
പാറ്റ്ന: വായ്പയെടുത്ത പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് സ്ഥിരം വീട്ടിലെത്തിയിരുന്ന ഏജന്റിനെ വിവാഹം ചെയ്ത് യുവതി. ഭർത്താവിന്റെ മദ്യപാനത്തിലും ഉപദ്രവത്തിലും പൊറുതിമുട്ടിയതു കൊണ്ടാണെന്നാണ് യുവതിയുടെ വാദം. ക്ഷേത്രത്തിൽ വെച്ച് ആചാരപ്രകാരം നടത്തിയ വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
ബിഹാറിലാണ് സംഭവം. ഇന്ദ്ര കുമാരി എന്ന യുവതി 2022ലാണ് നകുൽ ശർമയെ വിവാഹം ചെയ്തത്. എന്നാൽ ഭർത്താവിന്റെ അമിത മദ്യപാനം കാരണം എപ്പോഴും പ്രശ്നങ്ങളായിരുന്നത്രെ. ശാരീരിക പീഡനത്തിന് പുറമെ മാനസിക പീഡനവുമുണ്ടായിരുന്നെന്നും ഒട്ടും സഹിക്കാനാവാത്ത സ്ഥിതിയുണ്ടായെന്നും യുവതി പറയുന്നു. ഇതിന് പരിഹാരമായാണത്രെ സ്ഥിരമായി വീട്ടിലെത്തിയിരുന്ന ധനകാര്യ സ്ഥാപനത്തിലെ ഏജന്റിനെ വിവാഹം ചെയ്തത്.
പവൻ കുമാർ യാദവ് എന്ന ലോൺ റിക്കവറി ഏജന്റ് സ്ഥിരമായി വീട്ടിലെത്തിയിരുന്നത്രെ. ആദ്യമാദ്യം ഔദ്യോഗിക കാര്യങ്ങൾ മാത്രം സംസാരിച്ചിരുന്ന ഇയാൾ പിന്നീട് യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. ഇതിനൊടുവിലാണ് പ്രണയവും വിവാഹത്തിനുള്ള തീരുമാനവും. അഞ്ച് മാസത്തോളം ഇവർ ബന്ധം രഹസ്യമായി സൂക്ഷിച്ചു. ഫെബ്രുവരി നാലാം തീയ്യതി ബംഗാളിൽ താമസിക്കുന്ന ഇന്ദ്രയുടെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോയി. നാല് ദിവസം അവിടെ താമസിച്ചു.
ഫെബ്രുവരി 11ന് നാട്ടിലേക്ക് മടങ്ങിവന്ന് ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്യുകയായിരുന്നു. അചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകളെല്ലാം. നിരവധിപ്പേർ പങ്കെടുക്കുകയും ചെയ്തു. പവന്റെ കുടുംബാംഗങ്ങൾ ബന്ധത്തിന് എതിര് നിൽക്കുന്നില്ലെങ്കിലും ഇന്ദ്രയുടെ കുടുംബാംഗങ്ങൾ ഇരുവർക്കുമെതിരെ കേസ് കൊടുത്തു. എന്നാൽ വിവാഹം ചെയ്യാനുള്ള തീരുമാനം തന്റേത് മാത്രമാണെന്ന് യുവതി പറഞ്ഞു. കുടുംബാംഗങ്ങളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ ഇരുവരും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]