
റാണ കൊച്ചിയിലെത്തിയത് ഭീകരവാദത്തിന് റിക്രൂട്മെന്റ് നടത്താനോ? ‘സർപ്രൈസ് പാർട്ട്’ കഴിഞ്ഞുപോയെന്ന് ലോക്നാഥ് ബെഹ്റ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ എൻഐഎ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. യുഎസിൽ നിന്ന് റാണയെ വിട്ടുകിട്ടിയതു വഴി പിന്നിലെ ഗൂഢാലോചനയുടെയും മറ്റും കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് കരുതുന്നത്. മുംബൈയ്ക്ക് പുറമേ ഡൽഹി, ആഗ്ര, ഹാപുർ, കൊച്ചി, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളും റാണ സന്ദർശിച്ചിരുന്നു. എന്തിനായിരിക്കാം റാണ ഈ സ്ഥലങ്ങളിൽ എത്തിയത്? ഭീകരവാദത്തിന് റിക്രൂട്മെന്റ് നടത്താനായിരുന്നോ അതോ പ്രാദേശിക സഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായിരുന്നോ? മുംബൈയ്ക്ക് പുറമേ ഈ സ്ഥലങ്ങളും ആക്രമണങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നോ? മുംബൈ ഭീകരാക്രമണം നടന്ന് 16 വര്ഷം കഴിയുമ്പോഴും ഉത്തരം കിട്ടാത്ത ഇത്തരം ഒട്ടേറെ ചോദ്യങ്ങൾ ബാക്കി നിൽക്കുന്നുണ്ട്.
മുംബൈ ഭീകരാക്രമണം നടന്നതിന് 10 ദിവസം മുൻപ്, 2008 നവംബർ 16നാണ് റാണ കൊച്ചിയിലെത്തി മറൈൻ ഡ്രൈവിലെ സ്വകാര്യ ഹോട്ടലിൽ താമസിച്ചത്. റാണയിൽനിന്ന് ഒട്ടേറെ വിവരങ്ങൾ ലഭിക്കുമെന്നാണ് മുൻ കേരള ഡിജിപിയും നിലവിൽ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറുമായ ലോക്നാഥ് ബെഹ്റയും പറയുന്നത്. തീവ്രവാദത്തിനുള്ള സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻഐഎയുടെ പ്രത്യേക സെല്ലിന്റെ തലവനായിരുന്നു ബെഹ്റ. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ യുഎസിലെത്തി ചോദ്യം ചെയ്ത സംഘത്തിൽ ബെഹ്റയും ഉൾപ്പെട്ടിരുന്നു. ലോക്നാഥ് ബെഹ്റയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
∙ 2008ലെ ആക്രമണം കഴിഞ്ഞ് 16 വർഷങ്ങൾക്ക് ശേഷമാണ് തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കിട്ടിയിരിക്കുന്നത് ?
2011ല് തന്നെ റാണയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എൻഐഎയും മുംബൈ പൊലീസും റജിസ്റ്റർ ചെയ്ത 2 കേസുകളിൽ പിടികിട്ടാതിരുന്ന പ്രതിയാണ് റാണ. അതുകൊണ്ടു തന്നെ അയാളെ കിട്ടാതെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമാകില്ലായിരുന്നു. റാണയെ ഇപ്പോൾ വിട്ടുകിട്ടിയത് വളരെ പ്രധാനമാണ്. അതിൽ സന്തോഷമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ ഉള്ളിൽ ഒട്ടേറെ ചോദ്യങ്ങളുണ്ട്. എത്രത്തോളം വലുതായിരുന്നു ഇതിലുൾപ്പെട്ട ഗൂഢാലോചന, മുംബൈ മാത്രമായിരുന്നോ അതിൽ ഉണ്ടായിരുന്നത്, മറ്റു സ്ഥലങ്ങളും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നോ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ. ആ വിവരങ്ങൾ കൂടി ലഭ്യമാകുമ്പോഴാണ് അതിനുള്ള കൗണ്ടർ നടപടികൾ സ്വീകരിക്കാൻ നമുക്ക് സാധിക്കുന്നത്.
ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുത്തയാൾ എന്ന രീതിയിലാണ് റാണയെ ഇപ്പോൾ കാണുന്നത്. എന്നാൽ അതിനപ്പുറം സ്വന്തമായ രീതിയിൽ മറ്റെന്തെങ്കിലും അയാൾ ചെയ്തിട്ടുണ്ടോ, പദ്ധതിയിട്ടിരുന്നോ തുടങ്ങിയ കാര്യങ്ങൾ അറിയേണ്ടതുണ്ട്. അതിനൊപ്പമാണ് ആരാണ് റാണയെ നിയന്ത്രിച്ചിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതും. മറ്റുള്ളവരെ നിയന്ത്രിച്ചിരുന്ന അതിർത്തിക്ക് അപ്പുറത്തു നിന്നുള്ളവര് തന്നെയാണോ റാണയേയും നിയന്ത്രിച്ചിരുന്നത്? ഹെഡ്ലിയാണോ റാണയെ നിയന്ത്രിച്ചിരുന്നത് അതോ മറ്റാരെങ്കിലുമായിരുന്നോ? അതോ വേറെ എവിടെയെങ്കിലും ഉള്ളവരായിരുന്നോ? പാക്കിസ്ഥാൻ അല്ലാതെ മറ്റേതെങ്കിലും രാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ഹെഡ്ലി റാണയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. റാണയെ ചോദ്യം ചെയ്യുന്നതിലൂടെയും മറ്റും അക്കാര്യങ്ങൾ ഉറപ്പിക്കാൻ സാധിക്കും. അതുകൊണ്ടു തന്നെ അയാളെ വിട്ടുകിട്ടിയത് വളരെ പ്രധാനമാണ്.
∙ മുംബൈ ആക്രമണം മാത്രമായിരിക്കില്ല അപ്പോൾ ലക്ഷ്യം?
ആയിരിക്കാം. കാരണം ഹെഡ്ലി മുംബൈയ്ക്ക് പുറമേ മറ്റു ചില സ്ഥലങ്ങളിലും എത്തിയിരുന്നതായി സൂചനകളുണ്ട്. ഇന്ത്യ ഗേറ്റ്, രാഷ്ട്രപതി ഭവൻ, പുഷ്കർ… ഇവിടങ്ങളിലൊക്കെ എത്തിയിരുന്നതായി സൂചനകളുണ്ട്. അതുപോലെ റാണയും മറ്റു സ്ഥലങ്ങളിൽ പോയിട്ടുണ്ട്. ഹെഡ്ലിയും റാണയും വളരെ അടുപ്പക്കാരായിരുന്നു. ഹെഡ്ലി റാണയ്ക്കൊപ്പം വന്ന് ആഴ്ചകളോളം താമസിച്ചിട്ടുണ്ട്. മുംബൈ ആക്രമണം നടന്നതിൽ റാണ വളരെ സന്തോഷവാനായിരുന്നു, ഇന്ത്യയ്ക്ക് മറുപടി കൊടുത്തു എന്ന രീതിയിൽ അയാൾ പറഞ്ഞിട്ടുണ്ട്.
∙ എന്നാൽ എന്തുകൊണ്ടായിരിക്കും മുംബൈയ്ക്ക് പുറമേ മറ്റൊരിടത്തും ആക്രമണം സാധ്യമാകാതെ പോയത്?
ചിലപ്പോൾ മുംബൈ ആക്രമണത്തിനു ശേഷം സുരക്ഷ വർധിപ്പിച്ചതും ഏജൻസികളെ ശക്തമാക്കിയതുമൊക്കെ കൊണ്ട് അവരുടെ പദ്ധതികൾ നടക്കാതെ പോയതാവാം. മറ്റൊന്ന് ഇതിലെ ‘സര്പ്രൈസ് പാർട്ട്’ കഴിഞ്ഞു പോയി എന്നതാണ്. ഭീകരവാദം നിലനിൽക്കുന്നത് അതിന്റെ ‘സർപ്രൈസ് പാർട്ടി’ലാണ്. അതുപോലെ ആക്രമണം നടത്തിയത് ആരെന്ന് പെട്ടെന്ന് വെളിപ്പെട്ടു. മുംബൈ ആക്രമണത്തിന് മുൻപ് അതുണ്ടായിരുന്നില്ല. ഇതൊക്കെ ആയിരിക്കാം കാരണങ്ങളെന്ന് കരുതുന്നു. മുംബൈ ആക്രമണത്തിന് ശേഷം സുരക്ഷ വർധിപ്പിക്കുന്നതിൽ ഒട്ടേറെ നടപടികളുണ്ടായി. എൻഐഎ അടക്കമുള്ള ഏജൻസികളും യുഎപിഎയും ഒക്കെ വന്നു. സംസ്ഥാനങ്ങളിലെ ഇന്റലിജൻസ് സംവിധാനങ്ങളും മറ്റും മെച്ചപ്പെട്ടു. അങ്ങനെ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവന്നതു കൊണ്ടുമാകാം മറ്റൊരു ആക്രമണം സാധ്യമാകാതെ പോയത്.
∙ റാണ വന്നു താമസിച്ച സ്ഥലങ്ങളിൽ കൊച്ചിയുമുണ്ട്?
