
ബംഗളുരു: സ്വർണക്കടയിൽ നിന്ന് ഹാൾ മാർക്കിങിനായി കൊണ്ടുപോയ മൂന്ന് കിലോഗ്രാമിലധികം സ്വർണാഭരണങ്ങളുമായി ജീവനക്കാരനെ കാണാതായി. ഇയാളെ ഫോണിൽ വിളിച്ചിട്ട് പോലും കിട്ടുന്നില്ലെന്ന് കാണിച്ച് ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകി. 2.8 കോടിയോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. സ്വർണവുമായി ജീവനക്കാരൻ മുങ്ങിയെന്നാണ് അനുമാനം.
ബംഗളുരു സി.ടി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന മെഹ്ത ജ്വല്ലേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ രാകേഷ് കുമാറാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജ്വല്ലറിയിലെ ജീവനക്കാരനായിരുന്ന രാജസ്ഥാൻ സ്വദേശി രാജേന്ദ്രയെയാണ് കാണാതായത്. മറ്റ് സ്വർണക്കടകളിൽ നിന്ന് സ്വർണം വാങ്ങി ആഭരണങ്ങൾ നിർമിച്ചു കൊടുത്തിരുന്ന സ്ഥാപനമാണ് രാകേഷ് കുമാറിന്റെ മെഹ്ത ജ്വല്ലേഴ്സ് . ആഭരണം നിർമിച്ച ശേഷം അവയുടെ ഹാൾ മാർക്കിങ് സർട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കിയ ശേഷം ഇവ ഓർഡർ നൽകിയ അതത് ജ്വല്ലറികൾക്ക് തന്നെ കൈമാറുന്നതാണ് ഇവരുടെ രീതി. ഒരു വർഷമായി ഇവിടെ ജോലി ചെയ്യുന്നയാളാണ് ഇപ്പോൾ കാണാതായ രാജേന്ദ്ര.
ഹാൾ മാർക്കിങിന് വേണ്ടി ലാബിലേക്ക് ആഭരണങ്ങൾ കൊണ്ടുപോയിരുന്നതും പിന്നീട് അവ തിരികെ വാങ്ങിക്കൊണ്ട് വരുന്നത് രാജേന്ദ്രയായിരുന്നു. ഏതാനും ദിവസം മുമ്പ് 2.7 കിലോഗ്രാം തൂക്കം വരുന്ന ആഭരണങ്ങൾ ആദ്യം ലാബിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം 400 ഗ്രാം ആഭരണങ്ങളും കൊടുത്തുവിട്ടു. കഴിഞ്ഞ ദിവസം ഇവയെല്ലാം തിരികെ വാങ്ങിക്കൊണ്ട് വരാനും ഇയാളെ തന്നെ പറഞ്ഞയച്ചു.
ലാബിലെത്തിയ രാജേന്ദ്ര അവിടെ നിന്ന് 3.1 കിലോഗ്രാം ആഭരണങ്ങൾ കൈപ്പറ്റിയെങ്കിലും തിരികെ കടയിലെത്തിയില്ല. ഫോണിൽ വിളിച്ച് നോക്കിയപ്പോൾ കിട്ടുന്നതുമില്ല. തുടർന്നാണ് പരാതി നൽകിയത്. മോഷണക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]