ദില്ലി: ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് വലിയൊരു ഇന്നിംഗ്സാക്കി മാറ്റാന്‍ താരത്തിന് സാധിച്ചില്ല. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയുടെ അഭാവത്തിലാണ് സഞ്ജു ഓപ്പണറായി എത്തിയത്.
നേരിട്ട ആദ്യ ഏഴ് പന്തുകളില്‍ തന്നെ മൂന്ന് സിക്സറുകളും ഒരു ഫോറുമടക്കം 22 റണ്‍സാണ് സഞ്ജു നേടിയത്.
എന്നാല്‍ എട്ട് പന്തില്‍ 22 റണ്‍സ് എടുത്ത് നില്‍ക്കെ ഡീപ് മിഡ് വിക്കറ്റില്‍ ലൂറന് സ്റ്റീന്കാമ്പിന് ക്യാച്ച് നല്കി സഞ്ജു പുറത്താവുകയായിരുന്നു. നമീബിയന്‍ ബൗളര്‍ ബെന്‍ ഷിക്കോംഗോയുടെ പന്തിലായിരുന്നു സഞ്ജുവിന്റെ പുറത്താകല്‍.
സഞ്ജു പുറത്തായതിന് പിന്നാലെ ക്യാമറകള്‍ നമീബിയന്‍ ഡഗ് ഔട്ടിലേക്ക് തിരിഞ്ഞപ്പോള്‍ കണ്ട കാഴ്ച ശ്രദ്ധേയമായിരുന്നു.
നമീബിയയുടെ മെന്ററും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ ഗാരി കേര്‍സ്റ്റണ്‍ ആദ്യം ഗൗരവ ഭാവത്തിലായിരുന്നെങ്കിലും, വിക്കറ്റ് വീണതോടെ പൊട്ടിച്ചിരിക്കുന്നതാണ് കണ്ടത്. സഞ്ജുവിനെ പുറത്താക്കാന്‍ നമീബിയന്‍ സംഘം കൃത്യമായ പ്ലാന്‍ തയ്യാറാക്കിയിരുന്നുവെന്നും അത് വിജയിച്ചതിലുള്ള സന്തോഷമായിരുന്നു ആ ചിരിയെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
വീഡിയോ… pic.twitter.com/g3q2II2em8 — Nihari Korma (@NihariVsKorma) February 12, 2026 യുഎസ്എയ്ക്കെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മ്മ പുറത്തായതിന് സമാനമായ ഒരു തന്ത്രമാണ് നമീബിയ സഞ്ജുവിനെതിരെയും പ്രയോഗിച്ചത്. സഞ്ജുവിനെ കുടുക്കാന്‍ മുന്‍കൂട്ടി നിശ്ചയിച്ച കെണിയില്‍ താരം വീഴുകയായിരുന്നു.
സഞ്ജു നേരത്തെ പുറത്തായെങ്കിലും പാകിസ്ഥാനെതിരെ ഓപ്പണറായി തന്നെ കളിച്ചേക്കും. ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടോസ് സമയത്ത് തന്നെ സൂചന നല്‍കിയിരുന്നു.
സൂര്യ പറഞ്ഞതിങ്ങനെ… ”അഭിഷേക് ഇപ്പോഴും അസുഖത്തില്‍ നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ല. ഒന്നോ രണ്ടോ മത്സരങ്ങള്‍ അഭിഷേകിന് നഷ്ടമാകും.
പകരം സഞ്ജു പ്ലേയിംഗ് ഇലവനിലെത്തി. അഭിഷേകിനെ പോലെ തകര്‍ത്തടിക്കുന്ന ബാററ്റാണ് സഞ്ജുവും.” ക്യാപ്റ്റന്‍ വ്യക്തമാക്കി.
അതേസമയം, നമീബിയക്കെതിരെ ഇന്ത്യ 93 റണ്‍സിന് ജയിച്ചിരുന്നു. ദില്ലി, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്.
ഇന്ത്യക്ക് ഇഷാന് കിഷന് (24 പന്തില്‍ 61), ഹാര്‍ദിക് പാണ്ഡ്യ (28 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. നമീബിയക്ക് വേണ്ടി ജര്‍ഹാര്‍ഡ് ഇറാസ്മസ് നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ നമീബിയ 18.2 ഓവറില്‍ 116ന് എല്ലാവരും പുറത്തായി. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

