
കോട്ടയം – ഏറ്റുമാനൂർ അടിച്ചിറയിൽ പ്രവാസി മലയാളിയെ വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസി(63)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ഭർത്താവിനെ കഴുത്തറുത്ത് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഭാര്യ ലിൻസി പറഞ്ഞു. തുടർന്ന് മകൻ ക്ലിൻസിനെയും അയൽവാസികളെയും വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് ഗാന്ധിനഗർ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് മൃതദേഹത്തിൽ കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയത്. സമീപത്ത് വിദേശനിർമിത കത്തിയും കണ്ടെത്തി. ഈ കത്തി ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചതെന്നാണ് നിഗമനം. കിടപ്പുമുറിയിലെ കട്ടിലിൽ ചാരിക്കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കഴുത്തിന്റെ ഇടതുവശത്തുനിന്നു താഴേയ്ക്കാണ് ആഴത്തിലുള്ള മുറിവുള്ളത്.
അബൂദബിയിൽ ഓയിൽ കമ്പനിയിൽ എൻജിനീയറായിരുന്ന ലൂക്കോസ് കഴിഞ്ഞ മെയിലാണ് ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയത്. നാളെ ഇദ്ദേഹത്തിന്റെ സഹോദരിയുടെ മകളുടെ വിവാഹനിശ്ചയം കണ്ണൂരിൽ നടക്കാനിരിക്കെയാണ് കുടുംബത്തെയും നാടിനെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ദുരൂഹ മരണം.
മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിന്റെ ദുരൂഹത നീക്കാൻ ഊർജിത അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി കെ.ജി അനീഷ്, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ഷിജി, കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ യു ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]