കുവൈത്ത് സിറ്റി: 2024 ജൂണിൽ 50 പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ മംഗഫ് തീപിടിത്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ തടവുശിക്ഷ കുവൈത്ത് കാസേഷൻ കോടതി മരവിപ്പിച്ചു.
അപ്പീലുകളിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെയാണ് ശിക്ഷ തടഞ്ഞുവെച്ചിരിക്കുന്നത്. തടവുശിക്ഷയ്ക്ക് പകരം 5,000 കുവൈത്തി ദിനാർ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.
അൽ-ബദാ കമ്പനി ഡയറക്ടർ മുഹമ്മദ് നാസർ അൽ-ബദ ഉൾപ്പെടെയുള്ള പ്രതികൾക്ക് അപ്പീൽ കോടതി വിധിച്ച ഒരു വർഷത്തെ കഠിനതടവാണ് കാസേഷൻ കോടതി റദ്ദാക്കിയത്. ഇതിന് പകരമായി ഓരോ പ്രതിയും 5,000 ദിനാർ കെട്ടിവെക്കണം.
നേരത്തെ ക്രിമിനൽ കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ഒരു വർഷമായി കുറച്ചിരുന്നു. മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.
നരഹത്യ കുറ്റത്തിന് മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം കഠിനതടവും, കള്ളസാക്ഷി പറഞ്ഞ രണ്ട് പേർക്കും പിടികിട്ടാപ്പുള്ളിയെ ഒളിപ്പിച്ച നാല് പേർക്കും ഒരു വർഷം വീതം കഠിനതടവും അപ്പീൽ കോടതി വിധിച്ചിരുന്നു. അപ്പീൽ കോടതിയുടെ വിധിയിൽ നിയമപരമായ പിഴവുകളുണ്ടെന്നും വസ്തുതകൾ കൃത്യമായി വിശകലനം ചെയ്തില്ലെന്നും കാണിച്ച് പ്രതിഭാഗം അഭിഭാഷകൻ സുൽത്താൻ ഹമദ് അൽ-അജ്മി നൽകിയ ഹർജിയിലാണ് പുതിയ ഉത്തരവ്.
മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 46 പേർ ഇന്ത്യക്കാരായിരുന്നു. അതിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.
കെട്ടിടത്തിലെ നിയമലംഘനങ്ങളും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ് ദുരന്തത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

