
വിഷുവിനായി വിളയുന്ന നല്ല ‘ചുറുക്കുള്ള’ കരിഞ്ചാപ്പാടി കണിവെള്ളരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ജില്ലയിലെ കാർഷിക വിനോദ സഞ്ചാര കേന്ദ്രമായ മക്കരപ്പറമ്പിലെയും കുറുവ പഞ്ചായത്തിലെയും പാടങ്ങളിൽ പലതിലും നെൽക്കൃഷി കഴിഞ്ഞാൽ പിന്നെ കണിവെള്ളരിയാണു വിളയുന്നത്. കുറുവ പഞ്ചായത്തിലെ കരിഞ്ചാപ്പാടി എന്ന സ്ഥലത്തിന്റെ പേരു ചേർത്ത് ‘കരിഞ്ചാപ്പാടി കണിവെള്ളരി’ എന്നാണിവ വിപണിയിൽ അറിയപ്പെടുന്നത്. വലിയ നിലങ്ങളിലായി ഡ്രിപ്പ്, മൾച്ചിങ് (പുതയിടൽ) തുടങ്ങിയ രീതികള്‍ ഉപയോഗിച്ച് ഹൈടെക് ആയാണ് കരിഞ്ചാപ്പാടി കണിവെള്ളരിയുടെ കൃഷി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു മാത്രമല്ല, അന്യ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ഇവിടുന്നു വെള്ളരി കയറ്റിയയ്ക്കുന്നു
ഇത്തവണയും നല്ല വിളവു പ്രതീക്ഷിച്ചാണ് ഇവിടുത്തെ പതിനെട്ടു കർഷകർ മുപ്പതോളം ഏക്കറിലായി കണിവെള്ളരി കൃഷിയിറക്കിയത്. എന്നാൽ, വിളവു പ്രതീക്ഷിച്ചതിനേക്കാൾ കുറവാണെന്ന് കർഷകനായ ഹനീഫ് പറയുന്നു. ‘‘ആറ് ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കിയത്. കുംഭം അഞ്ചിന് കൃഷിയിറക്കി വിഷുവിനോടടുത്ത് വിളവെടുക്കുന്നതാണു പതിവ്. നല്ല ചൂടു വേണം, എന്നാലാണു ശരിക്കു കായ്ക്കുക. പക്ഷേ, കായ വിരിയുന്ന സമയത്തു രണ്ടു മൂന്നു ദിവസം മഴപെയ്തിരുന്നു. അതുകൊണ്ടാകാം വിളവ് കുറഞ്ഞത്’’– ഹനീഫ് പറഞ്ഞു. എന്നിരുന്നാലും, വിഷു അടുത്തപ്പോൾ വെള്ളരിക്കു മോശമില്ലാത്ത വിലകിട്ടിയതു വലിയ നഷ്ടത്തിൽനിന്നു കരകയറ്റിയെന്ന് ഹനീഫ് കൂട്ടിച്ചേർത്തു. നല്ല വില കിട്ടണമെങ്കിൽ ഫിനിഷും ചുറുക്കുമുള്ള, കുത്തോ കേടോ ഇല്ലാത്ത വെള്ളരി വേണമെന്നാണ് അദ്ദേഹം പറയുന്നത്.
കഴിഞ്ഞ വർഷം 12–13 രൂപയുണ്ടായിരുന്ന കണിവെള്ളരിക്ക് ഇത്തവണ 17–18 രൂപയാണു കർഷകർക്കു ലഭിക്കുന്ന വില. കിലോയ്ക്ക് 20 മുതൽ 60 രൂപ വരെയാണു കടകളിലെ വില. വിദേശത്തക്കു കയറ്റി അയയ്ക്കാൻ ഭംഗിയുള്ള ‘ഫസ്റ്റ് ക്വാളിറ്റി’ വെള്ളരി വേണം. ഇതിന് ഇരട്ടി വില ലഭിക്കാമെന്നു കർഷകൻ വാസു പറയുന്നു. ‘‘നാല് ടണ്ണൊക്കെ കൃഷി ചെയ്താൽ ഒന്നര ടണ്ണൊക്കെയെ കയറ്റി അയയ്ക്കാൻ പാകത്തിനുള്ളതുണ്ടാകൂ. മഴ പെയ്തതിനു പിന്നാലെ പൂവിൽ വണ്ട് വന്നുണ്ടായ കേട് ഇത്തവണ കുറച്ചു നഷ്ടങ്ങളുണ്ടാക്കി. അതൊഴിച്ചാൽ മോശമില്ലാത്ത വിളവുണ്ടായി. പൊട്ടിയ വെള്ളരി വിത്താക്കി എടുത്തുവച്ച് ചെറിയ വിലയ്ക്ക് അടുത്ത വിത്തീടിലിന്റെ സമയത്തേക്കു വിൽക്കാൻ പറ്റും’’- വാസു കൂട്ടിച്ചേർത്തു.
വിളവെടുക്കുന്ന കായകൾ എറണാകുളം, ആലുവ, പാലക്കാട്, തൃശ്ശൂര്‍, വടക്കാഞ്ചരി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കൊണ്ടുപോകുന്നെന്നാണ് കര്‍ഷകർ പറഞ്ഞത്. അവിടുന്നു തെക്കൻ ജില്ലകളിലേക്കാണ് അയയ്ക്കുന്നത്. വിദേശത്തേക്കും വെള്ളരി ഉൾപ്പെടെയുള്ള പച്ചക്കറികള്‍ കയറ്റുമതി ചെയ്യാറുണ്ടെന്ന് മലപ്പുറത്തെ പി.കെ.വെജിറ്റബിൾസ് ഉടമ പറയുന്നു. നന്നായി കൃഷി ചെയ്യുന്നതും ചുറുക്കുള്ളതുമായ വെള്ളരി കരിഞ്ചാപ്പാടിയിലേതാണെന്നും അദ്ദേഹം പറഞ്ഞു. കരിഞ്ചാപ്പാടിയിലെ പ്രധാന കർഷകനായിരുന്ന അമീർ ബാബുവിന്റെ വിയോഗവും ഒരു നഷ്ടമായി ഈ വിളവെടുപ്പ് കാലത്ത് ഇവർ ഓർക്കുന്നു.