
വിഷു, ഈസ്റ്റർ ആഘോഷം: ഒരുക്കങ്ങൾ തകൃതി; വിപണി സജീവം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ , ആഘോഷങ്ങളെ വരവേൽക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ തകൃതി. ഒരാഴ്ചത്തെ ഇടവേളയിലാണ് രണ്ട് ആഘോഷങ്ങളും എന്നതിനാൽ വിപണിയിൽ കൂട്ടപ്പൊരിച്ചിലില്ല. വിഷു തിങ്കളാഴ്ച ആയതിനാൽ ശനിയും ഞായറുമെടുത്ത് സാവധാനം ഒരുങ്ങുന്ന രീതിയാണ് ജില്ലയിൽ പൊതുവെ. ജില്ലയ്ക്ക് പുറത്തുള്ളവര്‍ വെളളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയുമായി തങ്ങളുടെ നാടുകളിലേക്ക് പോയതിനാൽ തിരക്കും താരതമ്യേനെ കുറവാണ്. എന്നാൽ പടക്കം, വിഷുസദ്യ, വിഷുക്കണി തുടങ്ങിയവയ്ക്കായുള്ള തിരക്ക് പ്രധാനപ്പെട്ട ഇടങ്ങളിൽ ദർശിക്കാനാവും. ആഘോഷങ്ങളെ വരവേൽക്കാൻ ദേവാലയങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ഉയിര്‍പ്പിന്റെയും സ്മരണകള്‍ പുതുക്കുന്ന വിശുദ്ധവാരാചരണത്തിനു ക്രൈസ്തവ ദേവാലയങ്ങള്‍ ഒരുങ്ങി. ഓശാന ഞായര്‍ ദിനം മുതല്‍ ഈസ്റ്റർ ഞായർ വരെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടക്കും. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയാണ് ഞായറാഴ്ചയുണ്ടാവുക.
എറണാകുളം ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളെല്ലാം കണ്ണനെ കണികണ്ടുണരുന്നതിനായുള്ള ഒരുക്കത്തിലാണ്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വിഷുവിളക്ക് ഉത്സവം ഞായറും തിങ്കളുമായി ആഘോഷിക്കും. രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, തെക്കൻ ചിറ്റൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം, തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, കലൂർ പാവക്കുളം മഹാദേവ ക്ഷേത്രം തുടങ്ങി പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിഷു ദിനമായ തിങ്കളാഴ്ച രാവിലെ ഭക്തരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
വിഷുക്കണിക്കുള്ള സാധനങ്ങൾ ശനിയും ഞായറുമായാണ് ആളുകൾ വാങ്ങുന്നത്. എറണാകുളം, ആലുവ തുടങ്ങി എല്ലാ പ്രധാന ചന്തകളിലും വിഷുവിഭവങ്ങൾ ഒരുക്കാനുള്ള സാധനങ്ങൾ നേരത്തെ തന്നെ എത്തി. കണിവെള്ളരി ഇത്തവണയും പ്രധാനമായി എത്തുന്നത് മൂവാറ്റുപുഴ തൃക്കളത്തൂരിൽ നിന്നാണ്. നേന്ത്രക്കായ വിപണിയും ഏറെ സജീവമാണ്. കണിക്കൊന്ന പലയിടങ്ങളിലും പൂത്തു നിൽക്കുന്നുണ്ടെങ്കിലും ആവശ്യക്കാർക്ക് ഇവ പ്രധാനമായും എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. കണ്ടാൽ യഥാർഥമെന്ന് തോന്നുന്ന ചൈനീസ് കണിക്കൊന്നയ്ക്കും ആവശ്യക്കാരേറെ. കണികാണാനുള്ള കൃഷ്ണവിഗ്രഹങ്ങളും ഇത്തവണ നേരത്തെ എത്തി. തൃപ്പൂണിത്തുറ മേഖലയിലാണ് കൃഷ്ണവിഗ്രഹങ്ങൾ കൂടുതലായി എത്തിയിട്ടുള്ളത്. ഓടക്കുഴൽ വായിക്കുന്നതും വെണ്ണ തിന്നുന്നതും രാധയ്ക്കൊപ്പമുള്ളതും ഗോക്കെളെ മേയ്ക്കുന്നതുമെല്ലാം അടങ്ങുന്ന വിഗ്രഹങ്ങളാണ് ഇവ. പാലക്കാട് ജില്ലയിൽ നിന്നാണ് ഇവ കൂടുതലായി എത്തിയിട്ടുള്ളത്. 80–100 രൂപ നിരക്കിൽ തുടങ്ങുന്ന വിഗ്രഹങ്ങൾ പേപ്പർ പൾപ്പിലും ഫൈബറിലും വരെ ലഭ്യമാണ്. ഇവയ്ക്ക് പക്ഷേ 500 രൂപ മുതൽ 7500 രൂപ വരെ നിരക്കാകും.
