

ആഗോള വിപണി വില റബര്‍ കര്‍ഷകര്‍ക്ക് ഉറപ്പാക്കണം : പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ച് ജോസ് കെ മാണി
സ്വന്തം ലേഖകൻ
കോട്ടയം : ആഗോള വിപണിയിലുള്ള റബര്‍ വില കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി കത്തയച്ചു. ആഗോള വിപണിയില്‍ 216 രൂപയാണ് സ്വാഭാവിക റബറിന്റെ വില. ആഭ്യന്തരവിപണിയില്‍ സ്വാഭാവിക റബറിന് 168 രൂപ മാത്രമാണ് ലഭിക്കുന്നത്.
വിലയിലെ ഈ വിത്യാസം റബര്‍ കര്‍ഷകരോട് കാണിക്കുന്ന കടുത്ത അനീതിയാണ്. റബര്‍ വില പൂര്‍ണ്ണമായും നിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുന്ന അന്താരാഷ്ട്രകരാറുകളെയും, കയറ്റുമതി ഇറക്കുമതി നയങ്ങളെയും, വ്യാപാരനയങ്ങളെയും മാത്രം ആശ്രയിച്ചാണ് ഇന്ത്യയില്‍ റബറിന്റെ വില തീരുമാനിക്കപ്പെടുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആഗോളവിപണിയില്‍ ലഭിക്കുന്ന ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് ലഭിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വമായി രാജ്യത്തിനകത്ത് റബര്‍ വില ഇടിച്ചുതാഴ്ത്തുകയാണ്. അനിയന്ത്രിതമായി റബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നതുമൂലമാണ് രാജ്യത്തിനകത്ത് സ്വാഭാവിക റബറിന്റെ വിലയിടിയുന്നത്.
2022-23 ല്‍ മാത്രം 5.28 ലക്ഷം ടണ്‍ സ്വാഭാവിക റബറാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇത്തരം കര്‍ഷവിരുദ്ധനടപടികള്‍ കാരണം റബര്‍ കര്‍ഷകന്റെ ജീവിതം അനുദിനം ദുരിത പൂര്‍ണമായിത്തീര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ സ്വാഭാവിക റബറിനുള്ള വിലയെങ്കിലും കര്ഷകന് ഉറപ്പാക്കാനുള്ള ധാര്‍മ്മികമായ ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്.
ഇക്കാര്യം നിരന്തരം കേരളകോണ്‍ഗ്രസ് (എം) പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ന്യായമായ ഈ ആവശ്യം നടപ്പായില്ലെങ്കില്‍ റബര്‍ കര്‍ഷകര്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കുകയും റബറധിഷ്ഠിത സമ്പദ്വ്യവസ്ഥ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്നും ജോസ് കെ മാണി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]