
തെങ്കാശി: കൈക്കൂലി വാങ്ങിയ കേസിൽ വനിതാ പൊലീസ് ഇൻസ്പെക്ടര്‍ വിജിലൻസിന്റെ പിടിയിൽ. തെങ്കാശി ജില്ലയിലെ കടയം പൊലീസ് സ്റ്റേഷനിലെ വനിതാ ഇൻസ്പെക്ടറെ ആണ് അറസ്റ്റ് ചെയ്തത്. 30,000 രൂപയുടെ കൈക്കൂലി ഒരു കള്ളക്കടത്തുകാരനിൽ നിന്ന് വാങ്ങുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രതിയായ മേരി ജമിത കടയം സ്റ്റേഷൻ ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്നു.
പനങ്കുടി സ്വദേശി സെൽവകുമാറിനെ കള്ളക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചതിനെ തുടർന്ന്, ദിവസവും കടയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പ്രതിയോട് നിർദ്ദേശിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് സെൽവകുമാർ ഒപ്പിടാനായി സ്റ്റേഷനിൽ എത്തിയപ്പോൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾമാർ ജമിതക്ക് അദ്ദേഹത്തെ കാണണമെന്ന് അറിയിച്ചു. ഇതനുസരിച്ച് സെൽവകുമാർ ജമിതയെ കണ്ടു. ഒപ്പിടുന്നതിൽ നിന്ന് ഒഴിവാക്കാനും കള്ളക്കടത്ത് കേസിൽ പിടിച്ചെടുത്ത വാഹനം തിരികെ നൽകാനും ഇൻസ്പെക്ടര്‍ 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്.
തുക നൽകാൻ താത്പര്യമില്ലാതിരുന്ന സെൽവകുമാർ വിജിലൻസിന് പരാതി നൽകാൻ തീരുമാനിച്ചു. വിജിലൻസ് നിർദ്ദേശപ്രകാരം, സെൽവകുമാർ ശനിയാഴ്ച ജമിതയെ കാണുകയും രാസവസ്തുക്കൾ പുരട്ടിയ കറൻസി നോട്ടുകൾ കൈമാറുകയും ചെയ്തു. വേഷം മാറിയെത്തിയ വിജിലൻസ് സംഘം ഇൻസ്പെക്ടറെ കൈയോടെ പിടികൂടി അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]