ജില്ലയിലെ എല്ലാ താലൂക്കിലും ഒരു പ്രധാന സപ്ലൈകോ വിൽപ്പനശാല വിഷു-ഈസ്റ്റർ ഫെയർ ആയി ഈ മാസം 19 വരെ പ്രവർത്തിക്കുന്നുണ്ട്. വിഷു ദിനവും ദുഃഖവെള്ളി ദിനവും ഒഴികെ മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിഷു – ഈസ്റ്റര്‍ സഹകരണ വിപണിയും എറണാകുളം ജില്ലയില്‍ തുടങ്ങിയിട്ടുണ്ട്.
നഗരജീവിതത്തിന്റെ തിരക്കിൽ ഇത്തവണയും സദ്യ ഓർഡർ കഴിക്കാൻ ഇഷ്ടപ്പെടുന്ന വലിയ വിഭാഗമുണ്ടെന്ന് കാറ്ററിങ് സ്ഥാപനങ്ങൾ പറയുന്നു. വലിയ ഡിമാന്‍ഡാണ് വിഷു സദ്യക്ക്. കാറ്ററിങ് സ്ഥാപനങ്ങളും ഹോട്ടലുകളും ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി. വിളമ്പാനുള്ള ഇലയും രണ്ടുതരം പായസവും ചോറും ഉൾപ്പെടെയുള്ള വിഭവങ്ങളാണ് സദ്യയിൽ. 250 മുതൽ 500 രൂപ വരെയുള്ള, 4–5 പേർക്കുള്ള ഓർഡറുകളാണ് കൂടുതലും. പായസവും കറികളും ഉൾപ്പെടെയുള്ളവ വെവ്വേറെ തിരഞ്ഞെടുക്കാനുള്ള മാർഗവും ഇത്തവണ ചില കാറ്ററിങ് സ്ഥാപനങ്ങൾ നൽകുന്നുണ്ട്.
‘മധ്യകേരളത്തിെല ശിവകാശി’ എന്നറിയപ്പെടുന്ന പറവൂര്‍ തന്നെയാണ് ഇത്തവണയും പടക്കവിപണിയുടെ കേന്ദ്രം. െമാത്തവിലയ്ക്ക് ലഭിക്കുന്നതിനാൽ പടക്കങ്ങൾ വാങ്ങാൻ ജില്ലയ്ക്ക് പുറത്തു നിന്നു വരെ ആളുകളെത്തുന്നു. ഹനുമാൻ ഹദയും ക്രിക്കറ്റ് ബാറ്റും വാരിയർ സ്ക്വാഡ് എന്നറിയപ്പെടുന്ന വാളും മുതൽ തോക്കിന്റെ ആകൃതിയിലുള്ള പിസ്റ്റൾ ഗൺ, തീ കൊടുത്താൽ മുകളിലേക്ക് പോകുന്ന ഹെലികോപ്റ്റർ, മയിലിന്റെ ആകൃതിയിൽ കാണുന്ന പീക്കോക്ക് തുടങ്ങി പുതിയകാലത്തെ എല്ലാ ‘പരിഷ്കാര’ങ്ങളോടെയുമുള്ള പടക്കങ്ങളുടെ വലിയ നിരയാണ് ഇത്തവണയുള്ളത്. അതിനൊപ്പം പരമ്പരാഗത കമ്പിത്തിരി, മത്താപ്പു, പൂത്തിരി, ചക്രം, ചാട്ട, റോക്കറ്റ് തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 6.30നാണ് ശുശ്രൂഷകൾ ആരംഭിക്കുന്നത്. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ രാവിലെ ഏഴിനാരംഭിക്കുന്ന ഓശാന ശുശ്രൂഷകളില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാര്‍മികനാകും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പഴമ്പിള്ളിച്ചാല്‍ സെന്റ് മേരീസ് പള്ളിയില്‍ രാവിലെ ഏഴിന് ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ കാര്‍മികനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് കത്തീഡ്രൽ ബസലിക്കയിൽ രാവിലെ ഏഴിന് ആഘോഷമായ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയുണ്ടാവും.
പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ, ദിവ്യബലി, പൂർണദിന ആരാധന എന്നിവയുണ്ടാകും. കാക്കനാട് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയിലെ ശുശ്രൂഷകളില്‍ മാര്‍ തട്ടില്‍ കര്‍മികത്വം വഹിക്കും. അന്നു വൈകുന്നേരം അഞ്ചിനാണ് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ പെസഹാ ശുശ്രൂഷകൾ ആരംഭിക്കുക. ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാർമികനാകും. ഫോർട്ട്കൊച്ചി സാന്താക്രൂസ് ബസിലിക്കയിൽ രാവിലെ ആറിന് പെസഹാ ശുശ്രൂഷകൾ ആരംഭിക്കും. സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വിശുദ്ധവാരത്തിലെ എല്ലാ ദിവസവും രാവിലെ എഴിന് ശുശ്രൂഷകള്‍ ആരംഭിക്കും.