
തൃശൂര്‍: ചാലക്കുടി അതിരപ്പള്ളിയിലെ അടിച്ചില്‍ തൊട്ടി, വീരാംകുടി ഉന്നതി നിവാസികള്‍ക്ക് ഈ വിഷുവിന് ഇരട്ടിമധുരം. അടിച്ചില്‍ തൊട്ടിയില്‍ വിഷുക്കൈനീട്ടമായി 18 കുടുംബങ്ങള്‍ക്ക് വൈദ്യുതിയെത്തി. വീരാം കുടിയിലെ അരേക്കാപ്പിലേയും 31 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചു. സര്‍വെ പൂര്‍ത്തിയായി, മേയ് ആദ്യവാരം വനാവകാശ രേഖ അനുവദിച്ച് 103 ഏക്കര്‍ ഭൂമി കൈമാറും. തൃശൂര്‍ ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം അടിച്ചില്‍ തൊട്ടി ഉന്നതിയില്‍ നേരിട്ടെത്തി വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേട്ടു. പ്രദേശത്തെ ബി.എസ്.എന്‍.എല്‍. ടവറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ജനങ്ങള്‍ പരാതി ഉന്നയിച്ചു. മെയ് ഒന്നിന് മുമ്പ് ടവര്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് കലക്ടര്‍ ഉറപ്പ് നല്കി.
95 കുടുംബങ്ങളാണ് അടിച്ചില്‍ തൊട്ടി ഉന്നതിയില്‍ കഴിയുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും ഗ്യാസ് കണക്ഷന്, വീട് മുതലായവ നല്കാന് നടപടിയെടുക്കും. ജില്ലയില്‍ വൈദ്യുതി കണക്ഷന് ഇല്ലാത്ത 55 വീടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. എല്ലാ ആദിവാസി ഭവനങ്ങളിലും വൈദ്യുതി ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ജില്ലാ കലക്ടറും സംഘവും ഉന്നതിയിലെത്തിയ സന്തോഷ സൂചകമായി പരമ്പരാഗതമായി നിര്‍മിച്ച കണ്ണാടി പായ, മൊറം, തേന്‍ എന്നിവ സമ്മാനമായി കലക്ടര്‍ക്കും സംഘത്തിനും നല്കി.
2018 ലെ വെള്ളപ്പൊക്കത്തില്‍ കുടിയിറക്കപ്പെട്ടവരാണ് അതിരപ്പള്ളി പഞ്ചായത്തിലെ മലക്കപ്പാറയിലെ ഞണ്ടുകൂട്ടന്‍പാറയില്‍ കഴിയുന്ന വീരാംകുടി ഉന്നതിക്കാര്‍. താമസയോഗ്യമല്ലാത്ത സ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചു കെട്ടിയ ഷെഡിലാണ് ഇവര്‍ കഴിയുന്നത്. അരേക്കാപ്പ് ഉന്നതിയില്‍ 31 കുടുംബാംഗങ്ങളും അവരുടെ ഉപകുടുംബങ്ങളുമാണ് താമസിക്കുന്നത്. അഞ്ച് കിലോമീറ്ററോളം കുന്നിറങ്ങി വേണം അരേക്കാപ്പ് എത്താന്‍. കഴിഞ്ഞ ഓഗസ്റ്റില്‍ ഡി.എഫ്.ഒ, ടി.ഡി.ഒ, പഞ്ചായത്ത്, ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് വീരാംകുടിയിലും അരേക്കാപ്പും സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ കേട്ടിരുന്നു. ഇപ്പോള്‍ താമസിക്കുന്ന അതേ സ്ഥലത്ത് എഫ്.ആര്.എയ്ക്കായി അന്ന് വീരാംകുടി ഉന്നതിയിലുള്ളവര്‍ അപേക്ഷ നല്‍കിയിരുന്നു. അരേക്കാപ്പിലെ ഭൂരിഭാഗം പേരും വേറെ സ്ഥലത്തേക്ക് മാറ്റാന്‍ ആവശ്യം ഉന്നയിച്ചു.
