![](https://newskerala.net/wp-content/uploads/2025/02/beena-sebastian_1200x630xt-1024x538.png)
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാമം മേധാവി കെഎൻ ആനന്ദകുമാറിനൊപ്പം, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്റെ പങ്കിനെ കുറിച്ചും സമഗ്രാന്വേഷണത്തിന് ക്രൈംബ്രാഞ്ച്. മുഖ്യപ്രതി അനന്തുകൃഷ്ണന് രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷന്റെ അധ്യക്ഷയായ ബീനയ്ക്ക് തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ സൂചന കിട്ടിയിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ സാമ്പത്തിക ഇടപാടുകളുമായി ഒരു ബന്ധവും തനിക്കില്ലെന്നാണ് ബീന ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
മധ്യകേരളത്തിലെ അറിയപ്പെടുന്ന എന്‍ജിഒ പ്രവര്‍ത്തകരിലൊരാളാണ് ബീന സെബാസ്റ്റ്യന്‍. കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് എന്ന സംഘടനയ്ക്ക് നേതൃത്വം നല്കുന്ന ബീനയും അനന്തുകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട എന്‍ജിഒ കോണ്‍ഫെഡറേഷന്റെ മുഖമായിരുന്നു. മധ്യകേരളത്തിലും മലബാറിലും ഉടനീളം അനന്തുകൃഷ്ണന് സംഘടിപ്പിച്ച പാതിവില സാമഗ്രി വിതരണ പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു കോണ്‍ഫെഡറേഷന്റെ ചെയര്പേഴ്സന് കൂടിയായ ബീന.
എന്‍ജിഒകളെ അനന്തുകൃഷ്ണന്റെ കൂട്ടായ്മയിലേക്ക് ആകര്‍ഷിക്കാന്‍ കെഎന്‍ ആനന്ദകുമാറിനെ പോലെ തന്നെ പങ്കുവഹിച്ചയാളാണ് ബീന സെബാസ്റ്റ്യനെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എന്‍ജിഒ കോണ്‍ഫെഡറേഷനിലെ ബീനയുടെ സജീവമായ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ബീന സെബാസ്റ്റ്യന്‍ മൂന്നാം പ്രതിയായതും. എന്നാല്‍ തട്ടിപ്പില്‍ ബീനയ്ക്കു പങ്കുണ്ടോ എന്ന കാര്യം ഇനിയും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പക്ഷേ അനന്തുവിനെ പാടെ തള്ളിപ്പറയുകയാണ് ബീന സെബാസ്റ്റ്യന്‍. സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അനന്തു വ്യക്തമായ മറുപടി നല്‍കിയിരുന്നില്ലെന്നും എല്ലാം അനന്തു ഒറ്റയ്ക്കാണ് കൈകാര്യം ചെയ്തിരുന്നതെന്നുമാണ് ബീനയുടെ വിശദീകരണം. അഞ്ചു മാസം മുമ്പ് മൂവാറ്റുപുഴ പൊലീസ് അനന്തുവിന്റെ അക്കൗണ്ട് മരവിപ്പിക്കുന്ന ഘട്ടത്തില്‍ തന്നെ തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിരുന്നെന്നും ബീന ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിച്ചു.
അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മൂവാറ്റുപുഴ പൊലീസ് മരവിപ്പിക്കുന്നത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്. എന്നാല്‍ അതിനു ശേഷവും അനന്തുകൃഷ്ണന് സംഘടിപ്പിച്ച പരിപാടികളിലെല്ലാം ബീന സെബാസ്റ്റ്യന്‍ സജീവ സാന്നിധ്യമായിരുന്നു. ഇതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. അനന്തുവിനു വേണ്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ബീന സെബാസ്റ്റ്യന്‍ ശുപാര്‍ശകളുമായി പോയിരുന്നെന്ന ആരോപണം കേസിലെ മറ്റൊരു പ്രതിയും അനന്തുവിന്റെ നിയമോപദേശകയുമായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും ഉന്നയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]