
പതിറ്റാണ്ടുകളായി മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്നൊരു പേരുണ്ട് മമ്മൂട്ടി. പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചു കൊണ്ട് അദ്ദേഹം ചെയ്യാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. അതിന് തെളിവാണ് കഴിഞ്ഞ രണ്ട് വർഷവും മമ്മൂട്ടി സിനിമകൾക്ക് ലഭിച്ച വിജയവും. തന്നിലെ നടനെ ഓരോ നിമിഷവും തേച്ചുമിനുക്കി എടുക്കുന്ന താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആയിരിക്കുകയാണ് ജയറാം ചിത്രം ഓസ്ലറിലെ അലക്സാണ്ടർ എന്ന കഥാപാത്രം. ഇപ്പോഴിതാ കാലങ്ങളായുള്ള കഥാപാത്രങ്ങളോടുള്ള തന്റെ ആർത്തിയാണ് ഓസ്ലറിലും തന്നെ എത്തിച്ചയെന്ന് പറയുകയാണ് മമ്മൂട്ടി.
“ഒരു കഥാപാത്രം ചെയ്തേക്കാം എന്ന് പറഞ്ഞ് ഒന്നും ചെയ്യില്ല. ചെയ്യണം എന്ന് കരുതി ചെയ്യുന്നതാണ്. അങ്ങനെയാണ് എല്ലാ സിനിമയും ചെയ്യാറ്. ചില സമയത്ത് ആ തീരുമാനങ്ങൾ ശരിയാകില്ല എന്നെ ഉള്ളൂ. ഓസ്ലറിലേക്ക് എത്തിച്ചതും കഥാപത്രം തന്നെയാണ്. കഥയുടെ ഔട്ട്ലൈൻ പറഞ്ഞപ്പോൾ, ഈ കഥാപാത്രം ഞാൻ അഭിനയിച്ചാൽ എങ്ങനെയാകും എന്ന് ഓർത്തു. കുറേകഴിഞ്ഞാണ് തീരുമാനം ഉണ്ടായത്. ഡെവിൾസ് ഓൾട്ടർനെറ്റീവ് എന്ന ഡയലോഗൊക്കെ ആസ്വദിച്ച് പറഞ്ഞവയാണ്”, എന്ന് മമ്മൂട്ടി പറയുന്നു.
“മമ്മൂക്ക ആ കഥാപാത്രം ചെയ്യുമെന്ന് മിഥുൻ വന്ന് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. എബ്രഹാം ഓസ്ലർ എന്ന ടൈറ്റിൽ കഥാപാത്രം ചെയ്യുന്നത് ഞാനാണ്. ആ സിനിമയിൽ മമ്മൂക്ക അഭിനയിക്കാൻ കാണിച്ച മനസൊന്ന് വേറെയാണ്. ആ കഥാപാത്രം ചെയ്യാൻ സമ്മതിച്ചത് എനിക്ക് വേണ്ടി തന്നെയാണ്”, എന്നാണ് ജയറാം പറയുന്നത്.
തന്നിലെ നടനെ കുറിച്ച് ചോദിച്ചപ്പോൾ, “നാൽപത്തി രണ്ട് വർഷമായി സിനിമയിൽ. ഇതൊരു ഭാരമായിരുന്നുവെങ്കിൽ എവിടെയെങ്കിലും ഇറക്കിവയ്ക്കില്ലേ. ഈ ഭാരം ചുമക്കുന്ന സുഖമാണ് സുഖം. സൂപ്പർ സ്റ്റാറുകൾക്ക് ഈ വേഷമേ ചെയ്യാവൂ എന്നൊന്നില്ലല്ലോ. ഓരോരുത്തർക്കും അവരവരുടെ താല്പര്യം കാണില്ലേ. ഞാൻ ഈ മെഗാസ്റ്റാർ എന്ന് പറഞ്ഞ് നടക്കുന്ന ആളുമല്ല. എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആർത്തി ഇപ്പോഴും അവസാനിച്ചിട്ടില്ല. കാതൽ പോലുള്ള സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ഞാൻ പേരൻപ് എന്ന സിനിമയിലെ അവസാന രംഗത്ത് വിവാഹം കഴിക്കുന്നത് ആരെയാണ് എന്ന് നിങ്ങൾ ഓർത്ത് നോക്കിയിട്ടുണ്ടോ. കാതലിന് മുൻപത്തെ കഥാപാത്രങ്ങളും അങ്ങനെയാണ്. ഞാൻ നടനാകാൻ ആഗ്രഹിച്ച ആളാണ്. ഇപ്പോഴും ആ ആഗ്രഹം കൊണ്ടുനടക്കുന്ന ആളാണ്. ഇതുവരെ പൂർത്തിയായിട്ടില്ലന്നെ ഉള്ളൂ”, എന്നാണ് മമ്മൂട്ടി പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]