വാഷിംഗ്ടൺ: യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച ഉടൻ തുടങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഇന്നലെ നടത്തിയ 90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് പ്രഖ്യാപനം. ചർച്ചയ്ക്ക് പുട്ടിൻ സമ്മതമറിയിച്ചു. ഇരുരാജ്യങ്ങളിലേക്കും പരസ്പരം സന്ദർശനം നടത്താനും ട്രംപും പുട്ടിനും തീരുമാനിച്ചു. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായും ട്രംപ് ഫോൺ സംഭാഷണം നടത്തി. സമാധാന ചർച്ചകൾക്ക് യുക്രെയിനും തയ്യാറാണ്. ചർച്ചകൾക്ക് നേതൃത്വം നൽകാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നയിക്കുന്ന സംഘത്തിന് ട്രംപ് നിർദ്ദേശവും നൽകി.