
ചെന്നൈ: ഐപിഎൽ 2024 സീസണിൽ ഫീൽഡിംഗ് തടസപ്പെടുത്തി എന്ന കാരണത്താൽ പുറത്തായി ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ ത്രോ ജഡ്ഡു റണ്ണിനായുള്ള ഓട്ടത്തിനിടെ തടസപ്പെടുത്തിയെന്ന് കാണിച്ചാണ് മൂന്നാം അംപയർ ഔട്ട് വിധിച്ചത്.
ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നിംഗ്സിലെ 16-ാം ഓവറിൽ അവേഷ് ഖാന്റെ അഞ്ചാം പന്തിലായിരുന്നു നാടകീയമായ വിക്കറ്റ്. റുതുരാജ് ഗെയ്ക്വാദിനൊപ്പം രണ്ടാം റണ്ണിനായി ശ്രമിക്കവെ നോൺ സ്ട്രൈക്ക് എൻഡിലേക്ക് ജഡേജ തിരികെ ഓടുമ്പോൾ സഞ്ജു സാംസൺ ത്രോ എറിയുകയും പന്ത് ജഡേജയുടെ ദേഹത്ത് പതിക്കുകയും ചെയ്തു. ജഡേജ ഫീൽഡിംഗ് തടസപ്പെടുത്തി എന്ന കാരണം ചൂണ്ടിക്കാട്ടി തൊട്ടുപിന്നാലെ രാജസ്ഥാൻ ക്യാപ്റ്റൻ കൂടിയായ സഞ്ജു വിക്കറ്റിനായി അപ്പീൽ ചെയ്തു. ഇതോടെ ഫീൽഡ് അംപയർമാർ മൂന്നാം അംപയറുടെ സഹായം തേടി. ടിവി അംപയർ വിക്കറ്റ് അനുവദിക്കുകയും ചെയ്തു. ക്രീസിലെ ഡെയ്ഞ്ചർ ഏരിയയിലൂടെയായിരുന്നു ജഡ്ഡുവിന്റെ ഓട്ടം. മാത്രമല്ല, സഞ്ജുവിന്റെ ത്രോ പ്രതീക്ഷിച്ച് ജഡേജ ഓട്ടത്തിന്റെ ദിശമാറ്റി വിക്കറ്റ് ആവാതിരിക്കാൻ ശ്രമിച്ചു എന്നും മൂന്നാം അംപയർ വിലയിരുത്തി എന്നാണ് മനസിലാക്കേണ്ടത്.
പിന്നാലെ, ഈ വിക്കറ്റിനെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ച ഉടലെടുക്കുകയും ചെയ്തു. സംഭവം ഔട്ടല്ല എന്നും ത്രോയായി പന്ത് വരുന്ന ദിശ മനസിലാവാതെ ജഡേജ ഓടുകയായിരുന്നു എന്നും വാദിക്കുന്നവരുണ്ട്. എന്തായാലും ഇത് വിക്കറ്റല്ല എന്നുറപ്പിച്ച രീതിയിലായിരുന്നു ഡ്രസിംഗ് റൂമിലേക്ക് രവീന്ദ്ര ജഡേജയുടെ മടക്കം. വിക്കറ്റ് അനുവദിച്ചതിലുള്ള പ്രതിഷേധം അറിയിച്ചാണ് ജഡേജ മടങ്ങിയത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ മൂന്നാംതവണ മാത്രമാണ് ഫീൽഡിംഗ് തടസപ്പെടുത്തി എന്ന കാരണത്താൽ ബാറ്റർ പുറത്താവുന്നത്. യൂസഫ് പത്താനും അമിത് മിശ്രയും മാത്രമാണ് സമാന രീതിയിൽ മുമ്പ് പുറത്തായിട്ടുള്ളവർ.
Last Updated May 12, 2024, 8:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]