
ഹൈദരാബാദ്: ജ്വല്ലറിയിൽ നിന്ന് ഒന്നര കോടി രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന ഉടമയുടെ പരാതിയിൽ ജീവനക്കാരനെതിരെ കേസ്. ഇയാളിൽ നിന്ന് വിശദീകരണം തേടിയതിന് ശേഷം പിന്നീട് കാണാതായെന്നും ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പരാതിയിൽ പറയുന്നു. ഹൈദരാബാദിലാണ് സംഭവം. സെൻട്രൽ ക്രൈം സ്റ്റേഷനിലാണ് ജ്വല്ലറി ഉടമ പരാതി നൽകിയത്. പൊലീസ് അന്വേഷണം തുടങ്ങി.
ജ്വല്ലറി ഷോറൂമിലെ സ്ട്രോങ് റൂമിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെയാണ് ആരോപണം. ഇയാൾ പത്ത് വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ജ്വല്ലറിയുടെ സ്ട്രോങ് രൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ ബാറുകൾ എടുത്തുമാറ്റിയ ശേഷം പകരം വെള്ളിയിൽ സ്വർണം മുക്കി തിരികെ വെച്ച് കബളിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അടുത്തിടെ നടത്തിയ ഓഡിറ്റിലാണ് ക്രമക്കേട് വ്യക്തമായത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ ഇത് ചെയ്യുന്നുണ്ടായിരുന്നു എന്നാണ് ജ്വല്ലറി ഉടമ കണ്ടെത്തിയത്.
ജ്വല്ലറിയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം ഇയാളാണ് പുറത്തെടുത്തിരുന്നത്. ശേഷം അവ 22 ക്യാരറ്റും 18 ക്യാരറ്റുമുള്ള ആഭരണങ്ങളാക്കി മാറ്റാനായി ജീവനക്കാർക്ക് കൈമാറുകയായിരുന്നു ചെയ്തിരുന്നത്. ഓഡിറ്റിന്റെ ഭാഗമായി സ്ട്രോങ് റൂമിലുള്ള സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് സ്വർണം കാണാതായിട്ടുണ്ടെന്ന് മനസിലായത്. ഓഡിറ്റിൽ വ്യത്യാസം കണ്ടെത്തിയതിന് പിന്നാലെ ജ്വല്ലറി ഉടമ ഇയാളോട് വിശദീകരണം ചോദിച്ചു. ഇതോടെയാണ് ഇയാളെ കാണാതായത്. അഞ്ച് ദിവസത്തിന് ശേഷം ഫോണിലും കിട്ടാതായി. ഇപ്പോൾ ഫോൺ ഓഫാക്കിയിരിക്കുകയാണ്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]