തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹതകൾ നീങ്ങുന്നു. കേസിൽ കുഞ്ഞിന്റെ അമ്മാവനായ ഹരികുമാർ മാത്രമാണ് പ്രതിയെന്നാണ് പൊലീസ് ഉറപ്പിക്കുന്നത്. ഹരികുമാർ കുറ്റം സമ്മതിച്ചതായി കഴിഞ്ഞദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു.
ഹരികുമാറും കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയും സഹോദരിയുമായ ശ്രീതുവുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം രാത്രി ശ്രീതു ഹരികുമാറിന്റെ മുറിയിലെത്തിയിരുന്നു. എന്നാൽ കുഞ്ഞ് കരഞ്ഞതിനാൽ തിരികെ പോയി. ഇതാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സഹോദരി മുറിയിൽ തിരികെയെത്താത്തതിന്റെ ദേഷ്യത്തിൽ പുലർച്ചെ കുഞ്ഞിനെ ഹരികുമാർ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കഴിഞ്ഞ ജനുവരി 30ന് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറിനെ (25) പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതു അറസ്റ്റിലായി. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ നേരത്തെ ശ്രീതുവിനെതിരെ കേസെടുത്തിരുന്നു. ദേവസ്വം ബോർഡിൽ ഉന്നത ഉദ്യോഗസ്ഥയെന്ന് പറഞ്ഞായിരുന്നു ശ്രീതു സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ദേവസ്വം ബോർഡിൽ കരാർ അടിസ്ഥാനത്തിൽ പോലും ശ്രീതു ജോലി ചെയ്തിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശ്രീതുവിന്റെ അറസ്റ്റിന് പിന്നാലെ ഹരികുമാറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ സത്യാവസ്ഥ പുറത്തുവന്നത്. ഹരികുമാറിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. ഇയാളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.