
ന്യൂദല്‍ഹി – കര്‍ഷക പ്രക്ഷോഭത്തിനിടെ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രം സമ്മതിച്ചാതായി റിപ്പോര്‍ട്ട്. റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 2020-21 പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തില്‍നിന്നുള്ള പ്രതിനിധി സംഘം സമ്മതിച്ചു. തിങ്കളാഴ്ച വൈകീട്ട് കേന്ദ്രമന്ത്രിമാരും കര്‍ഷക നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സമരത്തിനിടെ ജീവന് നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കേന്ദ്രമന്ത്രിമാര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.
കര്‍ഷകരുടെ മറ്റ് വിവിധ ആവശ്യങ്ങളും യോഗത്തില്‍ കേന്ദ്ര മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, സ്വാമിനാഥന് കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്ഷന്, കാര്‍ഷിക കടം എഴുതിത്തള്ളല്‍, പോലീസ് കേസുകള്‍ പിന്‍വലിക്കല്‍, ലഖിംപൂര്‍ ഖേരിയിലെ ഇരകള്‍ക്ക് ‘നീതി’ എന്നിവയും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അക്രമം, ഭൂമി ഏറ്റെടുക്കല്‍ നിയമം 2013 പുനഃസ്ഥാപിക്കുക, ലോകവ്യാപാര സംഘടനയില്‍ നിന്ന് പിന്‍വാങ്ങുക തുടങ്ങിയ ആവശ്യങ്ങളും നടപ്പാക്കണം.
കര്‍ഷക സംഘടനകള്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ മന്ത്രിമാരെ ചര്‍ച്ചക്ക് നിയോഗിച്ചത്. ദല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ചൊവ്വാഴ്ചയാണ് കര്‍ഷക സംഘടകള്‍ ദല്‍ഹി ചലോ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. താങ്ങുവില നിയമം ഉള്‍പ്പെടെ കേന്ദ്രം നേരത്തെ നല്കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കര്‍ഷക സംഘടനകള്‍ സമരത്തിനിറങ്ങിയത്. കര്‍ഷക പ്രക്ഷോഭം കണക്കിലെടുത്ത് ഹരിയാന പ്രധാന റോഡുകളില്‍ കനത്ത നിയന്ത്രണങ്ങള്‍ ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ക്രമസമാധാനം ഉറപ്പാക്കാന്‍ പാഞ്ച്കുളയില്‍ 144 ഏര്‍പ്പെടുത്തി. ഈ മാസം 13 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, ഒന്നിച്ച് കൂടുതല്‍ എസ്എംഎസുകള്‍ അയക്കുന്നത്, എല്ലാ ഡോംഗിള്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
കര്‍ഷക മാര്‍ച്ചുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസും അതീവ ജാഗ്രതയിലാണ്.ദല്‍ഹിയുടെ എല്ലാ അതിര്‍ത്തികളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200ലധികം കര്‍ഷക സംഘടനകള്‍ ചേര്‍ന്നാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]