പാലക്കാട്: കൊച്ചിയിലെ സിനിമാ ലൊക്കേഷനിലേക്ക് ലഹരിഗുളിക എത്തിക്കാൻ ശ്രമിച്ച വിദേശി പാലക്കാട് പിടിയിൽ. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലാണ് റഷ്യൻ പൗരന് പിടിവീണത്.
എക്സൈസിനും കേരള പൊലീസിനും പുറമെ വിവിധ കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം തുടങ്ങി. റഷ്യയിലെ സെവാസ്റ്റോപോൾ സ്വദേശി ഗ്രിഗോറാഷ് ചെങ്കോ ഇവാൻ ആണ് പിടിയിലായത്.
10 വർഷമായി ഇയാള് കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ വില്ലുപുരത്തെ ഔറോ വില്ലയിലാണ് താമസിക്കുന്നത്. കേരളത്തിലേയും തമിഴ്നാട്ടിലേയും സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ട്.
തമിഴ് സിനിമകളിലും പരസ്യ ചിത്രങ്ങളിലും ഡോക്യുമെൻ്ററികളിലും അഭിനയിച്ചുവെന്നാണ് അവകാശവാദം. വാളയാർ ചെക്ക് പോസ്റ്റിൽ എക്സൈസ് ടാസ്ക് ഫോഴ്സിൻ്റെ പരിശോധനയ്ക്കിടെയാണ് അന്തർസംസ്ഥാന ബസിൽ നിന്നും ഇവാൻ പിടിയിലായത്.
വിദേശ പൗരൻ കേരളത്തിലേക്ക് ലഹരി കടത്തുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് സ്ക്വാഡ് ഇൻസ്പെക്ടർ അജയകുമാറും സംഘവും ബസിന് കൈകാണിച്ചത്. യാത്രക്കാരനായ ഇവാന്റെ ബാഗിൽ അടുക്കിവെച്ച നിലയിൽ കണ്ടെത്തിയത് 23.475 ഗ്രാം ബുപ്രിനോർഫിൻ ഗുളികകളാണ്.
വിഷാദ രോഗത്തിന് കഴിക്കുന്ന മരുന്നാണെന്ന് ഉദ്യോഗസ്ഥരോട് ഇവാൻ പറഞ്ഞു. ഇത്രയധികം അളവ് ഗുളികകളെന്തിനെന്ന് മറുചോദ്യം.
ഉത്തരം മുട്ടിയതോടെ എല്ലാം തുറന്നു പറഞ്ഞു. ഏജൻ്റ് മുഖേന ബംഗളൂരുവിൽ നിന്നാണ് ഇത്രയധികം ഗുളിക ലഭിച്ചത്, കൊച്ചിയിലെത്തിയാൽ ബസ് തിരിച്ചറിഞ്ഞ് മറ്റൊരു ഏജൻ്റ് വന്ന് വാങ്ങും.
താൻ വെറും കാരിയർ മാത്രമാണെന്നും ഇവാൻ എക്സൈസിന് മൊഴി നൽകി. പ്രതി പറഞ്ഞത് അങ്ങനെ വിഴുങ്ങാൻ കഴിയില്ലെന്നാണ് എക്സൈസ് പറയുന്നത്.
ഇവാന് കേരളത്തിൽ ആരുമായാണ് ബന്ധം, സിനിമാ മേഖലയിൽ ആർക്കാണ് ഇവാൻ ഗുളികകളെത്തിക്കുന്നത്, കൊച്ചിയിലെ ഏജൻറ് ആരാണ് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ എക്സൈസും കേരള പൊലീസും അന്വേഷണം തുടങ്ങി. വിദേശ പൗരനായ ഇവാൻ്റെ അറസ്റ്റിന് പിന്നാലെ രാജ്യാന്തര ലഹരിക്കടത്തുമായി ബന്ധുമുണ്ടോയെന്ന് അന്വേഷിക്കാൻ വിവിധ കേന്ദ്ര ഏജൻസികളും കേരളത്തിലെത്തി വിവരങ്ങൾ ശേഖരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

