
തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിൽ. ഇതോടെ കൊലപാതകം നടത്തിയ മൂന്നുപേരും പിടിയിലായതായി പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയില് നിന്നാണ് ഷാഡോ സംഘം സുമേഷിനെ പിടികൂടിയത്. അഖിൽ അപ്പു, വിനീത് രാജ്, സുമേഷ് എന്നിവരാണ് അഖിലിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികൾ. ഇവരിൽ അഖിൽ അപ്പുവും വിനീത് രാജും ഇന്ന് രാവിലെ പിടിയിലായിരുന്നു.
മുഖ്യപ്രതികളിൽ ഒരാളായ അപ്പുവെന്ന അഖിലിനെ ഇന്ന് പുലർച്ചെയോടെയാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറിൽ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്കടിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്ത വാഹമെത്തിച്ച് നൽകിയ, മുഖ്യപ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച നാല് പേർ കൂടി പിടിയിലായിട്ടുണ്ട്. കുട്ടപ്പൻ എന്ന അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
വോട്ടെടുപ്പ് ദിനം പാപ്പനംകോട് ബാറിൽ വച്ചുണ്ടായ തർക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അഖിലും വിനീതും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ പക വീട്ടാനാണ് ഗുണ്ടാസംഘം പട്ടാപ്പകൽ വീടിന് സമീപത്ത് വച്ച് അഖിലിനെ ക്രൂരമായി മർദ്ദിച്ച് കൊന്നത്.
കിരൺ ഒഴികെയുള്ള മറ്റ് പ്രതികളെല്ലാം 2019ൽ തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച അനന്തു വധക്കേസിലെ പ്രതികളാണ്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 19കാരനായ അനന്തുവിനെ ഈ സംഘം അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അനന്തു വധക്കേസിലെ വിചാരണ നീളുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊന്നത്.
Last Updated May 12, 2024, 9:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]