
മുംബൈ – രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശിന്റെ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജൂറല്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ സ്ഥാനം പിടിച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള പതിനാറംഗ ടീമിലെ ഏക പുതുമുഖമാണ് ജൂറല്‍. ഇശാന് കിഷന് കളിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പകരക്കാരനെ തേടുകയാണ് സെലക്ടര്‍മാര്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിക്കറ്റ് കാത്ത കെ.എല്‍ രാഹുലിന് പുറമെ കെ.എസ് ഭരതും വിക്കറ്റ്കീപ്പറായി ടീമിലുണ്ട്. ഭരതിനെ തഴഞ്ഞാണ് ഇശാന് കിഷനെ പരിഗണിച്ചിരുന്നത്.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ പെയ്സ്ബൗളര്‍ മുഹമ്മദ് ഷമി ഇല്ല. ലോകകപ്പിന് ശേഷം ഷമി കളിച്ചിട്ടില്ല. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലും തിരിച്ചെത്തി. ജസ്പ്രീത് ബുംറയാണ് വൈസ് ക്യാപ്റ്റന്‍. മുഹമ്മദ് സിറാജ്, മുകേഷ്കുമാര്‍, അവേഷ് ഖാന്, രവീന്ദ്ര ജദേജ, ആര്. അശ്വിന് എന്നിവരാണ് മറ്റു ബൗളര്‍മാര്‍. അവേഷ് എട്ട് ഏകദിനങ്ങളും 19 ട്വന്റി20 യും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ ഇതുവരെ പ്ലേയിംഗ് ഇലവനിലെത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തിയ പ്രസിദ്ധ്കൃഷ്ണയെ തഴഞ്ഞു. പ്രസിദ്ധിന് പരിക്കുണ്ട്. ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം നടത്താനാവാതിരുന്ന ശാര്‍ദുല്‍ താക്കൂറും ടീമിലില്ല. പരിക്കേറ്റ ഓപണര്‍ ഋതുരാജ് ഗെയ്കവാദിനെയും ഒഴിവാക്കി.
ജൂറല്‍ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യ എ ടീമിന്റെ പര്യടനത്തില്‍ അര്‍ധ ശതകം നേടിയിരുന്നു. ഇംഗ്ലണ്ട് എ-ക്കെതിരായ പരമ്പരയില്‍ കളിക്കുകയാണ്. കേരളത്തിനെതിരെ കഴിഞ്ഞയാഴ്ച ആലപ്പുഴയില്‍ അര്‍ധ ശതകം നേടിയിരുന്നു. നാലു വര്‍ഷം മുമ്പ് അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ജൂറല്‍. ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിനു വേണ്ടി കളിച്ചു.
അശ്വിന് ടെസ്റ്റില്‍ 500 തികക്കാന്‍ 10 വിക്കറ്റ് കൂടി വേണം. 100 ടെസ്റ്റിലെത്താന്‍ അഞ്ച് മത്സരങ്ങള്‍ കളിക്കണം. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ച് ടെസ്റ്റുണ്ട്. 25ന് ഹൈദരാബാദിലാണ് ആദ്യ മത്സരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
