ച് രംഗത്ത് എത്തി.
ദീര്‍ഘമായ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടൊവിനോ തന്റെ ചിത്രമായ അദൃശ്യ ജാലകത്തിന് തുണയായത് എന്ന് ഡോ. ബിജു പറയുന്നു. ടൊവിനോ ഒരു റെയര്‍ സ്പെസിമെനാണെന്നും, താരത്തിനെതിരെയുള്ള ആരോപണങ്ങള്‍ ബാലിശവും വസ്തുതാ വിരുദ്ധവുമാണെന്ന് സനല്‍കുമാര്‍ ശശിധരന്റെ പേരോ ആരോപണമോ എടുത്തു പറയാതെ ഡോ.ബിജു പറയുന്നു.
ഡോ ബിജുവിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അദൃശ്യ ജാലകങ്ങൾ സിനിമ ചെയ്യുമ്പോൾ അതിന്റെ അക്കാദമിക്കൽ സ്വഭാവത്തെ പറ്റി പൂർണ്ണമായും ബോധ്യമുള്ള ഒരു നടൻ ആയിരുന്നു ടോവിനോ തോമസ് . എന്റർടൈൻമെന്റ് എന്ന നിലയിൽ സിനിമ കാണാൻ എത്തുന്ന തിയറ്റർ ഓഡിയൻസിനു വേണ്ടിയുള്ള ഒരു സിനിമ അല്ല ഇതെന്ന കൃത്യമായ ധാരണ സംവിധായകനും , നിർമ്മാതാക്കൾക്കും , ടോവിനോയ്ക്കും ഉണ്ടായിരുന്നു . തൊട്ടു മുൻപിൽ “തല്ലുമാല” പോലെ ഒരു സിനിമയുടെ വലിയ തിയറ്റർ വിജയത്തിന്റെ സമയത്താണ് ടോവിനോ അദൃശ്യ ജാലകങ്ങൾ ചെയ്യുന്നത് .
സാധ്യമാകുമ്പോൾ ഒക്കെ അക്കാദമിക് സിനിമകളിൽ കൂടി ഭാഗമാകുക എന്നത് ആയിരുന്നു ടോവിനോയുടെ ആഗ്രഹം . സിനിമയുടെ തിയറ്റർ വിജയത്തിനപ്പുറം അക്കാദമിക് ആയ ഒരു സിനിമ ലോകമെമ്പാടും ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കാൻ ഉള്ള സാധ്യത ,മലയാളത്തിന്റെയും ഇന്ത്യയുടേയും അഭിമാനമായി ലോകമെമ്പാടും സഞ്ചരിക്കുന്ന ഒരു സിനിമാ ശ്രമത്തിന്റെ ഭാഗം ആവുക , ഒപ്പം വ്യത്യസ്തമായ ഴോണറുകളിൽ ഉള്ള സിനിമകൾ ചെയ്യുക ഇതൊക്കെ ആണ് ടൊവിനോയ്ക്ക് ഈ സിനിമയോടുള്ള താല്പര്യം . കച്ചവട സിനിമയിൽ മലയാളത്തിലെ ഒരു യുവ സൂപ്പർ സ്റ്റാർ പദവിയിൽ നിൽക്കുന്ന ഒരു നടൻ തിയറ്ററുകളിൽ ആൾക്കൂട്ടം സൃഷ്ടിക്കാൻ സാധ്യത ഇല്ല എന്നുറപ്പുള്ള ഒരു സിനിമയിൽ തീർത്തും ഡീ ഗ്ലാമറസ് ആയ യാതൊരു നായക പരിവേഷവും ഇല്ലാത്ത ഒരു വേഷത്തിൽ അഭിനയിക്കാൻ തയ്യാറാവുക എന്നത് ഒരു ചെറിയ കാര്യമല്ല . അത് ആ സിനിമയുടെ പ്രമേയത്തോടും സംവിധായകനോടുമുള്ള ഒരു വിശ്വാസം കൂടിയാണ് . തിയറ്ററിൽ ഓടില്ല എന്നതിന്റെ പേരിൽ മുഖ്യധാരാ നടപ്പു രീതികൾ പിന്തുടരുന്ന മാധ്യമങ്ങളും , കാണികളും , ഫാൻസും കളിയാക്കാൻ സാധ്യത ഉണ്ട് എന്നത് കൃത്യമായി അറിഞ്ഞു കൊണ്ട് തന്നെ അത്തരം ഒരു സിനിമയുടെ നിർമാണ പങ്കാളി കൂടി ആയി ടൊവിനോ എന്നത് ഏറെ ശ്രദ്ധേയമാണ് .
