
മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇടം കിട്ടാനായി മുംബൈ ഇന്ത്യന്‍സ് നായകന് ഹാര്‍ദ്ദിക് പാണ്ഡ്യ പരിക്ക് മറച്ചുവെക്കുകയാണെന്ന ആരോപണവുമായി കമന്റേറ്ററും മുന്‍ ന്യൂസിലന്‍ഡ് താരവുമായ സൈമൺ ഡൂള്‍. മുംബൈയുടെ ആദ്യ രണ്ട് മത്സരങ്ങളിലും ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഹാര്‍ദ്ദിക് പിന്നീട് ബൗള്‍ ചെയ്യാത്തത് പരിക്ക് മൂലമാണെന്നും സൈമണ്‍ ഡൂള്‍ ക്രിക് ബസിനോട് പറഞ്ഞു.
മുംബൈയുടെ ആദ്യ രണ്ട് കളികളിലും പന്തെറിഞ്ഞ ഹാര്‍ദ്ദിക് പിന്നീട് രണ്ട് കളികളില്‍ പന്തെറിഞ്ഞിരുന്നില്ല. ബാക്കിയുള്ളവര്‍ നന്നായി എറിയുന്നുണ്ടെന്നും താന്‍ എറിയേണ്ട ആവശ്യമില്ലായിരുന്നുവെന്നുമാണ് ഹാര്‍ദ്ദിക് ഇതിനെക്കുറിച്ച് പറഞ്ഞത്. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെ ഒരോവര്‍ എറിഞ്ഞ ഹാര്‍ദ്ദിക് 13 റണ്‍സ് വഴങ്ങിയിരുന്നു. പിന്നീട് പന്തെറിഞ്ഞതുമില്ല.
ആദ്യ കളിയില്‍ എല്ലാവരെയും ബോധിപ്പിക്കാനായി ബൗളിംഗ് ഓപ്പണ്‍ ചെയ്തശേഷം പിന്നീട് എന്തുകൊണ്ട് ഹാര്‍ദ്ദിക് പന്തെറിയുന്നില്ല എന്നത് സംശയം ജനിപ്പിക്കുന്നതാണ്. ഹാര്‍ദ്ദിക്കിന് എന്തോ പരിക്കുണ്ടെന്ന് ഉറപ്പാണ്. അത് അംഗീകരിക്കാന്‍ അദ്ദേഹം പക്ഷെ തയാറല്ല. എന്നാല്‍ അദ്ദേഹത്തിന് പരിക്കുണ്ടെന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം-ഡൂള്‍ പറഞ്ഞു. സീസണില്‍ ഇതുവരെ എറിഞ്ഞ എട്ടോവറില്‍ 11.20 ഇക്കോണമിയില്‍ ഒരു വിക്കറ്റാണ് ഹാര്‍ദ്ദിക് നേടിയത്.
ബാറ്ററായി മാത്രം ഹാര്‍ദ്ദിക്കിന് ലോകകപ്പ് ടീമിലെത്താനാവില്ലെന്നും നാലോവര്‍ പന്തെറിയുക കൂടി ചെയ്യുമെങ്കില്‍ മാത്രമെ ഹാര്‍ദ്ദിക്കിന് ലോകകപ്പ് ടീമിലിടം കൊടുക്കാവു എന്നും ഡൂള്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദ്ദിക്ക് പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിച്ചിട്ടില്ല. ഐപിഎല്ലിലൂടെയാണ് ഹാര്‍ദ്ദിക് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയത്. ഇന്നലെ മുംബൈയില്‍ നടന്ന മത്സരത്തില്‍ ആര്‍സിബിയെ ഏഴ് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ബാറ്റിംഗിനിറങ്ങിയ ഹാര്‍ദ്ദിക് ആറ് പന്തില്‍ പുറത്താകാതെ 21 റണ്‍സെടുത്തിരുന്നു.
Last Updated Apr 12, 2024, 7:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]