![](https://newskerala.net/wp-content/uploads/2025/02/money.1.3137160.jpg)
മറയൂർ: ഭൗമസൂചികാ പദവി ലഭിച്ച മാധുര്യമേറിയ മറയൂർ ശർക്കര നിർമ്മിക്കുന്ന കരിമ്പ് കർഷകരുടെ ജീവിതം അത്ര മധുരതരമല്ല. വിപണിയിലുണ്ടായിരിക്കുന്ന വിലക്കുറവാണ് കർഷകരെ കയ്പ്നീര് കുടിപ്പിക്കുന്നത്. ഏഴ് വർഷം മുമ്പ് ലഭിച്ചിരുന്ന വിലയാണ് ഇപ്പോഴും ലഭിക്കുന്നത്.
കരിമ്പ് വെട്ടുകൂലി ഉൾപ്പെടെയുള്ള ഉത്പാദന ചെലവ് പോലും ലഭിക്കാത്തതിനെ തുടർന്ന് മൂപ്പെത്തിയ കരിമ്പ് പോലും കരിമ്പ് വിളവെടുക്കാതെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. കർഷകർക്ക് കഴിഞ്ഞ ഓണത്തിന് പ്രദേശത്ത് നിന്ന് ശർക്കര വിപണിയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
എം.എൽ.എ, എം.പി, പഞ്ചായത്ത് ജനപ്രതിനികൾ എന്നിവരോട് കാര്യങ്ങൾ ഉന്നയിച്ചെങ്കിലും ഒരു നടപടിയില്ല. മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചിട്ടും സർക്കാർതലത്തിൽ മറയൂർ ശർക്കരയെ സംരക്ഷിക്കാനും വിപണിയിൽ എത്തിക്കാനും നടപടിയില്ലാത്ത സ്ഥിതിയാണ്. കരിമ്പിൻ തോട്ടത്തിൽ കൃഷിജോലികൾക്കായി തൊഴിലാളികളെ കിട്ടാനില്ലെന്ന് കർഷകർ പറയുന്നു.
1500 ലേറെ ഏക്കറിൽ ഉണ്ടായിരുന്ന കരിമ്പ് ഇപ്പോൾ 300 ലേക്ക് ചുരുങ്ങി. കരിമ്പിൻ പാടങ്ങൾ തരിശു ഭൂമിയായി. മുതൽ മുടക്കാൻ ഉള്ളവർ കമുക് കൃഷി ചെയ്തു. കാലാവസ്ഥ വ്യതിയാനമാണ് കരിമ്പ് കർഷകർ നേരിടുന്ന മറ്റൊരു ഭീഷണി. കഴിഞ്ഞ വർഷമുണ്ടായ കനത്ത വേനലിൽ വലിയ തോതിൽ കരിമ്പ് കൃഷി ഉണങ്ങി നശിച്ചിരുന്നു. ഇതിന് വേണ്ട നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതി കർഷകർക്കുണ്ട്. കാട്ടുമൃഗ ശല്യവും കരിമ്പ് കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്.
വിലയിടിച്ച് തമിഴ്നാട് ശർക്കര
മറയൂരിൽ വ്യാപാരികൾ കാലങ്ങളായി മറയൂർ ശർക്കര മാത്രമാണ് വിപണിയിലെത്തിച്ചിരുന്നത്. അപ്പോഴെല്ലാം നല്ല വില ലഭിക്കുകയും കർഷകർ കരിമ്പ് കൃഷിക്ക് മുൻതൂക്കം നൽകി വരികയും ചെയ്തു. കേരളത്തിലെ മാർക്കറ്റുകളിൽ മറയൂർ ശർക്കരയ്ക്ക് ഡിമാന്റും കൂടി. ഇതിനിടെയാണ് തമിഴ്നാട്ടിൽ നിന്നുള്ള ശർക്കരയുടെ കടന്നുവരവ്. വിലകുറവായതും നിലവാരം കുറഞ്ഞതുമായ ശർക്കര മറയൂർ ശർക്കരയ്ക്കൊപ്പം കലർത്തി വിപണിയിലെത്തിച്ച് ഇവർ അധികം ലാഭം കൊയ്യുകയാണെന്ന് കർഷകർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുടർച്ചയായി കച്ചവടക്കാർ മറയൂർ ശർക്കരയെ അവഗണിക്കുകയും വില താഴ്ത്തുകയുമാണെന്നുമാണ് കർഷകർ ആരോപിക്കുന്നത്. തമിഴ്നാട് ശർക്കരയുടെ പുളിപ്പ് രസം ഒഴിവാക്കാനായി ശർക്കരയിൽ പഞ്ചസാരയും കുമ്മായവും ചേർക്കുന്നതായി ആക്ഷേപമുണ്ട്. മറയൂരിലെ ഒന്നാം തരം ശർക്കരയ്ക്ക് പച്ചകലർന്ന ബ്രൗൺ നിറമാണ്. തമിഴ്നാട്ടിൽ നിന്നെത്തുന്ന ശർക്കരയിൽ മായം ചേർത്ത് ഈ നിറവും വ്യാജന്മാർ നിലനിർത്തുന്നു.