ഈ സിനിമയുടെ ഓഡിയൻസ് തിയറ്ററിൽ അല്ല മറിച്ചു ചലച്ചിത്ര മേളകളിലും ഓ ടി ടി യിലും ആണ് എന്ന കൃത്യമായ ധാരണ സംവിധായകനും നിർമ്മാതാക്കൾക്കും ടോവിനോയ്ക്കും ഉണ്ടായിരുന്നു .
എല്ലനാർ ഫിലിംസിന്റെ ബാനറിൽ രാധികാ ലാവുവും , മൈത്രി മൂവി മേക്കേഴ്സും , ടൊവിനോ തോമസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത് . മലയാളത്തിലെ ഒരു സാധാരണ ആർട്ട് ഹൌസ് സിനിമയെക്കാളും വളരെ വലിയ ബജറ്റിൽ ആണ് അദൃശ്യ ജാലകങ്ങൾ സിനിമ പൂർത്തിയാക്കിയത് .
.
ഒരു നടൻ എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ഒക്കെ ടോവിനോയുടെ സഹകരണവും പെരുമാറ്റവും സമാനതകൾ ഇല്ലാത്തത് ആയിരുന്നു . ചിത്രീകരണ സമയത്തു മാത്രമല്ല ഈ നിമിഷം വരെയും അത് അങ്ങനെ തന്നെ ആണ് . സിനിമ പൂർത്തിയായ ശേഷം ആദ്യ പ്രദർശനം ഏതെങ്കിലും പ്രധാന ചലച്ചിത്ര മേളകളിൽ നടത്തുന്നതിനായി ഏതാനും ചലച്ചിത്ര മേളകൾക്ക് അയച്ചു കൊടുത്തിരുന്നു . അപ്പോഴേയ്ക്കും NETFLIX സിനിമയുടെ ഓ ടി ടി റൈറ്റ്സ് വളരെ വലിയ ഒരു തുകയ്ക്ക് സ്വന്തമാക്കി . സെപ്തംബർ മാസത്തേക്ക് റിലീസ് ഷെഡ്യൂൾ ചെയ്യാൻ അവർ ആവശ്യപ്പെട്ടു . അതെ സമയത്താണ് ലോകത്തെ പ്രധാനപ്പെട്ട ആദ്യ 14 ചലച്ചിത്ര മേളകളിൽ ഒന്നായ എസ്റ്റോണിയയിലെ താലിൻ ബ്ളാക്ക് നൈറ്റ് ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കുന്നത് . മേള നവംബർ മാസത്തിലാണ് , അവിടെ ആദ്യ പ്രദർശനം വേണം എന്നത് മേളയുടെ നിബന്ധനയും ആണ് . NETFLIX സെപ്തംബറിൽ റിലീസ് ഷെഡ്യൂൾ ചെയ്തതിനാൽ അത് മാറ്റിയില്ലെങ്കിൽ ഫെസ്റ്റിവൽ പ്രീമിയർ സാധ്യമാകില്ല എന്ന അവസ്ഥ . നിർമാതാക്കൾക്ക് ഒപ്പം ടൊവിനോ കൂടി NETFLIX മായി സംസാരിച്ചിട്ടാണ് റിലീസ് ഡേറ്റ് നവംബറിൽ താലിനിലെ പ്രദർശനത്തിന് ശേഷം എന്നത് സാധ്യമാക്കിയത് . താലിനിലെ മേളയിൽ പങ്കെടുത്തത് ഞാനും , നിർമാതാവ് രാധികാ ലാവുവും , ടോവിനോയും ഉൾപ്പെടെ ആണ് . ഓ ടി ടി റിലീസിന് മുൻപ് തിയറ്റർ റിലീസ് മാൻഡേറ്ററി ആണ് എന്നതിനാൽ നവംബറിൽ ഒരാഴ്ചത്തെ തിയറ്റർ റിലീസ് മാത്രമാണ് ഞങ്ങൾ ഷെഡ്യൂൾ ചെയ്തത് . റിലീസിന് ശേഷം രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ചിത്രം NETFLIX റിലീസ് ചെയ്തു . വളരെ വലിയ ഒരു തുകയ്ക്ക് സെയിൽ ആയ ചിത്രം ആണ് അദൃശ്യ ജാലകങ്ങൾ . സിനിമ പിന്നീടും നിരവധി മേളകളിൽ തിരഞ്ഞെടുക്കപ്പെട്ടു . ഇപ്പോഴും ഒട്ടേറെ മേളകളിൽ പ്രദർശിപ്പിക്കുന്നു . പോർച്ചുഗലിലെ ഫന്റാസ്പ്പോർട്ടോ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ടൊവിനോയ്ക്ക് ലഭിച്ചു .
