
ചണ്ഡീഗഡ്: ഐപിഎല്ലില്‍ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് അഞ്ചാം ജയം തേടിയിറങ്ങുകയാണ്. പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍. ഗുജറാത്ത് ടൈറ്റന്‍സിനോട് കഴിഞ്ഞ മത്സരത്തിലേറ്റ തോല്‍വിയില്‍ നിന്ന് മോചനം റോയല്‍സ് ലക്ഷ്യമിടുന്നു. ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ അമ്പേ പാളി എന്ന് വിമര്‍ശിച്ചവര്‍ക്കെല്ലാം മറുപടി നല്കാന് സഞ്ജു തയ്യാറെടുക്കുമ്പോള്‍ പഞ്ചാബ് കിംഗ്സിനെതിരെ എങ്ങനെയാകും രാജസ്ഥാന് റോയല്‍സിന്റെ പ്ലേയിംഗ് ഇലവന്?
രാജസ്ഥാന് റോയല്‍സിന്റെ ബാറ്റിംഗ് നിരയില്‍ ഒരു മാറ്റവും ഇന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഫോമിലല്ലെങ്കിലും യശസ്വി ജയ്സ്വാള്‍ തന്നെ ജോസ് ബട്ലറുടെ ഓപ്പണിംഗ് പങ്കാളിയായി എത്തും. വണ്‍ഡൗണായി ക്യാപ്റ്റന്‍ സഞ്ജു സാംസണും നാലാം നമ്പറില്‍ റിയാന്‍ പരാഗും അഞ്ചാമനായി ഷിമ്രോന്‍ ഹെറ്റ്മെയറും വരുന്ന ബാറ്റിംഗ് ലൈനപ്പ് പഞ്ചാബിന്റെ നെഞ്ചിടിപ്പ് കൂട്ടും. ധ്രുവ് ജൂറെലിന്റെ ഫിനിഷ് കൂടി കണ്ടാല്‍ ബാറ്റിംഗ് നിരയില്‍ എല്ലാം പൂര്‍ത്തിയാകും. ബൗളിംഗ് നിരയിലാണ് കഴിഞ്ഞവട്ടം രാജസ്ഥാന് റോയല്‍സ് വിമര്‍ശനങ്ങളേറെയും കേട്ടത്. ട്രെന്‍ഡ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, രവിചന്ദ്ര അശ്വിന്, ആവേഷ് ഖാന് എന്നീ നാല്‍വര്‍ സംഘം പ്ലേയിംഗ് ഇലവനില്‍ ഉറപ്പ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കഴിഞ്ഞ കളിയില്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും 43 റണ്‍സ് വഴങ്ങിയ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലില്‍ ക്യാപ്റ്റന്‍ വിശ്വാസം തുടരാനാണ് സാധ്യത.
മൂന്ന് വിദേശികള്‍
പതിവുപോലെ മൂന്ന് വിദേശ താരങ്ങളെ ഇറക്കുന്ന രാജതന്ത്രം തന്നെയാവും സഞ്ജു സാംസണ് ഇന്നും സ്വീകരിക്കാന്‍ സാധ്യത. കേശവ് മഹാരാജ്, നാന്ദ്രേ ബര്‍ഗര്‍ എന്നീ വിദേശ ബൗളര്‍മാരെ ഇംപാക്ട് സബ് ആയി കരുതിവെക്കാന്‍ സഞ്ജു തയ്യാറായേക്കും. ബാറ്റിംഗിലാണ് ആവശ്യമെങ്കില്‍ റോവ്മാന്‍ പവലിനെ സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കാം. അതേസമയം പരിക്കിന്റെ പിടിയിലുള്ള പേസര്‍ സന്ദീപ് ശര്‍മ്മ കളിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. ചണ്ഡീഗഡില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്ക് പഞ്ചാബ് കിംഗ്സ്- രാജസ്ഥാന് റോയല്‍സ് മത്സരം തുടങ്ങും. ഇന്ന് ജയിച്ച് ഒന്നാം സ്ഥാനത്ത് ലീഡ് ഉയര്‍ത്തുകയാണ് സഞ്ജുപ്പടയുടെ ലക്ഷ്യം.
Last Updated Apr 13, 2024, 11:09 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]