
ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഇന്നലെ അറസ്റ്റിലായ അബ്ദുൾ മത്തീൻ താഹയാണ് സ്ഫോടനം ആസൂത്രണം ചെയ്തെന്ന് എൻഐഎ. സ്ഫോടനത്തിന് മുമ്പ് ഒരാഴ്ചയോളം താഹ രാമേശ്വരം കഫേയിൽ സ്ഥിരമായി എത്തി. ഇപ്പോൾ അറസ്റ്റിലായ മുസാവിറിനെയും നേരത്തേ അറസ്റ്റിലായ സഹായി മുസ്സമ്മലിനെയും ചേർത്താണ് സ്ഫോടനത്തിന് പദ്ധതിയിട്ടത്. മുസ്സമ്മലിനെ ബോംബിനാവശ്യമായ ഐഇഡി എത്തിക്കാൻ ഏൽപിച്ചു.
മുസാവിറിനെ ബോംബ് വയ്ക്കാനും ചുമതലപ്പെടുത്തി. ബോംബ് വച്ച ശേഷം മുസാവിർ രക്ഷപ്പെട്ടത് താഹയുടെ നിർദേശപ്രകാരമുള്ള വഴിയിലൂടെയാണ്. അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കാൻ പല ബസുകൾ മാറിക്കയറിയാണ് ബെല്ലാരിയിലെത്തിയത്. അവിടെ നിന്ന് തമിഴ്നാട്ടിലേക്ക് കടന്നു. പിന്നീട് പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഒടുവിലാണ് കൊൽക്കത്തയിലെത്തിയതെന്ന് എന്‍ഐഎ പറയുന്നു. പ്രതികൾക്കായി എന്‍ഐഎ നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിവരങ്ങൾ നൽകുന്നതിന് പത്ത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്ന സൂചന എൻഐഎയ്ക്ക് ലഭിച്ചത്. മാർച്ച് ഒന്നിനാണ് ബെംഗളുരുവിലെ ബ്രൂക്ക് ഫീൽഡിൽ ഉള്ള രാമേശ്വരം കഫേയിൽ ഉച്ച നേരത്ത് ബോംബ് സ്ഫോടനം നടന്നത്.
അതേസമയം, കേന്ദ്ര ഏജൻസികളും ബംഗാള്‍ പൊലീസും സംയുക്തമായാണ് രാമേശ്വരം കഫേ സ്ഫോടനത്തിലെ പ്രതികളെ പിടികൂടിയതെന്ന് ബംഗാള്‍ പൊലീസ് അറിയിച്ചു. പൂര്‍വ മേദിനിപ്പൂരില്‍ വച്ചാണ് പ്രതികളെ പിടികൂടാനായത്. ബംഗാള്‍ പൊലീസിന്റെ പങ്ക് കേന്ദ്ര ഏജൻസികള്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ബിജെപി വക്താവ് അമിത് മാളവ്യ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ബംഗാള്‍ പൊലീസ് സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു.
Last Updated Apr 13, 2024, 12:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]