![](https://newskerala.net/wp-content/uploads/2025/02/pic.1739409874.jpg)
ടെൽ അവീവ്: ഗാസയിൽ ജനുവരി 19ന് നിലവിൽ വന്ന വെടിനിറുത്തൽ കരാർ അനിശ്ചിതത്വത്തിൽ. ഇസ്രയേലി ബന്ദികളെ ശനിയാഴ്ച മോചിപ്പിച്ചില്ലെങ്കിൽ വീണ്ടും യുദ്ധം തുടങ്ങുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭീഷണി. നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ റിസേർവ് അംഗങ്ങളോട് തയ്യാറാകാൻ സൈന്യവും ഉത്തരവിട്ടു. തെക്കൻ ഇസ്രയേലിലേക്ക് അധിക സൈന്യത്തെയും വിന്യസിച്ചു. വെടിനിറുത്തൽ തകരുമോ എന്ന ഭീതിയിലാണ് ബന്ദികളുടെ കുടുംബങ്ങളും ഗാസയിലെ ജനങ്ങളും.
കരാർ പ്രകാരം 3 ബന്ദികളെയാണ് ശനിയാഴ്ച ഹമാസ് മോചിപ്പിക്കേണ്ടത്. ഇസ്രയേൽ കരാർ ലംഘനം നടത്തിയെന്നും ഇവരെ മോചിപ്പിക്കില്ലെന്നും ഹമാസ് ഈ ആഴ്ച ആദ്യം ഭീഷണി മുഴക്കിയിരുന്നു. പിന്നാലെ ശനിയാഴ്ച ഉച്ചയോടെ ഗാസയിലുള്ള ‘മുഴുവൻ ബന്ദികളേയും” (76 പേർ) മോചിപ്പിക്കണമെന്നും അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രയേലിലെ സുരക്ഷാ ക്യാബിനറ്റും ട്രംപിന്റെ അഭിപ്രായത്തെ പിന്തുണച്ചതോടെയാണ് നെതന്യാഹു രംഗത്തെത്തിയത്. എന്നാൽ മുഴുവൻ ബന്ദികളെയും മോചിപ്പിക്കണമെന്ന് നെതന്യാഹു പറഞ്ഞിട്ടില്ല.
ആറാഴ്ച നീളുന്ന ആദ്യഘട്ട വെടിനിറുത്തലിനിടെ 33 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഇസ്രയേൽ- ഹമാസ് ധാരണ. ഇതുവരെ 16 ഇസ്രയേലി ബന്ദികളെ ഹമാസ് വിട്ടയച്ചു. ബന്ദിയാക്കപ്പെട്ട 5 തായ്ലൻഡ് പൗരന്മാരെയും മോചിപ്പിച്ചു. പകരമായി നൂറുകണക്കിന് പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ സ്വതന്ത്രമാക്കി. രണ്ടാം ഘട്ടത്തിനായുള്ള ചർച്ചകളും തുടങ്ങി. 42 ദിവസം നീളുന്ന രണ്ടാം ഘട്ടത്തിൽ ഗാസയിലുള്ള എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കും. ഗാസയിൽ സ്ഥിരം വെടിനിറുത്തലും വരും.
കരാർ തുടരാൻ പ്രതിജ്ഞാബദ്ധരാണ്. സങ്കീർണതകളോ കാലതാമസമോ ഉണ്ടായാൽ ഉത്തരവാദി ഇസ്രയേലാണ്
– ഹമാസ്
എതിർപ്പുമായി ജോർദ്ദാൻ രാജാവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗാസയെ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി അവിടുത്തെ ജനങ്ങളെ മറ്റെവിടേക്കെങ്കിലും മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ എതിർത്ത് ജോർദ്ദാനിലെ അബ്ദുള്ള രാജാവ്. വാഷിംഗ്ടണിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് എതിർപ്പ് പരസ്യമാക്കിയത്. പാലസ്തീനികളെ കുടിയൊഴിപ്പിക്കാതെ ഗാസയെ പുനർനിർമ്മിക്കാനുള്ള പദ്ധതി ഈജിപ്റ്റ് തയ്യാറാക്കുന്നുണ്ടെന്നും സൂചിപ്പിച്ചു. എന്നാൽ ഗാസയെ യു.എസ് ഏറ്റെടുക്കുമന്ന തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപും വ്യക്തമാക്കി. പാലസ്തീൻ വിഷയം ചർച്ച ചെയ്യാൻ ഈ മാസം 27ന് അടിയന്തര അറബ് ഉച്ചകോടിക്ക് ഈജിപ്റ്റ് വേദിയാകും.