
കോഴിക്കോട്: തന്റെ ഭാര്യയുടെ ഓര്‍മക്കായി വെറുതെ എന്തെങ്കിലും ചെയ്യുക എന്നതായിരുന്നില്ല കണ്ണഞ്ചേരി അനീസ് മന്‍സിലില്‍ പി.പി ആലിക്കോയയുടെ ലക്ഷ്യം. എക്കാലവും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള സ്മാരകം ആമിനബിയുടെ പേരില്‍ ഒരുക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഒടുവില്‍ തന്റെ പ്രിയ പത്നിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ തന്നെ അദ്ദേഹം ആ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കി. സ്ഥലസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്കും ഫ്ളാറ്റുകളില്‍ ഉള്‍പ്പെടെ താമസിക്കുന്നവര്‍ക്കും മയ്യത്ത് കുളിപ്പിക്കാനും പൊതുദര്‍ശനത്തിനും ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടുള്ള കെട്ടിടം കോതി കണ്ണംപറമ്പ് ഖബര്‍സ്ഥാനോട് ചേര്‍ന്ന് നിര്‍മിച്ചു. മാര്‍ച്ച് 11ാം തീയ്യതിയായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം.
വിദേശ രാജ്യങ്ങളില്‍ ഉള്ളതിന് സമാനമായ രീതിയില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. മരിച്ചവരെ ആശുപത്രിയില്‍ നിന്നോ വീടുകളില്‍ നിന്നോ ഇവിടെയെത്തിച്ചാല്‍ ഒരു പൈസ പോലും ചിലവിടാതെ മയ്യിത്ത് കുളിപ്പിക്കാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് മയ്യത്ത് നമസ്കാരത്തിനും സൗകര്യമുണ്ട്.
15 ലക്ഷത്തിലേറെ രൂപ ചിലവഴിച്ചാണ് നിര്ധനരായവര്ക്കും സ്ഥലപരിമിതിയുള്ളവര്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന ഈ സംവിധാനം ഒരുക്കിയത്. പൂര്‍ണമായും സൗജന്യമായാണ് സേവനങ്ങൾ. മയ്യത്ത് കുളിപ്പിക്കുന്നതിന് ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുളിപ്പിക്കുന്നവര്‍ക്ക് അതിന് ശേഷം വൃത്തിയാവാനുള്ള സൗകര്യവും സജ്ജീകരിച്ചു. വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഇത്തരം സൗകര്യങ്ങള്‍ നമ്മുടെ നാട്ടില്‍ വിരളമാണെന്ന് ആലിക്കോയ പറയുന്നു. തന്റെ ഭാര്യയുടെ ചരമവാര്‍ഷിക ദിനത്തില്‍ തന്നെ ആഗ്രഹം സഫലമായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇദ്ദേഹം. മക്കളായ സഫ്രസലി, സിറാസലി, ഡോ. സാഹിറലി, ഹിജ്നത്ത്, ഹാദിയത്ത്, ഹസ്നത്ത് എന്നിവരും പൂര്‍ണ പിന്തുണയേകി.
Last Updated Mar 12, 2024, 6:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]