ജിയോളജിസ്റ്റും മണ്ണ് സംരക്ഷണ വകുപ്പും വീരാംകുടിയില് നടത്തിയ പരിശോധനയില്‍ നിലവിലുള്ള ഭൂമി വാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. അതോടെ മറ്റൊരു സ്ഥലം കണ്ടെത്താന്‍ നിര്‍ദ്ദേശം നല്കി. ബന്ധപ്പെട്ട ഉന്നതിയിലെ ജനങ്ങളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ മാരാംകോട് കോടശേരി പഞ്ചായത്തില്‍ അനുയോജ്യമായ ഭൂമി കണ്ടെത്തി, സര്‍വേ നടത്തി, സംയുക്ത പരിശോധനയും നടത്തി. ഡിസംബറില്‍ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. ജില്ലാതല കമ്മിറ്റിയുടെ അംഗീകാരത്തിനുശേഷം സംസ്ഥാനതല കമ്മിറ്റിയുടെ അംഗീകാരത്തിനായി ഭൂമിയുടെ വിവരങ്ങള്‍ സമര്‍പ്പിച്ചു. ഏപ്രില്‍ ആദ്യവാരം തന്നെ ഇതിന് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് അംഗീകാരം ലഭിച്ചു. അതനുസരിച്ച് സര്‍വേ പൂര്‍ത്തിയാക്കിയ 14.18 ഏക്കര്‍ ഭൂമി വീരാംകുടിയില് ഏഴ് കുടുംബങ്ങള്‍ക്കായി വനാവകാശ നിയമ പ്രകാരം അനുവദിച്ചു. അരേക്കാപ്പിലെ 24 കുടുംബങ്ങള്‍ക്ക് 89 ഏക്കര്‍ അനുവദിച്ചു. ആകെ 103 ഏക്കര്‍ നിലവില്‍ കൈവശമുള്ള അതേ അളവില്‍ വീരാംകുടിയിലും അരേക്കാപ്പിലുമുള്ള 31 കുടുംബങ്ങള്‍ക്കും അവരുടെ ഉപകുടുംബങ്ങള്‍ക്കും അനുവദിച്ചു. മെയ് ആദ്യം തന്നെ റെക്കോര്‍ഡ് ഓഫ് റൈറ്റ്സ് കൈമാറുമെന്നും കളക്ടര്‍ അറിയിച്ചു. പുതിയ ഭൂമിയില്‍ ആദിവാസി പുനരധിവാസ വികസന മിഷന് (ടി.ആര്.ഡി.എം.) പ്രകാരം വീടുകള്‍ നല്‍കും.
വിഷുക്കൈനീട്ടമായി ജില്ലാ കലക്ടര്‍ നേരിട്ടെത്തിയാണ് വിവരം വീരാംകുടി നിവാസികളെ അറിയിച്ചത്. വിഷു സമ്മാനമായി മധുരപലഹാരങ്ങളും ഭക്ഷണ കിറ്റുകളും ഉന്നതിയിലുള്ളവര്‍ക്ക് വിതരണം ചെയ്തു. നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയായതില്‍ അതീവ സന്തോഷത്തിലാണ് വീരാംകുടിയിലെയും അരേക്കാപ്പിലെയും ജനങ്ങള്‍. മൂന്ന് കിലോമീറ്ററോളം നടന്ന് കുത്തനെയുള്ള കയറ്റവും കയറി വേണം അരേക്കാപ്പുകാര്‍ക്ക് ആശുപത്രിയിലേക്കും മറ്റും എത്തുവാനായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഒരുപാട് കാലത്തെ ആവശ്യമാണ് ഈ വിഷുവിന് സഫലമായത്. 35 കുടുംബങ്ങളില്‍ 24 പേരും പുനരധിവാസത്തിന് സമ്മതം നല്കി. അവര്‍ ഭൂമിയും കണ്ടെത്തി. സമ്മതം നല്‍കാത്ത മറ്റ് കുടുംബങ്ങള്‍ക്ക് ഉന്നതിക്ക് പുറത്ത് ജോലിയും ബന്ധുവീടുകളില്‍ താമസ സൗകര്യവും കൃഷിഭൂമിയും ഉണ്ട്.