സുരക്ഷയുമായി ബന്ധപ്പെട്ടതാണെങ്കിലും ഭൂമിശാസ്ത്രപരമായി നോക്കിയാലും കൊച്ചി വളരെ തന്ത്രപ്രധാനമായ സ്ഥലമാണ്. ഒട്ടേറെ പ്രധാനപ്പെട്ട സ്ഥാപനങ്ങൾ ഉള്ള നഗരം കൂടിയാണിത്. കനേഡിയൻ പൗരത്വമുള്ള റാണ ഇമിഗ്രേഷൻ കൺസൾട്ടന്റായാണ് ഇന്ത്യയിൽ വന്നത്. മുംബൈയിൽ ഓഫിസ് തുടങ്ങുകയും ഹെഡ്ലിയെ അവിടുത്തെ ജോലിക്കാരനായി കൊണ്ടുവരികയുമൊക്കെ ചെയ്തു. അതെല്ലാം നിയമപ്രകാരമാണ് എന്നതിനാൽ അന്ന് സംശയിക്കത്തക്കതായി ഒന്നുമുണ്ടായിരുന്നില്ല. കൊച്ചി മാത്രമല്ല, മറ്റ് ഒരുപാട് സ്ഥലങ്ങളിൽ റാണ പോയിരുന്നതായി തെളിവുകളുണ്ട്.
വിദ്യാഭ്യാസത്തിനും ജോലിക്കുമൊക്കയായി ഒട്ടേറേ പേർ പുറത്തേക്ക് പോകുന്ന സ്ഥലമാണ് കേരളം. അതുകൊണ്ടു തന്നെ ഇമിഗ്രേഷൻ റിക്രൂട്മെന്റ് കൊച്ചിയിൽ നടത്തുന്നത് സാധാരണ കാര്യമായി തോന്നാം. ഇവിടെ വന്ന് ഒരു ഇംഗ്ലിഷ് പത്രത്തിൽ പരസ്യവും കൊടുത്തിരുന്നു. അതൊരു പക്ഷേ തന്റെ ഇമിഗ്രേഷൻ കൺസൾടന്റ് എന്ന രീതിയിലുള്ള പ്രവർത്തനം നിയമപരമാണ് എന്ന തോന്നൽ ഉണ്ടാക്കാനുമായിരിക്കാം. റാണ കൊച്ചിയിൽ വന്നപ്പോൾ ആരെയൊക്കെ കണ്ടു, എന്തൊക്കെ ചെയ്തു തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിച്ചിരുന്നു. ഫോൺ വിളികളടക്കം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. റാണയെ നേരിട്ടു ചോദ്യം ചെയ്യുന്നതിലൂടെ എന്തായിരുന്നു കൊച്ചി സന്ദർശനത്തിന്റെ പിന്നിലെന്ന് അറിയാൻ സാധിക്കും.
∙ ഹെഡ്ലിയെ ചോദ്യം ചെയ്ത ഇന്ത്യൻ സംഘത്തിൽ അംഗമായിരുന്നു താങ്കൾ?
ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഹെഡ്ലി മുംബൈ ഭീകരാക്രമണത്തിന്റെ വിവരങ്ങൾ തുറന്നു പറയുന്നത്. ഒരു തരത്തിൽ അപ്രൂവർ പോലെ. അതിലൊന്നാണ് അയാളെ കൈമാറ്റം ചെയ്യാൻ പാടില്ല എന്നത്. ഇപ്പോൾ യുഎസിൽ തടവുശിക്ഷ അനുഭവിക്കുകയാണ് ഹെഡ്ലി. 10 ദിവസത്തോളമാണ് ഹെഡ്ലിയെ ചോദ്യം ചെയ്യാൻ അവസരം ലഭിച്ചത്. ആക്രമണത്തെക്കുറിച്ചും റാണയെക്കുറിച്ചുമൊക്കെ ഒട്ടേറെ കാര്യങ്ങൾ പറഞ്ഞു. ഹെഡ്ലിക്ക് ഇന്ത്യയെക്കുറിച്ചും ഇവിടുത്തെ സ്ഥലങ്ങളെക്കുറിച്ചുെമാക്കെ നന്നായി അറിയാം. അക്കാര്യങ്ങളൊക്കെ അവർ പഠിച്ചിരുന്നു. പക്ഷേ, കൊച്ചി കാര്യങ്ങളൊന്നും ഹെഡ്ലി സംസാരിച്ചിട്ടില്ല. ഹെഡ്ലി പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ റാണയെ ചോദ്യം ചെയ്യുന്നതു വഴി എല്ലാ കാര്യങ്ങള്ക്കും ഉത്തരം കിട്ടും എന്നാണ് ഞാൻ കരുതുന്നത്.