
ശവസംസ്കാരച്ചടങ്ങിന് ഓരോ രീതികളുണ്ട് അല്ലേ? എന്നാൽ, ആ രീതികളിൽ നിന്നെല്ലാം മാറിനടന്ന ഒരു യുവാവ് അടുത്തിടെ ആളുകളുടെ ആശ്ചര്യത്തിന് കാരണമായി. വാരണാസിയിലെ മണികർണിക ഘാട്ടിൽ പിതാവിന്റെ ശവസംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നു യുവാവ്. ശവസംസ്കാര സമയത്ത് അച്ഛന് യുവാവ് മദ്യവും, ബീഡിയും, പാനും നൽകിയതാണ് ആളുകളെ അമ്പരപ്പിച്ചത്.
എങ്കിലും, എന്തിനാണ് ചിതയിൽ മദ്യവും ബീഡിയും പാനും സമർപ്പിച്ചത് എന്ന ചോദ്യത്തിനും യുവാവിന് മറുപടി ഉണ്ടായിരുന്നു. അച്ഛന്റെ ആഗ്രഹങ്ങളൊന്നും പൂർത്തീകരിക്കാതെ പോകരുത് എന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. അത് പൂർത്തീകരിക്കാൻ വേണ്ടിയാണ് താൻ മദ്യവും ബീഡിയുമൊക്കെ നൽകിയത് എന്നാണ് മകന്റെ മറുപടി. ഇതിന്റെ വീഡിയോയും വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വീഡിയോയിൽ പിതാവിന്റെ ചിതയിലേക്ക് മകൻ മദ്യമൊഴിക്കുന്നതും ബീഡി വയ്ക്കുന്നതും പാൻ വയ്ക്കുന്നതും ഒക്കെ കാണാം.
ഓരോന്നായി നൽകിയ ശേഷം മകൻ പറയുന്നത്, അച്ഛന്റെ ഒരാഗ്രഹവും നടക്കാതെ പോകരുത് എന്നാണ്. അവിടെ കൂടിനിന്ന ഒരുപാടാളുകൾ യുവാവ് ചെയ്തതിനെ അംഗീകരിച്ചു. അവർ ‘ഹര ഹര മഹാദേവ’ എന്ന് ഉരുവിടുന്നതും കേൾക്കാം. സാധാരണയായി മരിച്ച മനുഷ്യർക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണം മരണശേഷം നൽകുന്ന പതിവുണ്ട്. അങ്ങനെയാകുമ്പോൾ അവരുടെ മരണാനന്തരയാത്രയെ അത് എളുപ്പമാക്കും എന്നാണ് കരുതുന്നത്. അപ്പോൾ പിന്നെ തന്റെ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട മദ്യം, ബീഡി, പാൻ എന്നിവ നൽകിയതിന് ഈ മകനെ കുറ്റം പറയാനൊക്കുമോ അല്ലേ?
ഏതായാലും, വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യുവാവിനെ എതിർത്തും വിമർശിച്ചും നിരവധിപ്പേരാണ് കമന്റുകളിട്ടത്. ഒരു വിഭാഗം പറഞ്ഞത് അച്ഛന് ഇഷ്ടപ്പെട്ട വസ്തുക്കൾ നൽകുന്നതിലൂടെ ആ യുവാവ് മകനെന്ന നിലയിൽ തന്റെ കടമ തന്നെയാണ് നിർവഹിച്ചത് എന്നാണ്. എന്നാൽ, ആചാരം അങ്ങനെയല്ല എന്നും, ആചാരം തെറ്റിച്ചു എന്നും പറഞ്ഞ് യുവാവിനെ എതിർക്കുകയാണ് മറ്റൊരു വിഭാഗം ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jan 12, 2024, 5:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]