![](https://newskerala.net/wp-content/uploads/2025/02/Rajya-Sabha-1739431325247_1200x630xt-1024x538.jpg)
ദില്ലി: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ വഖഫ് നിയമ ഭേദഗതിയിലെ ജെപിസി റിപ്പോര്‍ട്ടിന് പാര്‍ലമെന്റിന്റെ അംഗീകാരം. ലോക് സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമായതോടെ പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പ് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കാമെന്ന് അമിത്ഷാ സമ്മതിച്ചു. ഇരുസഭകളുടെയും നടുത്തളത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തെ സഭാധ്യക്ഷന്മാര് രൂക്ഷമായി വിമര്‍ശിച്ചു.
ഏകപക്ഷീയമായി തയ്യാറാക്കിയെന്ന കടുത്ത വിമര്‍ശനങ്ങള്‍ക്കിടെയാണ് വഖഫ് നിയമഭേദഗതിയിലെ ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിലെത്തിയത്. ആദ്യം രാജ്യസഭയുടെ മേശപ്പുറത്ത്. അലയടിച്ച പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ച് അധ്യക്ഷന്‍ ജഗീപ് ധന്‍കര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചു.
വിയോജിപ്പ് അവഗണിച്ച റിപ്പോര്‍ട്ട് തിരിച്ചയക്കണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. ഖര്‍ഗെ കള്ളം പറയുകയാണെന്ന് സഭ നേതാവ് ജെപി നദ്ദയും പാർലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവും ജെപിസി ചെയര്മാന് കൂടിയായ ജഗദാംബിക പാല് എംപി റിപ്പോര്‍ട്ട് ലോക്സഭയില്‍ അവതരിപ്പിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഒടുവില്‍ പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പുകള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കാമെന്ന് അമിത് ഷാ ഉറപ്പ് നൽകി.
പ്രതിപക്ഷം നിര്‍ദ്ദേശിച്ച നാല്പതിലേറെ ഭേദഗതികള്‍ തള്ളിയ സംയുക്ത പാര്‍ലമെന്ററി സമിതി ഭരണപക്ഷം കൊണ്ടുവന്ന 15 ഭേദഗതികള്‍ അംഗീകരിച്ചാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് അംഗീകരിച്ച പശ്ചാത്തലത്തില്‍ വഖഫ് നിയമഭേദഗതി ബില്ല് മാര്‍ച്ച് 10ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ പാസാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]