
ഹൈദരാബാദ്: ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. ബെല്ലാരി സ്വദേശി ഷബീർ എന്നയാളെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്ഫോടനക്കേസ് പ്രതി നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കണ്ട് സംസാരിച്ചുവെന്ന് കരുതുന്നയാളെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
നേരത്തേ നഗരത്തിലെ വിവിധ സിസിടിവികൾ പരിശോധിച്ചതിൽ നിന്ന് പ്രതി പല ബിഎംടിസി ബസ്സുകൾ മാറിക്കയറിയിരുന്നെന്ന് കണ്ടെത്തിയിരുന്നു. ശേഷം തുമക്കുരുവിലെത്തിയ പ്രതി അവിടെ വച്ച് വസ്ത്രം മാറി. ഒരു ആരാധനാലയത്തിൽ കയറി. തിരിച്ചിറങ്ങിയ ശേഷം ബെല്ലാരിയിലേക്കുള്ള ബസ്സ് കയറിയെന്നും എൻഐഎ അന്വേഷണത്തിൽ വ്യക്തമായി.
വിവിധ ഐസിസ് ഗൂഢാലോചനക്കേസുകളിൽ അറസ്റ്റിലായ പ്രതികളെ എൻഐഎ ജയിലിലെത്തി കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയായിരുന്നു. 2023 ഡിസംബറിൽ ബെല്ലാരി ഐസിസ് മൊഡ്യൂൾ കേസിൽ അറസ്റ്റിലായ മിൻഹാജ് അഥവാ മുഹമ്മദ് സുലൈമാൻ എന്നയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒരാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് സൂചന. മാർച്ച് ഒന്നിനാണ് ബെംഗളുരു നഗരത്തെത്തന്നെ ഞെട്ടിച്ച് ബ്രൂക്ക് ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ ബോംബ് സ്ഫോടനമുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]