മുംബയ്: കപിൽ ദേവിനെ കൊലപ്പെടുത്താൻ നിറതോക്കുമായി വീട്ടിലേക്ക് ചെന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ്. യൂട്യൂബർ സംദീഷ് ഭാട്ടിയക്ക് നൽകിയ അഭിമുഖത്തിലാണ് യോഗ്രാജ് സിംഗിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കപിൽ നായകനായിരുന്ന സമയത്താണ് താൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായത്. കപിൽ മനപൂർവം തന്നെ പുറത്താക്കിയതാണെന്ന് മനസിലായതോടെയാണ് തോക്കുമായി വീട്ടിൽ ചെന്നതെന്ന് യോഗ്രാജ് പറയുന്നു.
”കപിൽ ദേവ് ഇന്ത്യയുടെയും നോർത്ത് സോണിന്റെയും ഹരിയാനയുടെയും ക്യാപ്ടനായിരുന്ന സമയത്ത്, ഒരു കാരണവും കൂടാതെ എന്നെ തഴഞ്ഞു. ഇതേക്കുറിച്ച് കപിലിനോടു നേരിട്ടു ചോദിക്കണമെന്ന് എന്റെ ഭാര്യയ്ക്ക് (യുവരാജ് സിംഗിന്റെ അമ്മ) നിർബന്ധം. അന്ന് ഞാൻ പിസ്റ്റളുമെടുത്ത് ഭാര്യയെയും കൂട്ടി സെക്ടർ 9ലുള്ള കപിലിന്റെ വീട്ടിൽച്ചെന്നു. അമ്മയോടൊപ്പമാണ് കപിൽ വീടിനു പുറത്തേക്കുവന്നത്. ഞാൻ എന്റെ വായിൽ വന്ന ചീത്തയെല്ലാം കപിലിനെ വിളിച്ചു.
താങ്കൾ കാരണം എനിക്ക് നല്ലൊരു സുഹൃത്തിനെ നഷ്ടമായെന്ന് ഞാൻ കപിലിനോടു പറഞ്ഞു. ഈ ചെയ്തതിനെല്ലാം വിലകൊടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി. ഈ പിസ്റ്റളിലെ തിരകൾ നിങ്ങളുടെ തല തുളയ്ക്കുന്നത് എനിക്കു കാണണമെന്നുണ്ട്. പക്ഷേ, ഈ പാവപ്പെട്ട അമ്മയെ ഓർത്ത് ഞാൻ അതു ചെയ്യുന്നില്ല. അതും പറഞ്ഞ് ഭാര്യയേയും കൂട്ടി ഞാൻ മടങ്ങി. അന്ന് തീരുമാനിച്ചു ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന്. യുവി കളിക്കട്ടേയെന്നും മനസിലുറപ്പിച്ചു.”- യോഗ്രാജ് സിംഗ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]