![](https://newskerala.net/wp-content/uploads/2025/02/food.1.3137097.jpg)
പാലക്കാട്: ഫെബ്രുവരിയിൽ തന്നെ ചൂട് കടുത്തതും പ്രതികൂല കാലവസ്ഥയും കള്ളുല്പാദനത്തെ സാരമായി ബാധിക്കുന്നു. ഇനിയുള്ള മാസങ്ങൾ ചൂട് വർദ്ധിക്കുമെന്നതിനാൽ തെങ്ങുകളെ മുരടിപ്പിക്കുമെന്നതിനാൽ ചിറ്റൂരിലെ കളള് ചെത്തു വ്യവസായത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കുമോയെന്ന ആശങ്കയിലാണ് ചെത്ത്തൊഴിലാളികളും കർഷകരും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കളള് ഉല്പാദിപ്പിക്കുന്നതും തെങ്ങുകൾ ഉള്ളതുമായ മേഖലയാണ് ചിറ്റൂർ താലൂക്ക്. ഏറെ വർഷങ്ങളായി തെങ്ങുകളിൽ വിവിധ രോഗബാധ പടർന്നു പിടിക്കുന്നു. കാറ്റുവീഴ്ച, മഞ്ഞളിപ്പ്, വെള്ളീച്ച ആക്രമണം എന്നിവ മൂലം തെങ്ങുകൾ കൂട്ടത്തോടെ നശിക്കുകയാണ്. പുതിയ പൂക്കുല വരുന്നത് നാമമാത്രമാണ്. വലുപ്പത്തിലും എണ്ണത്തിലും ഏറെ കുറവായി. കുലകളിൽ മതിയായ അളവിൽ കളള് ലഭിക്കുന്നില്ല. ഒരു തെങ്ങിൽ അഞ്ചും ആറും മാട്ടങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് മൂന്നിൽ താഴെയായി. മൂന്നുലിറ്റർ വരെ കള്ള് ലഭിച്ചിരുന്നത് അരലിറ്ററിൽ താഴെ എത്തി.
ഇത്തരത്തിൽ ഗുരുതര പ്രതിസന്ധിയാണ് ചിറ്റൂരിലെ കള്ള് വ്യവസായം നേരിടുന്നത്. തെങ്ങുകളിൽ പടർന്നു പിടിക്കുന്ന രോഗ ബാധ ഫല പ്രദമായി നിയന്ത്രിക്കാൻ കൃഷിവകുപ്പിനോ മറ്റ് ബന്ധപ്പെട്ട വകുപ്പുകൾക്കൊ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് വലിയ തിരിച്ചടി ആയതായി കർഷകർ ചൂണ്ടികാട്ടുന്നു. ദിനം പ്രതി മൂന്നു ലക്ഷം ലിറ്റർ കള്ള് ഉല്പാദനത്തിന് എക്സൈസ് വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കള്ള് ഉല്പാദനം പലസ്ഥലത്തും നിലച്ചതിനാൽ നൂറ് കണക്കിന് ചെത്ത് തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. തൊഴിൽ നഷ്ടപ്പെട്ട ഇവർ മറ്റ് മേഖലകളിലേക്ക് തിരിയാൻ നിർബ്ബന്ധിതരായിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തെങ്ങുകളിൽ മതിയായ അളവിൽ കളള് ലഭിക്കാത്തതു കൊണ്ട് മൂന്നു മാസത്തിനിടെ നൂറുകണക്കിനു തൊഴിലാളികൾ തൊഴിൽ രഹിതരായി. ചൂട് കൂടിയതോടെ കള്ള് വില്പന വർദ്ധിച്ചിട്ടുണ്ട്. ഭൂരിഭാഗം കള്ള് കടത്തു പെർമിററുകളിലും പറഞ്ഞിട്ടുള്ള തെങ്ങുകൾ ചെത്തുന്നില്ല എന്ന സ്ഥിതിയും നിലനിലവിലുണ്ട്. എന്നിട്ടും കള്ളു വണ്ടികളിൽ കള്ള് ഒഴുകുന്നത് സംബന്ധിച്ച് എക്സൈസ് വകുപ്പ് മൗനം പാലിക്കുകയാണെന്ന ആരോപണവും ശക്തമാണ്.