
ചെന്നൈ: സംസ്ഥാന ബജറ്റ് ലോഗോയിൽ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്നാട് സർക്കാർ. പകരം തമിഴ് അക്ഷരം ഉപയോഗിക്കാനാണ് തീരുമാനം. ത്രിഭാഷ പദ്ധതിയുടെ പേരിൽ കേന്ദ്രവുമായി ഏറ്റുമുട്ടുന്നതിനിടെ ആണ് സ്റ്റാലിന്റെ പുതിയ നീക്കം. രൂപ ചിഹ്നം ഒഴിവാക്കിയത് വിഘടനവാദത്തിനുള്ള പ്രോത്സാഹനമാണെന്ന് വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത് വന്നു. പ്രാദേശികവാദത്തിന്റെ മറവിൽ വിഘടനവാദ വികാരം പ്രോത്സാഹിപ്പിക്കുകയാണ് സ്റ്റാലിൻ സർക്കാരെന്നും അവർ കുറ്റപ്പെടുത്തി.
കേന്ദ്രത്തിനെതിരായ പോര് കൊഴുപ്പിക്കാൻ രൂപയും ആയുധമാക്കുകയാണ് എം.കെ.സ്റ്റാലിൻ. സംസ്ഥാന ബജറ്റ് ലോഗോ അവതരിപ്പിച്ചുള്ള പോസ്റ്റിലാണ് തമിഴ്നാട് മുഖ്യമന്ത്രി ദേവനാഗരി ലിപിയിലുള്ള രൂപ ചിഹ്നം ഒഴിവാക്കിയത്. പകരം തമിഴ് അക്ഷരമാലയിലെ രൂ ചേർത്താകും ബജറ്റ് രേഖ. 2010 ജൂലൈയിൽ ഔദ്യോഗിക രൂപ ചിഹ്നം രാജ്യത്ത് അംഗീകരിച്ച ശേഷം ഒരു സംസ്ഥാനം വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് ആദ്യമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ ബിജെപി ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കുന്നെന്ന വാദം ശക്തമാക്കുന്നതിനിടെയാണ് സ്റ്റാലിന്റെ പുതിയ നീക്കം. വിഷയത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
സംസ്ഥാന സർക്കാർ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി. ബജറ്റ് രേഖയിൽ നിന്ന് ദേശീയ ചിഹ്നം ഒഴിവാക്കിയത് രാജ്യത്തിന്റെ ഐക്യത്തിന് എതിരാണ്. തമിഴ് യുവാവിൻ്റെ സർഗാത്മക സംഭാവനയോടുള്ള അവഹേളനമാണിതെന്നും അവർ പറഞ്ഞു. ഡിഎംകെ മുൻ എംഎൽഎയുടെ മകനും ഐഐടി പ്രൊഫസറുമായ ഉദയകുമാർ രൂപകല്പന ചെയ്തതാണ് രൂപ ചിഹ്നം. ഇന്ത്യ മുഴുവൻ അംഗീകരിച്ച ഈ രൂപ ചിഹ്നം വേണ്ടെന്ന് വയ്ക്കുന്ന സ്റ്റാലിൻ വിഡ്ഢിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ വിമർശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]