
കനത്ത കടബാധ്യതയിൽ നിന്ന് കരകയറാൻ ഓഹരികൾ വിറ്റ് പണം സമാഹരിക്കാൻ ഒരുങ്ങി ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയ. എഫ് പി ഒയിലൂടെ 18,000 കോടി രൂപ സമാഹരിക്കാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പന വിജയിക്കുകയാണെങ്കിൽ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എഫ് പി ഒ ആയിരിക്കും അത്. 2020 ജൂലൈയിൽ യെഎസ് ബാങ്ക് 15,000 കോടി രൂപയുടെ ഓഹരി വില്പന നടത്തിയതാണ് ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ എഫ് പി ഒ. 2023 ഫെബ്രുവരിയിൽ അദാനി. എന്റർപ്രൈസസ് 20000 കോടി രൂപയുടെ എഫ് പി ഒ നടത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.
ഏപ്രിൽ 18ന് തുടങ്ങുന്ന എഫ് പി ഒ ഏപ്രിൽ 22 വരെ നീണ്ടുനിൽക്കും. 10 രൂപ മുതൽ 11 രൂപ വരെയാണ് ഓഹരി വില. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന കമ്പനിയാണ് വോഡഫോൺ ഐഡിയ. 2.38 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ആകെ കടം. കഴിഞ്ഞ എട്ടുവർഷമായി കമ്പനി നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 2022 -2023 സാമ്പത്തിവർഷം മാത്രം 29371 കോടി രൂപയാണ് കമ്പനിയുടെ ആകെ നഷ്ടം. പരസ്യം, മാർക്കറ്റിംഗ് എന്നീ ആവശ്യങ്ങൾക്കായി പണം നീക്കി വയ്ക്കാത്തത് മൂലം കമ്പനിയുടെ വരിക്കാരുടെ എണ്ണത്തിൽ കുത്തനെ കുറവുണ്ടാകുന്നതും തിരിച്ചടിയാണ്. കമ്പനിയുടെ ആകെ വരിക്കാരുടെ എണ്ണം 2019ഇൽ 333. 6 ദശ ലക്ഷം ആയിരുന്നു. ഡിസംബർ 2023 ആയപ്പോഴേക്കും അത് 215 ദശലക്ഷമായി കുത്തനെ കുറഞ്ഞു. വോഡഫോൺ ഐഡിയ നേരിടുന്ന പ്രതിസന്ധി ഗുണം ചെയ്തത് റിലയൻസ് ജിയോക്കും ഭാരതി എയർടെല്ലിനുമാണ്.
എഫ് പി ഒ വഴി പണം സമാഹരിക്കുന്നതിലൂടെ വരിക്കാരുടെ എണ്ണം കൂട്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ വോഡഫോൺ ഐഡിയയ്ക്ക് നടപ്പാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ. പക്ഷേ അതേസമയം തന്നെ 1.4 ലക്ഷം കോടി രൂപയുടെ കടബാധ്യതയുള്ള കമ്പനിക്ക് പതിനെണ്ണായിരം കോടി രൂപയുടെ എഫ് പി ഒ നടത്തിയാലും നിലവിലെ പ്രതിസന്ധി മറികടന്ന് പിടിച്ചുനിൽക്കാൻ ആകുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.
എന്താണ് എഫ് പി ഒ?
എഫ്പിഒ (ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ്) എന്നത് ഐപിഒക്ക് ശേഷം നിക്ഷേപകർക്ക് അധിക ഓഹരികൾ ഇഷ്യു ചെയ്യുന്നതാണ്. പുതിയ ഓഹരികൾ വാഗ്ദാനം ചെയ്തുകൊണ്ടോ നിലവിലുള്ളവ വിറ്റ്കൊണ്ടോ കമ്പനികൾക്ക് അധിക മൂലധനം സമാഹരിക്കാനുള്ള ഒരു മാർഗമാണിത്.
Last Updated Apr 13, 2024, 12:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]