ഒരു സിനിമയുടെ സ്വഭാവം എന്താണ് , അതിന്റെ സാധ്യതകൾ എന്തൊക്കെ ആണ് . എന്ന കാര്യങ്ങളിൽ കൃത്യമായ ധാരണയും കാഴ്ചപ്പാടും ഉള്ള ഒരു നടൻ ആണ് ടൊവിനോ . മലയാളത്തിൽ മമ്മൂട്ടി , മോഹൻലാൽ , മുരളി , നെടുമുടി വേണു , തിലകൻ , ഭാരത് ഗോപി തുടങ്ങിയ നടന്മാർ ആയിരുന്നു മലയാളത്തിൽ മുഖ്യധാരാ സിനിമകൾക്ക് ഒപ്പം ആർട്ട് ഹൌസ് സിനിമകളിലും അഭിനയിച്ചിരുന്നത് .
ഇപ്പോഴത്തെ യുവ നിരയിലെ സൂപ്പർ താര നടന്മാരിൽ ആ ഒരു രീതി പിന്തുടരുന്നത് ടോവിനോ ആണ് . മുഖ്യധാരാ സിനിമകൾക്ക് ഒപ്പം അക്കാദമിക് സിനിമകളും ഇടയ്ക്കിടെ ഉണ്ടാവുക എന്നതും , അത്തരം സിനിമകളിലും മുഖ്യധാരാ താരങ്ങൾ പങ്കാളികളാകുക എന്നതും സിനിമയുടെ കലാത്മക ധാരയ്ക്ക് ഏറെ പ്രധാനമാണ് . അത്തരത്തിലുള്ള സാംസ്കാരിക കലാ സാമൂഹിക ബോധമുള്ള ഒരു നടൻ ആണ് ടൊവിനോ തോമസ് . അങ്ങനെ ഒരു നടൻ തന്റെ ഏതെങ്കിലും സിനിമ പുറത്തിറങ്ങാൻ തടസ്സം സൃഷ്ടിക്കും എന്ന നിലയിലുള്ള ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും ആയിരിക്കും എന്നതിൽ തർക്കം ഇല്ല . അത്തരം വ്യാജ ആരോപണങ്ങൾ പുതിയ ചെറുപ്പക്കാർക്ക് അക്കാദമിക് സിനിമകൾ ചെയ്യുവാൻ താരങ്ങളെ സമീപിക്കുന്നതിൽ വലിയ പ്രതിസന്ധി ഉണ്ടാക്കും . മലയാളത്തിലെ ആർട്ട് ഹൌസ് സിനിമാ ധാര അല്ലെങ്കിലേ നിരവധി കാരണങ്ങൾ കൊണ്ട് പ്രതിസന്ധിയിൽ ആണ് . അതിന്റെ കൂടെ ഇത്തരം അനാവശ്യ വിവാദങ്ങൾ നടന്മാരെ അക്കാദമിക് സിനിമകൾ ചെയ്യുന്നതിൽ നിന്നും അകറ്റാൻ മാത്രമേ ഇടയാക്കൂ ….അത് മലയാളത്തിലെ ആർട്ട് ഹൌസ് സിനിമാ ധാരയ്ക്ക് ഗുണകരം ആവില്ല .
.
എതായാലും ടൊവിനോയ്ക്ക് ഒപ്പം ഒരു സിനിമ ചെയ്യുകയും മേളകളിൽ ഒന്നിച്ചു പങ്കെടുക്കുകയും ചെയ്ത ഒരു സംവിധായകൻ എന്ന നിലയിൽ ഒന്ന് പറയാം . ടൊവിനോ ഒരു റെയർ സ്പെസിമെൻ ആണ് . വീണ്ടും വീണ്ടും ഏതു രീതിയിലും പാകപ്പെടുത്താൻ തക്ക ശേഷിയുള്ള ഒരു അസാദ്ധ്യ നടനും താരവും ആണയാൾ . ലോക സിനിമകളെ പറ്റി കൃത്യമായ ബോധ്യമുള്ള ഒരു നടൻ . സൂപ്പർ താരത്തിനപ്പുറം നമ്മുടെ സുഹൃത്ത് എന്ന നിലയിൽ ഒപ്പം എപ്പോഴും ഉണ്ടാകുന്ന ഒരു മനുഷ്യൻ . അയാൾക്ക് അയാൾ അഭിനയിച്ച ഒരു സിനിമയും പുറത്തിറങ്ങുന്നതിന് തടസ്സം സൃഷ്ടിക്കാൻ സാധിക്കില്ല ..
Last Updated May 13, 2024, 9:47 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]