റിയാദ്: ഗാസയിലെ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കണമെന്ന് റിയാദിൽ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടി. ഗാസ അക്രമണത്തെ ‘സ്വയം പ്രതിരോധം’ എന്ന് ഇസ്രായേൽ വിശേഷിപ്പിക്കുന്നതോ ന്യായീകരിക്കുന്നതോ സമ്മതിച്ചുതരാനാവില്ലെന്നും ഉച്ചകോടിയുടെ അന്തിമ പ്രസ്താവനയിൽ പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു.
പലസ്തീനികൾക്കെതിരായ ഇസ്രായേൽ നടപടികളെ സ്വയം പ്രതിരോധമായി ന്യായീകരിക്കുന്നത് തള്ളിക്കളയുകയാണ്. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം യുദ്ധക്കുറ്റമാണ്. അധിനിവേശ ഭരണകൂടത്തിന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ ഈ കൂട്ടക്കൊലകളെ ഉച്ചകോടി ശക്തമായി അപലപിക്കുന്നു. ഗാസയിലെ ഉപരോധം അവസാനിപ്പിക്കാനും അവിടേക്ക് മാനുഷിക സഹായം അനുവദിക്കാനും ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തിവയ്ക്കാനും പ്രസ്താവന ആവശ്യപ്പെട്ടു.
ഭാവിയിലെ പലസ്തീൻ രാഷ്ട്രത്തിൽ ഗാസയെ വെസ്റ്റ് ബാങ്കിൽ നിന്ന് വേറിട്ട് നിർത്തുന്ന ഏതൊരു നിർദ്ദേശവും തങ്ങൾ നിരസിക്കുന്നതായി അറബ്, മുസ്ലിം നേതാക്കൾ പറഞ്ഞു. കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി, പലസ്തീൻ രാജ്യത്തിന്റെ പ്രദേശമെന്ന നിലയിൽ ഗാസയുടെയും വെസ്റ്റ് ബാങ്കിന്റെയും ഐക്യത്തിന്റെ പ്രാധാന്യം അന്തിമ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
ഇസ്രയേലിന്റെ നിരോധിത ആയുധ പ്രയോഗത്തെ കുറിച്ച് അന്വേഷിക്കാൻ രാസായുധ നിരോധന സംഘടനയോട് സംയുക്ത അറബ്-ഇസ്ലാമിക് ഉച്ചകോടി ആവശ്യപ്പെടുന്നതായും പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ ജനതയ്ക്കെതിരായ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് ഉച്ചകോടി ആവശ്യപ്പെട്ടു.
Read Also – അടിച്ചു മോനേ; നമ്പറുകള്‍ തെരഞ്ഞെടുത്ത രീതി മനോജിന് വന്‍ ഭാഗ്യം കൊണ്ടുവന്നു, സമ്മാനമായി ലഭിച്ചത് 17 ലക്ഷം
അതേസമയം ഗാസയിൽ പരിക്കേറ്റ പലസ്തീനികളെ ചികിത്സിക്കാൻ താൽപ്പര്യമുള്ള ആരോഗ്യപ്രവർത്തകർക്കായി യുഎഇയിൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയതായി ആരോഗ്യവകുപ്പ് വെള്ളിയാഴ്ച അറിയിച്ചു. സോഷ്യൽ മീഡിയയിലും അധികൃതർ രജിസ്ട്രേഷൻ ലിങ്ക് പങ്കുവെച്ചിട്ടുണ്ട്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്-3 ഓപ്പറേഷന്റെ ഭാഗമായി യുഎഇ ഗാസയിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകരെ ക്ഷണിക്കുന്നത്. പേര്, ഫോൺ നമ്പർ, എമിറേറ്റ്സ് ഐഡി എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകണം. ഗാസയിലാണോ ഈജിപ്തിലാണോ അല്ലെങ്കിൽ രണ്ട് സ്ഥലങ്ങളിലുമാണോ സർവീസ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Nov 12, 2023, 1:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]