
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ പ്രതി ടി എം എൻ നാരായണദാസിന് കോടതിയിൽ തിരിച്ചടി. വ്യാജ ലഹരിക്കേസിലെ പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിന് മുൻകൂർ ജാമ്യമില്ല. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ കോടതി തള്ളി. തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി പി പി സെയ്തലവിയാണ് പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഷീല സണ്ണിയെ കുടുക്കിയ ഫോൺകോളിന്റെ ഉറവിടം നാരായണദാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതാണ് കോടതിയിൽ നിർണായകമായത്.
ഷീല സണ്ണിയുടെ ബാഗിൽ ലഹരിയുണ്ടെന്ന രഹസ്യ വിവരം എക്സൈസിനെ അറിയിച്ചത് നാരായണദാസായിരുന്നു. പരിശോധനയിൽ എക്സൈസ് ഷീലാ സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തുകയും ചെയ്തു. ഷീലയോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ ചിലർ സ്കൂട്ടറിനുളളിൽ ലഹരിമരുന്ന് വെച്ചതാണെന്ന് പിന്നീട് കണ്ടെത്തിയതോടെയാണ് കേസിൽ ട്വിസ്റ്റുണ്ടായത്. കേസിൽ ഷീല സണ്ണി 72 ദിവസമാണ് ഒരു കാരണവുമില്ലാതെ ജയിലിൽ കിടന്നത്.
കേസും വിവരങ്ങളും ഇങ്ങനെ
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ കുടുക്കാന്‍ ബന്ധുവിന് സ്റ്റാമ്പ് കൈമാറുകയും എക്സൈസ് ഉദ്യോഗസ്ഥനായ സതീശന് വിവരം കൈമാറുകയും ചെയ്തത് ഇരിങ്ങാലക്കുട സ്വദേശി നാരായണ ദാസാണെന്ന് എക്സൈസ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അന്വേഷണ സംഘം അറസ്റ്റിലേക്ക് നീങ്ങുമെന്ന സൂചന വന്നതിന് പിന്നാലെയാണ് നാരായണ ദാസ് മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥന് വിവരം നല്‍കിയത് നാരായണ ദാസെന്ന് തെളിയിക്കുന്ന ഫോണ്‍ കോള്‍ വിവരങ്ങളടങ്ങുന്ന വിശദാംശങ്ങള്‍ പ്രോസിക്യൂഷന് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ ഹാജരാക്കി. നാരായണ ദാസിന് ഷീലാ സണ്ണിയുടെ മരുമകളുടെ ബന്ധുവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ വിവരങ്ങളും അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചു. പിന്നാലെയാണ് കോടതി മുന്‍ ജാമ്യം തള്ളിയത്. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെന്ന ബ്യൂട്ടിപാർലർ ഉടമയുടെ ജീവിതം കീഴ്മേൽ മറിഞ്ഞ സംഭവമുണ്ടായത്.
ബുക്കിലും ബാഗിലും എൽ എസ് ഡി സ്റ്റാമ്പുമായി അവരെ എക്സൈസ് സംഘം അറസ്റ് ചെയ്തു. പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ സ്റ്റാംപ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലിൽ കിടന്നത് 72 ദിവസമായിരുന്നു. എക്സൈസ് പ്രതിക്കൂട്ടിലായതോടെ വ്യാജ ലഹരിയുടെ സന്ദേശം വന്നത് എവിടെ നിന്നായി അന്വേഷണം. എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഉറവിടം കണ്ടെത്തി. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ്. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ പ്രതി ചേര്‍ത്തെങ്കിലും അന്വേഷണ സംഘത്തിനെതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ ചോദ്യം ചെയ്യല്‍ നീണ്ടു പോയിരുന്നു. പ്രതിയെ വൈകാതെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.
Last Updated Apr 13, 2024, 12:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]