അരങ്ങേറ്റ സിനിമ കൊണ്ട് വിസ്മയിപ്പിച്ച ചിലരുണ്ട്, സംവിധായകരായും അഭിനേതാക്കളായും. എന്നാല്‍ ഒറ്റ സിനിമ കൊണ്ട് സൂപ്പര്‍താര പരിവേഷം ലഭിക്കാന്‍ ഭാഗ്യമുണ്ടായ അപൂര്‍വ്വം പേരേ കാണൂ. ബോളിവുഡ് താരം ഹൃത്വിക് റോഷന് അത്തരത്തില്‍ ഭാഗ്യം ലഭിച്ച ആളാണ്. സിനിമാ കുടുംബത്തില്‍ നിന്ന് വരുന്ന ഹൃത്വിക്കിനെ സംബന്ധിച്ച് എന്‍ട്രി സ്വാഭാവികമായ ഒന്നായിരുന്നു. എന്നാല്‍ ലഭിച്ച ആദ്യ അവസരം ഇത്രയും മനോഹരമായി അടയാളപ്പെടുത്തിയിടത്ത് അദ്ദേഹത്തിലെ കലാകാരനുള്ള മാര്‍ക്ക് പിശുക്കില്ലാതെ കൊടുക്കേണ്ടിവരും.
ആറാം വയസില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയ ആളാണ് ഹൃത്വിക്. നടനും സംവിധായകനുമായ രാകേഷ് റോഷന്റെ സ്വാധീനത്താല്‍ മുതിര്‍ന്നപ്പോള്‍ സംവിധാന മേഖലയിലേക്കും താല്പര്യം തോന്നി. അങ്ങനെ 1987 മുതല്‍ 1997 വരെ അച്ഛന്റെ തന്നെ നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ചെയ്യാന്‍ പോകുന്ന ഒരു ചിത്രത്തിന്റെ കഥ മകനോട് അച്ഛന് റോഷന് പലപ്പോഴായി പറഞ്ഞിരുന്നു. മുന്‍ അനുഭവത്താല്‍ ചിത്രത്തിലെ നായക കഥാപാത്രമായി ഖാന് ത്രയങ്ങളില്‍ ആരെങ്കിലുമായിരിക്കുമെന്നാണ് ഹൃത്വിക് കരുതിയത്. മനസിലുള്ളത് ഹൃത്വിക് അച്ഛനോട് തുറന്നുപറയുകയും ചെയ്തു. അച്ഛാ, ഈ കഥാപാത്രമായി ഇവരൊന്നും ശരിയാവില്ല. ഇവര്‍ ആദ്യ സിനിമകളില്‍ ചെയ്ത കഥാപാത്രങ്ങള്‍ പോലെയുണ്ട് ഇത്. രാകേഷ് റോഷന് അപ്പോള്‍ തന്റെ തീരുമാനം പറഞ്ഞു- ഇത് നിനക്കുള്ള വേഷമാണ്! കഹോ നാ പ്യാര് ഹെ ആയിരുന്നു ആ ചിത്രം.
അത് കേട്ടപ്പോള്‍ തനിക്കുണ്ടായ ഞെട്ടലിനെക്കുറിച്ച് ഹൃത്വിക് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കേട്ടയുടന്‍ സ്വന്തം മുറിയിലേക്ക് പോവുകായിരുന്നു അദ്ദേഹം. പിന്നാലെയെത്തിയ അച്ഛന് എന്തുപറ്റി എന്ന് ചോദിച്ചു. നിനക്ക് നാല് മാസം സമയമുണ്ടെന്ന് അച്ഛന് പറഞ്ഞു. എനിക്ക് ആറ് മാസം സമയം വേണമെന്ന് മകന് ആവശ്യപ്പെട്ടു. ഒരു തലമുറയെ ആദ്യ കാഴ്ചയില്‍ത്തന്നെ കീഴ്പ്പെടുത്തിക്കളഞ്ഞ ഒരു സിനിമയുടെയും താരത്തിന്റെയും ഉദയം അവിടെനിന്നായിരുന്നു. ഒരു ജനപ്രിയ താരത്തിന് വേണ്ട എല്ലാ ഘടകങ്ങളും ചേര്‍ന്ന കഥാപാത്രമായിരുന്നു രോഹിത് കുമാര്‍. നൃത്തവും ആക്ഷന്‍ രംഗങ്ങളും ഇമോഷണല്‍ നിമിഷങ്ങളുമൊക്കെ. അതിലെല്ലാം ഹൃത്വിക് കസറി.
