തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ കൂട്ടനെല്ലൂർ സ്വദേശി യുദ്ധത്തിൽ കൊല്ലപ്പെട്ടു. കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കൾ അറിയിച്ചു. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരിക്കേറ്റതായി കൂടെയുണ്ടായിരുന്ന ജെയിൻ ബന്ധുക്കളെ അറിയിച്ചിരുന്നു. മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിൽ ബാബുവിന്റെ മരണവിവരം എത്തുന്നത്.
ബിനിലിനൊപ്പം റഷ്യയിൽ ജോലിക്ക് പോയ ജെയിൻ കുര്യനും യുദ്ധത്തിൽ പരിക്കേറ്റിട്ടുണ്ട്. ജെയിൻ മോസ്കോയിലെ ആശുപത്രിയിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ ജയിൻ ബന്ധുക്കൾക്ക് അയച്ചു കൊടുത്തിരുന്നു. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലും ജെയിനും റഷ്യയിലേക്ക് പോയത്.
ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. പിന്നീടാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസിലായത്.അവിടത്തെ മലയാളി ഏജന്റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്. മാസങ്ങൾക്ക് മുൻപ് തൃശൂർ സ്വദേശിയായ മറ്റൊരാളും യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. കല്ലൂർ നായരങ്ങാടി സന്ദീപ് ചന്ദ്രനാണ് (30) ഷെൽ ആക്രണത്തിൽ കൊല്ലപ്പെട്ടത്. മനുഷ്യക്കടത്ത് സംഘത്തിന്റെ തട്ടിപ്പിൽപ്പെട്ടാണ് പല യുവാക്കളും റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമായത്. റഷ്യൻ സെെന്യത്തിന്റെ അറിവോടെയാണ് ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തുന്നതെന്നാണ് അഭ്യൂഹങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]