തൃശൂര്‍ ജില്ലയിലെ അവസാന ഗ്രാമമാണ് വെട്ടി വിട്ടകാട്. 11 കുടുംബങ്ങളും അവരുടെ ഉപകുടുംബങ്ങളുമായി ഏകദേശം 40 പേരാണ് ഇവിടെ താമസിക്കുന്നത്. തമിഴ്നാട്ടില്‍ക്കൂടി കയറി വേണം ഇവിടെ എത്താന്‍. ഈ ഉന്നതി സന്ദര്‍ശിക്കുന്ന ആദ്യ ജില്ലാ കലക്ടര്‍ കൂടിയാണ് അര്ജുന് പാണ്ഡ്യന്. മൂന്ന് കിലോമീറ്റര്‍ കാട്ടിലെ ദുഷ്കര പാതയിലൂടെ ട്രക്ക് ചെയ്തുവേണം ഇവിടെയെത്താന്‍. കുത്തനയുള്ള കയറ്റമൊന്നും കലക്ടറെയും സംഘത്തെയും തളര്‍ത്തിയില്ല. വിഷു സമ്മാനമായി മധുരപലഹാരങ്ങളും ഭക്ഷ്യകിറ്റുകളും സ്പോര്‍ട്സ് കിറ്റുകളും സംഘം ഉന്നതിയില്‍ വിതരണം ചെയ്തു. റോഡ്, നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി, ടോയ്ലറ്റ് സൗകര്യങ്ങള്‍, ചാലക്കുടിയിലെ ഹോസ്റ്റല്‍ സൗകര്യം, കമ്മ്യൂണിറ്റി ഹാള്‍ എന്നീ ആവശ്യങ്ങള്‍ നാട്ടുകള്‍ കലക്ടറുമായി പങ്കുവച്ചു. റോഡിന്റെയും മറ്റ് കാര്യങ്ങളുടെയും സാധ്യത പരിശോധിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്കി. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
കലക്ടറെത്തിയപ്പോള്‍ ഹരി, അശ്വതി എന്നിവരുടെ വിവാഹച്ചടങ്ങുകള്‍ നടക്കുകയായിരുന്നു. വധൂവരന്മാര്ക്ക് ആശംസകള്‍ നേര്‍ന്ന് കപ്പയും ചട്ണിയും കഴിച്ചശേഷമാണ് കലക്ടര്‍ മടങ്ങിയത്. വനാവകാശ നിയമ പ്രകാരം ആദിവാസികള്‍ക്ക് 100 ശതമാനം വ്യക്തിഗത അവകാശങ്ങള്‍ ഉറപ്പാക്കിയ ജില്ലയെന്ന പദവിയിലേക്ക് നീങ്ങുകയാണ് തൃശൂര്‍. അതിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ചാലക്കുടി തഹസില്‍ദാര്‍, മലക്കപ്പാറ പോലീസ് ഇന്‍സ്പെക്ടര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, തൃശൂര്‍ കലക്ട്രേറ്റ്, ചാലക്കുടി താലൂക്ക് ഉദ്യോഗസ്ഥര്‍, കെ.എസ്.ഇ.ബി, ബി.എസ.്എന്‍.എല്‍. ഉദ്യോഗസ്ഥരും കലക്ടര്‍ക്കൊപ്പം ഉന്നതി സന്ദര്‍ശനത്തിനുണ്ടായിരുന്നു. രാവിലെ 10 ന് അടിച്ചില്‍ തൊട്ടിയില്‍ തുടങ്ങിയ സന്ദര്‍ശനം രാത്രി എട്ടുമണിയോടെയാണ് അവസാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]