
മുംബൈ: ഫെവിക്കോൾ കമ്പനി സ്ഥാപിച്ചിരുന്ന പരസ്യത്തിലെ ചിത്രത്തിനെതിരെ റെയിൽവെ അധികൃതർ രംഗത്തെത്തിയതിന് പിന്നാലെ നടപടി. മുംബൈയിലെ ബാന്ദ്ര വെസ്റ്റിൽ ബാന്ദ്ര റിക്ലമേഷൻ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന വലിയ പരസ്യ ബോർഡിലെ ചിത്രത്തിനെതിരെയാണ് വെസ്റ്റേൺ റെയിൽവെ അധികൃതർ രംഗത്തെത്തിയത്. വെള്ളിയാഴ്ച റെയിൽവെ അധികൃതർ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചതോടെ ശനിയാഴ്ച തന്നെ നടപടിയുമായി.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബോർഡ് സ്ഥാപിച്ചിരുന്നത്. ഫെവിക്കോൾ കമ്പനിയുടെ പരസ്യത്തിൽ മുംബൈയിസെ ഒരു തിരക്കേറിയ ലോക്കൽ ട്രെയിനിന്റെ പുറത്ത് തൂങ്ങി നിൽക്കുന്ന ഏതാനും ആളുകളുടെ ചിത്രമാണുള്ളത്. ഒപ്പം ട്രെയിനിന്റെ ബോഡിയിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യ വാചകവും. എന്നാൽ ഇത് അപകീർത്തികരമാണെന്നാണ് റെയിൽവെയുടെ നിലപാട്.
റെയിൽവെ മുമ്പെങ്ങും കാണാത്ത തരത്തിൽ അതിവേഗം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് വെസ്റ്റേൺ റെയിൽവെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ പ്രതികരിച്ചത്. അതുകൊണ്ടുതന്നെ പരസ്യം എത്രയും വേഗം മാറ്റണമെന്ന ആവശ്യവും റെയിൽവെ അധികൃതർ ഉന്നയിച്ചു. അടുത്തിടെ മാത്രം റെയിൽവെയിൽ വന്ന വലിയ മാറ്റങ്ങളെക്കുറിച്ചും റെയിൽവെ അധികൃതർ വിശദീകരിക്കുന്നു.
പരസ്യം പ്രദർശിപ്പിച്ചിരിക്കുന്ന സ്ഥലത്തിന്റെ ഉടമയെന്ന നിലയിൽ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപറേഷന് വെസ്റ്റേൺ റെയിൽവെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച കത്ത് നൽകി. ഇതോടെ പരസ്യം നീക്കം ചെയ്യാൻ അധികൃതർ കമ്പനിയോട് നിർദേശിക്കുകയായിരുന്നു. ശനിയാഴ്ച തന്നെ പരസ്യ ബോർഡ് എടുത്തുമാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]