ഏറ്റവമധികം വില്ക്കപ്പെട്ട കസറ്റുകളില്‍ ഒന്നായിരുന്നു കഹോ നാ പ്യാന്‍ ഹെയുടേത്. അതിന് കാരണം ഹൃത്വിക്കിന്റെ ചെറിയച്ഛന് രാജേഷ് റോഷന്റെ ഈണവും ഉദിത് നാരായണ്‍, ലക്കി അലി, ആശ ഭോസ്ലെ അടക്കമുള്ളവരുടെ ആലാപനവുമായിരുന്നു. സിനിമയുടെ റിലീസിന് രണ്ട് മാസം മുന്‍പ് മുംബൈയിലെ ഒരു ക്ലബ്ബില്‍ ബോളിവുഡിലെ മഹാരഥന്മാരുടെ മുന്നില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. മനോഹരമായ ഗാനങ്ങള്‍ക്കൊപ്പം ഫറ ഖാന്റെ കൊറിയോഗ്രഫിയില്‍ വിസ്മയം തീര്‍ത്ത ഹൃതിക്കിനെയുമൊക്കെ കണ്ട സദസ് അമ്പരന്നു. രാകേഷ് റോഷന് ഈ ചിത്രത്തിന്റെയും മകന്റെയും ഭാവി അന്നേ ഉറപ്പിച്ചു.
ജനപ്രീതി നല്കുന്ന അപൂര്‍വ്വ നേട്ടങ്ങളുടെ സൗഭാഗ്യം അറിഞ്ഞ ചിത്രമായിരുന്നു കഹോ നാ പ്യാര് ഹെ. 10 കോടി ബജറ്റില്‍ എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 80 കോടി ആയിരുന്നു. 90 ല്‍ അധികം പുരസ്കാരങ്ങള്‍ നേടിയ ചിത്രം ഏറ്റവും പുരസ്കൃതമായ സിനിമയ്ക്കുള്ള ലിംക ബുക്ക് ഓഫ് അവാര്ഡ്സിലും ഇടംപിടിച്ചിരുന്നു. സിനിമ പുറത്തിറങ്ങിയതിന് ശേഷമുള്ള വാലന്റൈന്‍സ് ദിനത്തില്‍ ഹൃത്വിക്കിനെ തേടിയെത്തിയത് 30,000 ല്‍ അധികം പ്രണയ ലേഖനങ്ങളാണെന്നാണ് അന്ന് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ചിത്രം സൃഷ്ടിച്ച ഓളം എത്രയെന്ന് ഇതില്‍ നിന്ന് മനസിലാക്കാം.
25 വര്‍ഷങ്ങള്‍ക്കിപ്പുറം തന്നിലെ നടനെ അടയാളപ്പെടുത്തുന്ന നിരവധി ചിത്രങ്ങളുടെ ഭാഗമായി ഹൃത്വിക് റോഷന്. കഭി ഖുഷി കഭി ഗം, കോയി മില്‍ ഗയ, ലക്ഷ്യ, ധൂം 2, ജോധാ അക്ബര്‍, ക്രിഷ്, സിന്ദഗി നാ മിലേഗി ദൊബാര, സൂപ്പര്‍ 30, വാര് എന്നിവയൊക്കെ അക്കൂട്ടത്തിലുണ്ട്. 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഹോ നാ പ്യാര് ഹെ വീണ്ടും തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. 25 വര്‍ഷത്തിനിപ്പുറമുള്ള കാണികളിലേക്ക് എത്തുമ്പോള്‍ അത്തരത്തില്‍ അവരതിനെ നോക്കിക്കാണുമെന്ന് തനിക്ക് ആശങ്കയുണ്ടെന്ന് ഹൃത്വിക് പറഞ്ഞിരുന്നു. അതൊരു ശരാശരി ചിത്രം മാത്രമാണെന്നാണ് ഇപ്പോള്‍ തനിക്ക് തോന്നുന്നതെന്നും. എന്നാല്‍ ആ അരങ്ങേറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് ഈ മികച്ച പെര്‍ഫോമറെ അളക്കേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ക്കറിയാം. കഹോ നാ പ്യാര് ഹെ അവരെ സംബന്ധിച്ച് ഒരു ഗൃഹാതുരതയും വികാരവുമാണ്.
ALSO READ : സംഗീതം വിഷ്ണു വിജയ്; ‘പ്രാവിന്കൂട് ഷാപ്പി’ലെ ഗാനം എത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]