

ഒൻപതിൽ ഒൻപത് ; കോലിക്കും രോഹിത്തിനും വിക്കറ്റ് ; നെതർലൻഡ്സിനെ 160 റൺസിന് തോൽപ്പിച്ച് ഇന്ത്യ ; ഇന്ത്യ സെമി ഫൈനലിൽ
സ്വന്തം ലേഖകൻ
ബംഗളൂരു: ലോകകപ്പിൽ നെതർലൻഡ്സിനെ 160 റൺസിനു പരാജയപ്പെടുത്തിയ ഇന്ത്യ, ലീഗ് ഘട്ടത്തിൽ കളിച്ച ഒമ്പത് മത്സരങ്ങളും ജയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 410 റൺസെടുത്തു. നെതർലൻഡ്സിന്റെ മറുപടി 47.5 ഓവറിൽ 250 റൺസിന് അവസാനിച്ചു.
സെമി ഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞെങ്കിലും മാറ്റങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 100 റൺസ് ചേർത്തു. ഗിൽ (32 പന്തിൽ 51) പുറത്തായതിനു പിന്നാലെ രോഹിത്തും (54 പന്തിൽ 61) മടങ്ങിയെങ്കിലും, വിരാട് കോലിയുടെ (56 പന്തിൽ 51) അർധ സെഞ്ചുറി ഇന്നിങ്സിനു ബലമായി. ലോകകപ്പിലെ റൺവേട്ടയിൽ ക്വിന്റൺ ഡി കോക്കിനെ മറികടക്കാനും കോലിക്കു സാധിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോലി പുറത്തായ ശേഷം ശ്രേയസ് അയ്യരും കെ.എൽ. രാഹുലും ചേർന്നാണ് മികച്ച സ്കോറിലേക്കു നീങ്ങുകയായിരുന്ന ഇന്ത്യയെ കൂറ്റൻ സ്കോറിലേക്കു നയിച്ചത്. സെഞ്ചുറി നേടിയ ഇരുവരും നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 208 റൺസും ചേർത്തു.
ഇന്നിങ്സ് അവസാനിക്കാൻ ഒരു പന്ത് മാത്രം ശേഷിക്കെയാണ് 63 പന്തിൽ 102 റൺസെടുത്ത് രാഹുൽ പുറത്തായത്. 62 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ രാഹുൽ, ലോകകപ്പിൽ ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡും സ്വന്തം പേരിൽ കുറിച്ചു. ശ്രേയസ് 94 പന്തിൽ 128 റൺസുമായി പുറത്താകാതെ നിന്നു.
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ടീമിലെ ആദ്യ അഞ്ച് പേർ അമ്പത് റൺസിനു മുകളിൽ സ്കോർ ചെയ്യുന്നത്. ഈ ലോകകപ്പിലെ മോശമല്ലാത്ത പ്രകടനത്തിന്റെ ചില മിന്നലാട്ടങ്ങൾ മാത്രമാണ് മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സിനു പുറത്തെടുക്കാനായത്.
ഏഴാം നമ്പറിൽ കളിച്ച തേജ നിഡമാനുരു 39 പന്തിൽ 54 റൺസെടുത്ത് ടോപ് സ്കോററായി. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച രണ്ട് വിക്കറ്റ് വിരാട് കോലിയും രോഹിത് ശർമയും പങ്കിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]