

First Published Feb 12, 2024, 11:06 PM IST
മസ്കറ്റ്: ഒമാനിൽ ഇന്ന് രാത്രിയിലും നാളെ വെളുപ്പിനേയും ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ എവിയേഷൻ പുറത്തിറക്കിയ മുന്നറിയിപ്പ്. കനത്ത മഴയിൽ ഇന്ന് അൽ ദാഹിറ ഗവർണറേറ്റിലെ നിരവധി പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. റുസ്താഖിലേക്കുള്ള ഇബ്രി റോഡ്, ഫിദ്ദയിലേക്കുള്ള ഡോട്ട്, അൽ സുനൈന മെയിൻ സ്ട്രീറ്റ്,യാങ്കുലിലേക്കുള്ള അൽ ഖുബൈബ് റോഡ്, ബുറൈമിയിലേക്കുള്ള അൽ ഫത്തേഹ്, ഇബ്രിയിലേക്കും സോഹാറിലേക്കുമുള്ള റോഡിൽ ഗതാഗതം തടസപ്പെട്ടു
അൽ ദഖിലിയ, വടക്കൻ അൽ ഷർഖിയ, തെക്കൻ അൽ ശർഖിയ, അൽ ദാഹിറ, വടക്കൻ അൽ ബത്തിന, തെക്കൻ അൽ ബത്തിന, മസ്കറ്റ്, അൽ ബുറൈമി എന്നീ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറുകളിൽ ഇടിമിന്നലൊട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ പറയുന്നു.
ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഇന്നും രാത്രിയും നാളെ പുലർച്ചെയും പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ പുറത്തുവന്ന അറിയിപ്പ്. വടക്കൻ അൽ ഷർഖിയ, തെക്കൻ അൽ ഷർഖിയ, മസ്കറ്റ്, അൽ ദഖിലിയ, തെക്കൻ അൽ ബത്തിന ഗവർണറേറ്റിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോഴും മഴ തുടരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. വടക്കൻ അൽ ബത്തിന, അൽ ദാഹിറ, അൽ ബുറൈമി, മുസന്ദം ഗവർണറേറ്റുകളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അൽ-ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെൻ്റിലെ റെസ്ക്യൂ സംഘം യാങ്കുളിലെ വിലായത്തിലെ താഴ്വരയിൽ മഴ മൂലം രൂപപ്പെട്ട വാദിയിൽ കുടിങ്ങിയ വാഹനത്തിൽ നിന്നും ആറു പേരെ രക്ഷച്ചതായി സിവിൽ ഡിഫൻസ്പ്ര അറിയിച്ചു. മഴയും കാറ്റും മൂലം കാലാവസ്ഥ പ്രതികൂലമായതിനാൽ താഴ്വരകൾ മുറിച്ചുകടക്കാതിരിക്കാനും താഴ്ന്ന സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കാനും ജനങ്ങൾ അതീവ ജാഗ്രത പുലർത്താനും സിവിൽ ഡിഫൻസ് അതോറിട്ടി പൊതുസമൂഹത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്.
ഒമാനില്‍ ഞായറാഴ്ച മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി 11 മുതല്‍ 14 വരെയാണ് രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുള്ളതായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ ഗവര്‍ണറേറ്റുകളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിന്റെ ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ പെയ്തേക്കും. വാദികള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ അറിയിപ്പുകളും മറ്റ് വിവരങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Last Updated Feb 12, 2024, 11:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]