
അയോധ്യ രാമക്ഷേത്ര ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് ശ്രീരാമൻ എന്നയിരുന്നു അദ്വാനി പറഞ്ഞത്. ദൈവിക സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് പ്രതിഷ്ഠാ ചടങ്ങെന്ന് അദ്ദേഹം പറഞ്ഞു. ‘രാഷ്ട്രധർമ’ എന്ന മാസികയിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളുടെ പ്രതിനിധായാണെന്നും അദ്വാനി പറയുന്നു. 1990 സെപ്റ്റംബർ 25ന് വിവാദമായ ‘രഥയാത്ര’യ്ക്ക് നേതൃത്വം നൽകിയത് അദ്വാനിയായിരുന്നു. യാത്രയ്ക്കൊടുവിൽ 1992 ഡിസംബർ 6നാണ് ബാബറി മസ്ജിദ് തകർത്തത്. മസ്ജിദ് തകർക്കുന്ന സമയത്ത് അഡ്വാനിയും മുരളി മനോഹർ ജോഷിയും അയോധ്യയിലുണ്ടായിരുന്നു.
“അക്കാലത്ത് ഒരു ദിവസം അയോധ്യയിൽ ഒരു മഹത്തായ രാമക്ഷേത്രം നിർമ്മിക്കുമെന്ന് വിധി തീരുമാനിച്ചതായി എനിക്ക് തോന്നി.’രഥയാത്ര’ തുടങ്ങി ദിവസങ്ങൾക്ക് ശേഷം, ഞാൻ ഒരു സാരഥി മാത്രമാണെന്ന് എനിക്ക് മനസ്സിലായി. പ്രധാന സന്ദേശം യാത്ര തന്നെയായിരുന്നു. അത് രാമന്റെ ജന്മസ്ഥലത്തേക്ക് പോകുന്നതിനാൽ ആരാധന അർഹിക്കുന്ന ‘രഥം’ ആയിരുന്നു” അദ്വാനി പറയുന്നു.
ബി.ജെ.പിയുടെ മറ്റൊരു പഴയകാല നേതാവ് മുരളി മനോഹർ ജോഷിയുമായി സഹകരിച്ച് അദ്വാനിയുടെ ‘രഥയാത്ര’ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വർഗീയ കലാപത്തിലേക്ക് നയിച്ച ഒരു വിവാദ സംഭവമായി മാറിയിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകവും പരിവർത്തനപരവുമായ സംഭവം എന്നാണ് എൽകെ അദ്വാനി ഇതിനെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം സമർപ്പിക്കുമ്പോൾ അദ്ദേഹം ഇന്ത്യയിലെ എല്ലാ പൗരന്മാരെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും എൽകെ അദ്വാനി പറഞ്ഞു.
Story Highlights: LK Advani Praises PM Before Ayodhya Temple Event
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]